എസ്ഡിപിഐയെയും നിരോധിച്ചേക്കും; പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

എസ്ഡിപിഐയെയും നിരോധിച്ചേക്കും; പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിന് പിന്നാലെ എസ്ഡിപിഐയെയും നിരോധിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് ആരാഞ്ഞിട്ടുണ്ട്.

കമ്മിഷന്റെ തീരുമാനത്തിന് അനുസരിച്ചാകും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം അനുസരിച്ചായിരിക്കണമെന്നാണ് ചട്ടം. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ പാര്‍ട്ടിയാണ് എസ്ഡിപിഐ.

നിരോധനത്തിന് പിന്നാലെ പിഎഫ്ഐ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സംഘടനയുടെ പ്രവര്‍ത്തകരെയും പിന്തുണയ്ക്കുന്നവരെയും നിരീക്ഷിക്കണമെന്നും നിരോധിത സംഘടനകളുടെ ഓഫീസുകള്‍ സീല്‍ ചെയ്യണമെന്നുമാണ് നിര്‍ദേശം.

കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ന് രാവിലെ സംസ്ഥാന ഇന്റലിജന്‍സ് എഡിജിപിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പിഎഫ്ഐയിലും അനുബന്ധ സംഘടനകളിലും പ്രവര്‍ത്തിച്ചവരെ നിരീക്ഷിക്കാന്‍ തീരുമാനമായിട്ടുണ്ട്. മറ്റ് ജില്ലാ പൊലീസ് മേധാവിമാര്‍ക്കാണ് ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി നിര്‍ദേശം.

ഓഫീസുകള്‍ സീല്‍ ചെയ്യാനെത്തുമ്പോള്‍ ഏതെങ്കിലും രീതിയിലുള്ള സംഘര്‍ഷം ഉണ്ടാവുകയാണെങ്കില്‍ അത് തടയാനുള്ള നടപടികള്‍ സ്വീകരിക്കാനും പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശമുണ്ട്. പോപുലര്‍ ഫ്രണ്ട് നിരോധനത്തെ തുടര്‍ന്ന് ഡല്‍ഹി ഷഹീന്‍ ബാഗില്‍ സംഘര്‍ഷം ഉടലെടുത്തു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

പോപ്പുലര്‍ ഫ്രണ്ടിനൊപ്പം റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 ഈ സംഘടനകള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി വ്യക്തമായ ബന്ധമുണ്ടെന്ന്  അന്വേഷണത്തില്‍  തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.