കുറഞ്ഞ ചെലവില്‍ സ്മാര്‍ട്ട് കൃത്രിമക്കാലുകള്‍ നിര്‍മ്മിച്ച് ഐ.എസ്.ആര്‍.ഒ; വന്‍ നേട്ടം

കുറഞ്ഞ ചെലവില്‍ സ്മാര്‍ട്ട് കൃത്രിമക്കാലുകള്‍ നിര്‍മ്മിച്ച് ഐ.എസ്.ആര്‍.ഒ; വന്‍ നേട്ടം

തിരുവനന്തപുരം: അംഗപരിമിതിയുളളവര്‍ക്കായി കൃത്രിമ സ്മാര്‍ട്ട് ലിമ്പ് വികസിപ്പിച്ചെടുത്ത് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഇസ്‌റോ). ഐ.എസ്.ആർ.ഒ വികസിപ്പിച്ച സ്‌മാർട്ട് ലിമ്പ് അഞ്ച് ലക്ഷത്തിൽ താഴെ വിലയ്‌ക്ക് വിൽക്കാം. സ്‌മാർട്ട് കൃത്രിമ കാലുകൾ ഇന്ത്യയിൽ ഇപ്പോൾ നിർമ്മിക്കാത്തതിനാൽ ഇറക്കുമതി ചെയ്യുമ്പോൾ 60 ലക്ഷം രൂപവരെയാണ് വില.

പുതുതായി പ്രഖ്യാപിച്ച സാങ്കേതികവിദ്യയെ മൈക്രോപ്രൊസസ്സര്‍ കണ്‍ട്രോള്‍ഡ് ക്നീസ് എന്നാണ് വിളിക്കുന്നത്. ഇത് മൈക്രോപ്രൊസസ്സറുകള്‍ ഉപയോഗിക്കാത്ത കൃത്രിമ അവയവങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ഫലം നല്‍കുമെന്നാണ് ഇസ്റോ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഏകദേശം 1.6 കിലോഗ്രാം ഭാരമുള്ള ഈ സ്മാര്‍ട്ട് കാലിന്റെ സഹായത്തോടെ അംഗപരിമിതിയുള്ളയാള്‍ക്ക് ചുരുങ്ങിയ പിന്തുണയോടെ 100 മീറ്ററോളം നടക്കാന്‍ സാധ്യമായെന്ന് ഇസ്രോ പറയുന്നു.

റോക്കറ്റുകളുടെ വിവിധ ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന മൈക്രോ പ്രൊസസ്സർ, ഹൈഡ്രോളിക് ഡാംപർ, ലോഡ് ആൻഡ് ക്‌നീ ആംഗിൾ സെൻസറുകൾ, കോമ്പോസിറ്റ് ക്‌നീ കെയ്സ്, ലിഥിയം അയൺ ബാറ്ററി, ഇലക്ട്രിക്കൽ ഹാർനെസ്, ഇന്റർഫേസ് ഘടകങ്ങൾ എന്നിവ ഉപയോഗിച്ചാണ് സ്‌മാർട്ട് ലിമ്പുകൾ വികസിപ്പിച്ചത്. ഉപഗ്രഹവിക്ഷേപണ റോക്കറ്റുകളിൽ ഉപയോഗിക്കുന്നതിന് ഐ.എസ്.ആർ.ഒ തന്നെ വികസിപ്പിച്ചെടുത്തതാണിത്. വിലയും ഭാരവും ഇതിന് കുറവാണ്. കൂടുതൽ കാലം നിലനിൽക്കുകയും ചെയ്യും.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോമോട്ടർ ഡിസെബിലിറ്റീസ്, ദീൻദയാൽ ഉപാദ്ധ്യായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേഴ്സൺസ് വിത്ത് ഫിസിക്കൽ ഡിസെബിലിറ്റീസ്, ആർട്ടിഫിഷ്യൽ ലിംബ് മാനുഫാക്ചറിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയുമായി ചേർന്ന് ഇത് വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിന് ഐ.എസ്.ആർ.ഒ യുടെ കീഴിലുള്ള വിക്രം സാരാഭായ് സ്‌പേസ് സെന്റർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.