ശ്രീനഗര്‍: കാശ്മീരിലെ ഉധംപുര്‍ നഗരത്തില്‍ നിര്‍ത്തിയിട്ട ബസുകള്‍ക്കുള്ളില്‍ സ്ഫോടനം. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് സ്ഥലങ്ങളിലായാണ് സ്ഫോടനങ്ങള്‍ നടന്നത്. ബുധനാഴ്ച രാത്രി 10:30 നും വ്യാഴാഴ്ച പുലര്‍ച്ചെ 5:30 നുമായിരുന്നു സ്‌ഫോടനങ്ങള്‍.
അതേസമയം സ്ഫോടനവുമായി ബന്ധപ്പെട്ട കേസ് കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് കൈമാറി. കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി എന്‍.ഐ.എ സംഘത്തെ ഉധംപൂരിലേക്ക് അയച്ചു. സ്ഫോടനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊലീസില്‍ നിന്നും ശേഖരിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക് പറ്റിയതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയാണ് കേസ് എന്‍.ഐ.എയെ ഏല്‍പ്പിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ആദ്യ സ്ഫോടനം ഉധംപുരിലെ ബസന്ത്നഗറിലും മറ്റൊന്ന് ദൊമാലി ചൗകിലുമാണ് നടന്നത്. സ്ഫോടനത്തില്‍ മൂന്ന് ബസുകള്‍ പൂര്‍ണമായും തകര്‍ന്നു. സ്ഫോടനത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു.
സ്‌ഫോടനത്തെ തുടര്‍ന്ന് സുരക്ഷാ സേനയും ജമ്മുകശ്മീര്‍ പൊലീസും ചേര്‍ന്ന് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. സംഭവത്തില്‍ ഭീകരവാദ ബന്ധം തള്ളിക്കളയാന്‍ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. സ്‌ഫോടന സ്ഥലത്ത് ബോംബ് സ്‌ക്വാഡുകളും, ഡോഗ് സ്‌ക്വാഡുകളും എത്തി പരിശോധന നടത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു.
സ്ഫോടനത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന് ജമ്മു കാശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി കവീന്ദര്‍ ഗുപ്ത ആരോപിച്ചു. അവരുടെ അറിവോടെയാണ് സംഭവം നടന്നിരിക്കുന്നത്. രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യത ഉണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കാശ്മീരില്‍ സന്ദര്‍ശനം നടത്താന്‍ നാല് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് സ്ഫോടനം നടന്നത്. ഒക്ടോബര്‍ നാലിനാണ് അമിത് ഷായുടെ സന്ദര്‍ശനം.
സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ കാശ്മീരിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം സുരക്ഷാ സേന നിരീക്ഷണം ശക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.