ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ മൂന്ന് ശാസ്ത്രജ്ഞര്‍ പങ്കിട്ടു; പുരസ്‌കാരം ക്വാണ്ടം കമ്പ്യൂട്ടിങിന് വഴി തുറക്കുന്ന മുന്നേറ്റത്തിന്

 ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍  മൂന്ന് ശാസ്ത്രജ്ഞര്‍ പങ്കിട്ടു; പുരസ്‌കാരം ക്വാണ്ടം കമ്പ്യൂട്ടിങിന് വഴി തുറക്കുന്ന മുന്നേറ്റത്തിന്

ലെയ്ന്‍ അസ്പെക്ട്, ജോണ്‍ എഫ്.ക്ലോസര്‍, ആന്റണ്‍ സെയ്‌ലിങര്‍ എന്നിവര്‍.

സ്റ്റോക്ഹോം: ഭൗതിക ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ക്വാണ്ടം കമ്പ്യൂട്ടിങിനും ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സയന്‍സിനും അടിത്തറയിടുന്ന പരീക്ഷണങ്ങള്‍ നടത്തി ഈ മേഖലയില്‍ വന്‍ മുന്നേറ്റം കുറിച്ച അലൈന്‍ ആസ്പെക്ട്, ജോണ്‍ എഫ് ക്ലോസര്‍, ആന്റണ്‍ സെയ്‌ലിങര്‍ എന്നീ ശാസ്ത്രജ്ഞര്‍ക്കാണ് ഇത്തവണത്തെ പുരസ്‌കാരം.

പരസ്പരം ഇടപഴകിയ (എന്റാംഗിള്‍ ചെയ്ത) രണ്ടു കണങ്ങളെ എത്ര അകലേയ്ക്ക് വേര്‍പെടുത്തിയാലും അവയില്‍ ഒന്നിനെ നിരീക്ഷിച്ചാല്‍ അതിന്റെ ഫലം രണ്ടാമത്തേതില്‍ പ്രതിഫലിക്കുന്ന പ്രതിഭാസത്തിനാണ് 'ക്വാണ്ടം എന്റാംഗിള്‍മെന്റ്' എന്നു പറയുന്നത്.

ഏറെക്കാലം ദുരൂഹമായി തുടര്‍ന്ന ഈ പ്രതിഭാസം ശരിയാണോ എന്ന് പരിശോധിക്കാന്‍ വഴി തുറന്നത്, ഐറിഷ് സ്വദേശിയായ ജോണ്‍ ബെല്‍ 1960 കളില്‍ ആവിഷ്‌ക്കരിച്ച 'ബെല്‍ തിയറ'മാണ്. 'ബെല്‍ അസമത്വം' എന്ന പേരിലും ഈ സിദ്ധാന്തം അറിയപ്പെടുന്നു. ബെല്‍ അസമത്വം അതിലംഘിക്കപ്പെടുകയാണെങ്കില്‍ ക്വാണ്ടം എന്റാംഗിള്‍മെന്റ് ശരിയാണ് എന്ന് ബെല്‍ തിയറം പറയുന്നു.

അത്യന്തം ശ്രമകരമായ വ്യത്യസ്ത പരീക്ഷണങ്ങള്‍ വഴി, ബെല്‍ അസമത്വം ലംഘിക്കപ്പെടുന്നു എന്ന് തെളിയിച്ചവരാണ് ഇത്തവണത്തെ ഭൗതികശാസ്ത്ര നൊബേല്‍ ജേതാക്കള്‍. ഫ്രഞ്ച് ഗവേഷകനായ അസ്‌പെക്ട്, അമേരിക്കന്‍ സ്വദേശി ക്ലോസര്‍, ഓസ്ട്രിയക്കാരനായ സായ്‌ലിങര്‍ എന്നിവര്‍, 7.5 കോടി രൂപ വരുന്ന സമ്മാനത്തുക തുല്യമായി പങ്കിടും.

ഈ വര്‍ഷത്തെ വൈദ്യ ശാസ്ത്രത്തിനുള്ള പുരസ്‌കാരം തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞന്‍ സ്വാന്റെ പാബുവിനാണ് പുരസ്‌കാരം. ജനിതക ഗവേഷണങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു പുരസ്‌കാരം നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.