സിഡ്‌നി: ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളില്‍ ദുരിതം വിതച്ച് വീണ്ടും കനത്ത മഴയും ഇടിമിന്നലും. വിക്‌ടോറിയ, ന്യൂ സൗത്ത് വെയില്‍സ് എന്നിവിടങ്ങളില്‍ നദികളും അണക്കെട്ടുകളും ജലസംഭരണികളും കവിഞ്ഞൊഴുകുകയാണ്. രണ്ടു സംസ്ഥാനങ്ങളിലെയും വിവിധ പ്രദേശങ്ങളില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഇടിമിന്നല്‍ എന്നിവയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വിക്ടോറിയയുടെ വടക്ക്-പടിഞ്ഞാറ് ഭാഗങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 90 മില്ലിമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. മെല്‍ബണില്‍ നനഞ്ഞ ശൈത്യവും പുല്ല് വളര്‍ന്നു നില്‍ക്കുന്നതിനാലും 2016-ലുണ്ടായ ദുരന്തത്തിനു സമാനമായി ഇടിമിന്നല്‍ ആസ്ത്മ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തെക്കന്‍ മെല്‍ബണിലും ഫ്രാങ്ക്സ്റ്റണിലുമുണ്ടായ വെള്ളപ്പൊക്കത്തില്‍ കാറുകള്‍ മുങ്ങി. താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ വെള്ളപ്പൊക്കം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന എമര്‍ജന്‍സി അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ നാളെ വിക്‌ടോറിയയിലെ ചാള്‍ട്ടണ്‍ നഗരത്തില്‍ വെള്ളപ്പൊക്കമുണ്ടാകുമെന്നാണ് പ്രവചനം. മെല്‍ബണിലെ ക്രെയ്ഗിബേണില്‍ ഒരു സ്വകാര്യ അണക്കെട്ട് തകരുമെന്ന ഭീതിയെതുടര്‍ന്ന് സമീപത്തെ വീടുകളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് ജീവനക്കാര്‍ ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്.
മെല്‍ബണിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള ഹീഡല്‍ബര്‍ഗില്‍ കനത്ത മഴയിലും ഇടിമിന്നലിലും മരങ്ങള്‍ ഒടിഞ്ഞുവീഴുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതിനാലും ജലസംഭരണികളിലെ പരമാവധി ശേഷി കവിഞ്ഞതിനാലും വിവിധ മേഖലകളില്‍ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുകയാണ്.
മാര്‍ച്ചില്‍, സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തില്‍ 12 പേര്‍ മരിക്കുകയും വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു.
ന്യൂ സൗത്ത് വെയില്‍സിലെ സിഡ്നിയില്‍ 164 വര്‍ഷത്തിനിടയിലെ ഏറ്റവും മഴയുള്ള വര്‍ഷമാണ് ഇക്കുറി രേഖപ്പെടുത്തിയത്. സിഡ്നിയില്‍ 1950-ലാണ് ഇതിനു മുന്‍പ് ഏറ്റവും കൂടുതല്‍ മഴ ചെയ്ത് - 2,194.0 മില്ലിമീറ്റര്‍. സിഡ്നിയിലെ ഒബ്‌സര്‍വേറ്ററി ഹില്‍ ബ്യൂറോ ഓഫ് മെറ്റീരിയോളജി സ്റ്റേഷനില്‍ രേഖപ്പെടുത്തിയ കണക്ക് പ്രകാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് ആ റെക്കോഡ് മറികടന്നു. 2022 അവസാനിക്കാന്‍ മൂന്നു മാസം ശേഷിക്കെയാണ് റെക്കോര്‍ഡ് മറികടന്നത്.
സംസ്ഥാനത്തെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കുകയാണ്. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ നാളെയും കനത്ത മഴയും ഇടിമിന്നലും വെള്ളപ്പൊക്കവും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
വാരാന്ത്യം സിഡ്നിയിലെ വാരഗംബ അണക്കെട്ടില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് വര്‍ധിക്കുമെന്നും മറ്റ് പ്രധാന അണക്കെട്ടുകളും കവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ടെന്നും വാട്ടര്‍ ന്യൂ സൗത്ത് വെയില്‍സ് അറിയിച്ചു. അതിനാല്‍ സിഡ്‌നിയിലും പരിസര പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്.
പസിഫിക് സമുദ്രത്തിലെ ലാ നിന പ്രതിഭാസം ഓസ്ട്രേലിയയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മൂന്നാം തവണയും കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും വെള്ളപ്പൊക്കത്തിനും ഇടയാക്കുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.