അവസാനം പൊലീസിന് അനക്കം വച്ചു: പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ സീല്‍ ചെയ്തു തുടങ്ങി

അവസാനം പൊലീസിന് അനക്കം വച്ചു: പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ സീല്‍ ചെയ്തു തുടങ്ങി

കൊച്ചി: നിരോധനം വന്ന് രണ്ട് ദിവസത്തോടടുക്കുമ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ക്കെതിരെ കേരളത്തില്‍ പൊലീസ് നടപടി ആരംഭിച്ചു. ആലുവയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസായ പെരിയാര്‍ വാലി ക്യാംപസ് ഉദ്യോഗസ്ഥര്‍ എത്തി സീല്‍ ചെയ്തു. തഹസില്‍ദാര്‍, എന്‍ഐഎ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നടപടി. പോപ്പുലര്‍ ഫ്രണ്ടിന്റെ  എറണാകുളം ജില്ലയിലെ  പ്രധാന കേന്ദ്രമാണിത്.

പോപ്പുലര്‍ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫീസുകള്‍ കണ്ടെത്തി സീല്‍ ചെയ്യാനാണ് ഡി.ജി.പി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കിയിരുന്നു. ജില്ലാ കളക്ടറുടെ ഉത്തരവോടെയാണ് ഓഫീസുകള്‍ സീല്‍ ചെയ്യുന്നത്. അക്കൗണ്ടുകള്‍ മരവിപ്പിക്കാനും പ്രവര്‍ത്തകരെ നിരീക്ഷിക്കാനും ഡി.ജി.പിയുടെ നിര്‍ദ്ദേശമുണ്ട്.

നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും വസ്തുവകകളും ഉപയോഗിക്കുന്നത് തടയാന്‍ നടപടിയെടുക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഘടനയ്ക്കും നേതാക്കള്‍ക്കും സാമ്പത്തിക സഹായം ലഭിക്കുന്ന മാര്‍ഗങ്ങള്‍ തടയും. ഇതിനായി ജില്ലാ മജിസ്‌ട്രേറ്റുമായി ചേര്‍ന്ന് തുടര്‍ നടപടിയെടുക്കും. നടപടികള്‍ ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയും മേഖലാ ഐ.ജിമാരും റേഞ്ച് ഡി.ഐ.ജി മാരും നിരീക്ഷിക്കും.

അതിനിടെ പിഎഫ്‌ഐ നിരോധനത്തില്‍ പ്രതിഷേധിച്ച് ഇടുക്കിയിലെ ബാലന്‍ പിള്ള സിറ്റിയില്‍ പ്രതിഷേധ പ്രകടനം നടത്തിയ ഏഴ് പേര്‍ക്കെതിരെ പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തു.

അതേസമയം പിഎഫ്‌ഐ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വ്യാഴാഴ്ച 155 പേര്‍ കൂടി അറസ്റ്റിലായതോടെ ഇതുവരെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2197 ആയി. 352 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.