ഡല്‍ഹി മദ്യനയക്കേസ്: 35 ഇടങ്ങളില്‍ ഇ.ഡിയുടെ മിന്നല്‍ റെയ്ഡ്

ഡല്‍ഹി മദ്യനയക്കേസ്: 35 ഇടങ്ങളില്‍ ഇ.ഡിയുടെ മിന്നല്‍ റെയ്ഡ്

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ 35 ഇടങ്ങളില്‍ ഇഡിയുടെ മിന്നല്‍ റെയ്ഡ്. ഡല്‍ഹി, പഞ്ചാബ്, ഹൈദരാബാദ് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. ഇ.ഡിയുടെ റെയ്ഡിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. മനീഷ് സിസോദിയയ്ക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുവെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി.

മദ്യ കുംഭകോണക്കേസില്‍ ഇതുവരെ 103ലധികം റെയ്ഡുകളാണ് നടത്തിയത്. കേസില്‍ മദ്യ വ്യവസായിയും മദ്യനിര്‍മ്മാണ കമ്പനിയായ ഇന്‍ഡോസ്പിരിറ്റിന്റെ മാനേജിങ് ഡയറക്ടറുമായ സമീര്‍ മഹേന്ദ്രുവിനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹി എക്‌സൈസ് നയം 2021-22 നടപ്പാക്കിയതിലെ ക്രമക്കേടുകളെ കുറിച്ച് സിബിഐ അന്വേഷണത്തിന് ലഫ്റ്റനെന്റ് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് മദ്യകുംഭകോണം ഉയര്‍ന്നു വരുന്നത്.

പതിനൊന്നോളം എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഡല്‍ഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പ്രതികളാക്കിയതിനു പിന്നാലെ മദ്യനയം ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു.

വാങ്ങുന്നവരെ ആകര്‍ഷിക്കാന്‍ ചില്ലറ വ്യാപാരികള്‍ക്ക് വലിയ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്ന നയത്തില്‍ നടന്നത് വന്‍ അഴിമതിയാണെന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.