അബുദബി: യുഎഇയില്‍ ഇനി മുതല്‍ സന്ദർശക വിസാ കാലാവധി 60 ദിവസമാക്കി. നേരത്തെ 30, 90 ദിവസങ്ങളില്‍ സന്ദർശക വിസ ലഭ്യമായിരുന്നു. 60 ദിവസത്തെ സന്ദർശക വിസ വീണ്ടും അതേ കാലയളവിലേക്ക് പുതുക്കാനാകും.
5 വർഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയില്‍ വരുന്നവർക്ക് തുടർച്ചയായ 90 ദിവസം രാജ്യത്ത് നില്‍ക്കാം. എന്നാല്‍ ഒരു വര്‍ഷം 180 ദിവസത്തില്‍ കൂടുതല്‍ യുഎഇയില്‍ താമസിക്കാന്‍ സാധിക്കില്ല. ഈ വിസയ്ക്ക് 4000 ഡോളറിന് തുല്യമായ ബാങ്ക് ബാലന്‍സ് ഉണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം.
വിദഗ്ധ തൊഴിലാളികൾ, ഫ്രീലാൻസർമാർ, സ്വയം തൊഴിൽ ചെയ്യുന്നവർ എന്നിവരെ ലക്ഷ്യം വച്ചുള്ള അഞ്ച് വർഷത്തെ ഗ്രീൻ വിസകളും സ്പോൺസറോ ഹോസ്റ്റോ ആവശ്യമില്ലാത്ത ജോലി തേടിയെത്തുന്ന ലോകത്തെമ്പാടുമുളള 500 സർവ്വകലാശാലകളില്‍ നിന്ന് ബിരുദം നേടിയവർക്കുളള വിസകളും പ്രാബല്യത്തിലായി.സ്വദേശിവത്കരണ മന്ത്രാലയത്തിന്‍റെ പട്ടിക അനുസരിച്ച് ഒന്ന്, രണ്ട്, മൂന്ന് സ്കില്‍ ലെവലുകളില്‍ വരുന്ന ജോലികള്‍ക്കായാണ് ഈ വിസ അനുവദിക്കുക
ആണ്‍കുട്ടികളെ 25 വയസുവരെ രക്ഷിതാക്കള്‍ക്ക് സ്പോണ്‍സർ ചെയ്യാന്‍ കഴിയുമെന്നതും ഏറെ പേർക്ക് ഗുണകരമാകും. നേരത്തെ ഇത് 18 വയസുവരെയായിരുന്നു. അവിവാഹിതരായ പെണ്‍കുട്ടികളെ പ്രായപരിധി പരിഗണിക്കാതെ സ്പോണ്‍സർ ചെയ്യാം.
ഗോള്‍ഡന്‍ വിസ മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്.നേരത്തെ കുറഞ്ഞ മാസ ശമ്പളം 50,000 ദിർഹമുണ്ടായിരുന്ന പരിധി 30,000 മാക്കി മാറ്റിയിട്ടുണ്ട്. ഇത് കൂടാതെ ഗോള്‍ഡന്‍ വിസ ലഭിക്കുന്ന മേഖലകളും വിപുലപ്പെടുത്തിയിട്ടുണ്ട്. രണ്ട് മില്യന്‍ ദിര്‍ഹം മൂല്യമുള്ള വസ്‍തുവകകള്‍ സ്വന്തമാക്കിയാല്‍ നിക്ഷേപകര്‍ക്ക് യുഎഇയില്‍ ഗോള്‍ഡന്‍ വിസ ലഭിക്കും.
വിസയുടെ കാലാവധി കഴിഞ്ഞാല്‍ രാജ്യം വിടേണ്ട കാലാവധിയും നീട്ടിയിട്ടുണ്ട്. നേരത്തെ 30 ദിവസമായിരുന്ന കാലപരിധിയെങ്കില്‍ നിലവിലത് ആറുമാസമാക്കി മാറ്റിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.