മകളുടെ മുന്നില്‍വെച്ച് പിതാവിനെ മര്‍ദിച്ച സംഭവം; കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

മകളുടെ മുന്നില്‍വെച്ച് പിതാവിനെ മര്‍ദിച്ച സംഭവം; കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: മകളുടെ മുന്നില്‍വെച്ച് പിതാവിനെ മര്‍ദിച്ച കേസിലെ പ്രതികളായ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം അഡീഷണല്‍ സെക്ഷന്‍സ് കോടതിയാണ് അഞ്ച് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയത്.

പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. മകളുടെ മുന്നില്‍വച്ച് പിതാവിനെ ദേഹോപദ്രവം ഏല്‍പ്പിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ പ്രതികള്‍ മുന്‍കൂര്‍ ജാമ്യം അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. മര്‍ദിക്കുന്ന വീഡിയോയിലെ ദൃശ്യവും ശബ്ദവും പരിശോധിക്കാന്‍ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കൂടി അംഗീകരിച്ചുകൊണ്ടാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളിയത്.

പ്രതികളായ കണ്ടക്ടര്‍ എന്‍. അനില്‍കുമാര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ എ. മുഹമ്മദ് ഷെറീഫ്, സുരക്ഷാ ജീനവക്കാരന്‍ എസ്.ആര്‍ സുരേഷ്, അസിസ്റ്റന്റ് സി.പി മിലന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇവരെല്ലാം വിവിധ യൂണിയനുകളില്‍ നേതാക്കളും അംഗങ്ങളുമാണ്.

ഈ മാസം 20നാണ് പൂവച്ചല്‍ പഞ്ചായത്ത് ജീവനക്കാരന്‍ പ്രേമനനാണ് മകള്‍ രേഷ്മയുടെ മുന്നില്‍വെച്ച് മര്‍ദനമേറ്റത്. സംഭവത്തിന്റെ വീഡിയോ പുറത്തു വന്ന് വലിയ വിവാദമായതോടെ പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു.

ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തില്‍ പ്രതികള്‍ ഉടന്‍ കീഴടങ്ങിയേക്കുമെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.