ബാങ്കോക്ക്: തായ്ലന്‍ഡിലെ വടക്കുകിഴക്കന്‍ പ്രവിശ്യയിലെ കുട്ടികളുടെ ഡേ കെയര്‍ സെന്ററിലുണ്ടായ കൂട്ട വെടിവയ്പില്‍ 22 പിഞ്ചുകുട്ടികള്‍ അടക്കം 34 പേര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെയാണ് നോങ് ബുവാ ലാംഫു പ്രവിശ്യയില്‍ ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
അക്രമി ഉച്ചയോടെ ഡേ കെയര്‍ സെന്ററില്‍ എത്തിയപ്പോള്‍ കുറഞ്ഞത് 30 കുട്ടികള്‍ അവിടെ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ രണ്ടു വയസുള്ള കുഞ്ഞുങ്ങള്‍ പോലുമുണ്ട്. മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ് വെടിവയ്പ്പ് നടത്തിയതെന്നു പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.
കൂട്ടക്കൊലപാതകം നടത്തുന്നതിനു മുന്‍പ് ഇയാള്‍ സ്വന്തം ഭാര്യയെയും കുട്ടിയെയും കൊന്നുവെന്നും അതിനുശേഷം സ്വയം വെടിവച്ചു മരിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഡേ കെയര്‍ സെന്ററില്‍ എത്തിയ ഇയാള്‍ എട്ടുമാസം ഗര്‍ഭിണിയായ അധ്യാപിക ഉള്‍പ്പെടെ നാല് ജീവനക്കാരെയും വെടിവച്ചു. വെടിവെപ്പിന്റെ കാരണം വ്യക്തമല്ല.
അക്രമി മയക്കുമരുന്നിന്റെ ലഹരിയിലാണെന്ന് സംശയിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ പോലീസ് ഉദ്യോഗസ്ഥനായിരുന്ന അക്രമി മയക്കുമരുന്ന് ഉപയോഗിച്ചതിന് സര്‍വീസില്‍ നിന്ന് പുറത്തായതാണ്. സംഭവത്തില്‍ അന്വേഷണം നടത്തി വേണ്ട നടപടിയെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
തായ്ലന്‍ഡില്‍ തോക്ക് കൈവശം വയ്ക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. എന്നാല്‍ ഔദ്യോഗിക കണക്കുകളില്‍ അനധികൃത ആയുധങ്ങളുടെ വലിയ വിവരങ്ങളില്ല. അവയില്‍ പലതും അയല്‍രാജ്യങ്ങളില്‍ നിന്ന് കടത്തുന്നതാണ്.
കൂട്ട വെടിവെപ്പുകള്‍ ഇവിടെ അപൂര്‍വമാണ്. എന്നാല്‍ 2020-ല്‍, വസ്തു ഇടപാടില്‍ ക്ഷുഭിതനായ ഒരു സൈനികന്‍ 29 പേരെ വെടിവെച്ച് കൊല്ലുകയും 57 പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.