സിറിയന്‍ തീരത്ത് അഭയാര്‍ത്ഥി ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 76 പേര്‍ മരിച്ചു

സിറിയന്‍ തീരത്ത് അഭയാര്‍ത്ഥി ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 76 പേര്‍ മരിച്ചു

ഡമാസ്‌കസ്: സിറിയന്‍ തീരത്ത് അഭയാര്‍ത്ഥി ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 76 പേര്‍ മരിച്ചു. രക്ഷപ്പെട്ട 20 പേര്‍ ടാര്‍റ്റസ് നഗരത്തിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ചയായിരുന്നു അപകടം.

ലെബനീസ് തുറമുഖ നഗരമായ ട്രിപോളിക്ക് സമീപത്തെ മിന്‍യയില്‍ നിന്നാണ് ബോട്ട് പുറപ്പെട്ടത്. ലെബനന്‍, സിറിയന്‍, പലസ്തീനിയന്‍ പൗരന്മാരാണ് അപകടത്തില്‍പ്പെട്ടത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 120 പേര്‍ ബോട്ടിലുണ്ടായിരുന്നതായി കരുതുന്നു. അപകട കാരണം വ്യക്തമായിട്ടില്ല.

വ്യാഴാഴ്ച ഉച്ചയോടെയാണ് സിറിയന്‍ അധികൃതര്‍ ടാര്‍ട്ടസ് തീരത്ത് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 120നും 150നും ഇടയില്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നതായാണ് നിഗമനം. മരം കൊണ്ട് നിര്‍മ്മിച്ച ചെറിയ ബോട്ടിലാണ് ഇത്രയും പേരെ കുത്തിനിറച്ചത്.

ബോട്ടിലുണ്ടായിരുന്ന 45-ലധികം കുട്ടികളില്‍ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് ലെബനീസ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി അലി ഹാമിയെ അറിയിച്ചു. മെച്ചപ്പെട്ട ഭാവി സ്വപ്‌നം കണ്ട് കുടിയേറ്റക്കാരുടെ ബോട്ട് യൂറോപ്പിലേക്ക് പോകുകയായിരുന്നു എന്നാണ് സൂചന.

ലെബനനില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ ജനജീവിതം ദുരിതപൂര്‍ണമാണ്. പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. ലെബനീസ് പൗണ്ടിന്റെ മൂല്യം 90 ശതമാനത്തിലധികം ഇടിഞ്ഞു. ആയിരക്കണക്കിന് കുടുംബങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ഈ ദുരിത ജീവിതത്തില്‍ നിന്ന് രക്ഷപ്പെടാനാണ് പലരും കുടിയേറ്റത്തിനായി അപകടകരമായ മാര്‍ഗങ്ങള്‍ തേടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.