കേന്ദ്രമന്ത്രി വി മുരളീധരന്‍ ഒമാന്‍ വിദേശ കാര്യമന്ത്രിയുമായി കൂടികാഴ്ച നടത്തി

കേന്ദ്രമന്ത്രി വി മുരളീധരന്‍ ഒമാന്‍ വിദേശ കാര്യമന്ത്രിയുമായി കൂടികാഴ്ച നടത്തി

മസ്കറ്റ്: കേന്ദ്രമന്ത്രി വി മുരളീധരന്‍ ഒമാന്‍ വിദേശകാര്യമന്ത്രിയുമായി കൂടികാഴ്ച നടത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് വി മുരളീധരന്‍ ഒമാനിലെത്തിയത്. ഒമാന്‍ വിദേശ കാര്യമന്ത്രി സയ്യീദ് ബദർ ഹമദ് അല്‍ ബുസൈദിയുമായി കൂടികാഴ്ച നടത്തിയ അദ്ദേഹം ഇരു രാജ്യങ്ങളും തമ്മിലുളള സഹകരണത്തിന്‍റെ വിവിധ വശങ്ങള്‍ ചർച്ച ചെയ്തു. ഇന്ത്യയില്‍ 2023 ല്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഒമാനെയും ഇന്ത്യ ക്ഷണിച്ചിട്ടുണ്ട്. ഒമാന്‍ വിദേശകാര്യമന്ത്രിയുടെ ഓഫീസ് വകുപ്പ് മേധാവി ഖാലിദ് ഹഷെല്‍ അല്‍ മുസെല്‍ഹി, ഒമാനിലെ ഇന്ത്യന്‍ അംബാസിഡർ അമിത് നാരംഗ് തുടങ്ങിയവും നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു.

റുപേ ഡെബിറ്റ് കാർഡ് അവതരിപ്പിക്കുന്നതിനുള്ള ചരിത്രപരമായ ധാരണാപത്രത്തിൽ നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും സെൻട്രൽ ബാങ്ക് ഓഫ് ഒമാനും ഒപ്പുവച്ചു. ഇരു രാജ്യങ്ങളും തമ്മിലുളള സാമ്പത്തിക ബന്ധത്തില്‍ ഇത് പുതിയ തുടക്കമാകുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയും ഒമാനും തമ്മിലുളള ഉഭയകക്ഷി ബന്ധത്തിലെ പുതിയ നാഴികക്കല്ലാകും ധാരണാപത്രമെന്ന് പിന്നീട് വി മുരളീധരന്‍ ട്വീറ്റ് ചെയ്തു.

പരസ്പര താൽപ്പര്യമുള്ള ഉഭയകക്ഷി, പ്രാദേശിക വിഷയങ്ങളിൽ നയതന്ത്ര കാര്യ അണ്ടർ സെക്രട്ടറി ഷെയ്ഖ് ഖലീഫ അൽഹാർത്തിയുമായി അദ്ദേഹം ചർച്ച നടത്തി. ഒമാനിലെ ഇന്ത്യൻ എംബസിയിലെ ലൈബ്രറി മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസിയുടെ കണക്കനുസരിച്ച്, ഒമാനിൽ ഏകദേശം 624,000 ഇന്ത്യക്കാരുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ ശക്തമായ സാമ്പത്തിക, വാണിജ്യ, സാംസ്കാരിക ബന്ധമാണ് ഉളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.