'ഖാഫിര്‍... ജീവനോടെ കത്തിക്കണം': വീട്ടില്‍ ദുര്‍ഗാ ദേവിയുടെ വിഗ്രഹം വച്ച മുസ്ലീം ബിജെപി നേതാവിന് വധ ഭീഷണി

'ഖാഫിര്‍... ജീവനോടെ കത്തിക്കണം': വീട്ടില്‍ ദുര്‍ഗാ ദേവിയുടെ വിഗ്രഹം വച്ച മുസ്ലീം ബിജെപി നേതാവിന് വധ ഭീഷണി

ലക്നൗ: നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി വീട്ടില്‍ ദുര്‍ഗാ ദേവിയുടെ വിഗ്രഹം സ്ഥാപിച്ച മുസ്ലീം സമുദായത്തില്‍പ്പെട്ട ബിജെപി നേതാവിന് വധ ഭീഷണി. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ നിന്നുള്ള ബിജെപി നേതാവ് റൂബി ആസിഫ് ഖാനാണ് ഭീഷണി നേരിടുന്നത്. അദ്ദേഹത്തെ 'ഖാഫിര്‍' എന്ന വിളിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രദേശത്താകെ പതിച്ചിരിക്കുകയാണ്.

ഹിന്ദു ദൈവങ്ങളെ ആരാധിക്കുകയും വന്ദേ മാതരം ആലപിക്കുകയും ചെയ്ത റൂബിയെയും കുടുംബത്തെയും സമുദായത്തില്‍ നിന്നും പുറത്താക്കണമെന്നും ജീവനോടെ കത്തിച്ചു കൊല്ലണമെന്നും പോസ്റ്ററുകളില്‍ ആഹ്വാനം ചെയ്യുന്നു. വളരെക്കാലമായി റൂബി ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്നുണ്ട്.

രണ്ട് വര്‍ഷം മുന്‍പ് വീട്ടില്‍ രാം ദര്‍ബാര്‍ സംഘടിപ്പിച്ചതിനും അവര്‍ ആക്രമിക്കപ്പെട്ടിരുന്നു. ഗണേശ മഹോത്സവത്തിന്റെ ഭാഗമായി വീട്ടില്‍ ഗണേശ വിഗ്രഹം സ്ഥാപിച്ചതിന്റെയും നിമജജനം ചെയ്തതിന്റെയും പേരിലും ബിജെപി നേതാവ് ആക്രമിക്കപ്പെട്ടിരുന്നു. വധഭീഷണി സംബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനും പൊലീസിനും പരാതി നല്‍കിയെന്ന് റൂബി പറഞ്ഞു.

ഇഷ്ടമുള്ള ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നതായി ബിജെപി നേതാവും മുന്‍ മേയറുമായ ശകുന്തള ഭാരതി പറഞ്ഞു. രാജ്യ സ്നേഹികള്‍ ആയതു കൊണ്ടാണ് അവര്‍ വന്ദേ മാതരം ആലപിച്ചത്. അവരെ ആക്രമിക്കുന്നവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും ശകുന്തള ഭാരതി കൂട്ടിച്ചേര്‍ത്തു.

ബിജെപി നേതാവിനും കുടുംബത്തിനും പിന്തുണ നല്‍കി ഹിന്ദു മഹാസഭയും രംഗത്തെത്തി. സനാതന ധര്‍മ്മത്തില്‍ വിശ്വാസം അര്‍പ്പിച്ച റൂബിയോട് നന്ദി പറയുന്നുവെന്ന് ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി മഹാമണ്ഡലേശ്വര്‍ അന്നപൂര്‍ണ ഭാരതി പറഞ്ഞു.

അതേസമയം ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ സന്ദേശം രാജ്യത്തുടനീളം പ്രചരിപ്പിക്കാനാണ് തന്റെ ഭാര്യ ആഗ്രഹിക്കുന്നതെന്ന് റൂബിയുടെ ഭര്‍ത്താവ് ആസിഫ് ഖാന്‍ പറഞ്ഞു. ''ആളുകള്‍ ഞങ്ങളുടെ ഉദ്ദേശ്യത്തെക്കുറിച്ച് ശ്രദ്ധിക്കുന്നില്ല. എല്ലാ വിധത്തിലും ഞങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു. കുറച്ച് ദിവസം മുന്‍പ് വ്യാജ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഞങ്ങളെ മോശം ഭാഷ ഉപയോഗിച്ച് അധിക്ഷേപിച്ചിരുന്നു. പൊലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ആസിഫ് ഖാന്‍ പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.