ടെക്‌സസ്: അമേരിക്കന്‍ സംസഥാനമായ ടെക്‌സസിലെ സ്‌കൂളില്‍ 19 വിദ്യാര്‍ത്ഥികളുടെയും രണ്ട് അധ്യാപകരുടെയും ജീവനെടുത്ത വെടിവയ്പിനെതുടര്‍ന്ന് സ്‌കൂളിന്റെ സുരക്ഷാ ചുമതലയുള്ള മുഴുവന്‍ പൊലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തു. ഉവാള്‍ഡെ പട്ടണത്തിലെ റോബ് എലമെന്ററി സ്‌കൂളില്‍ മെയ് 24 ന് നടന്ന വെടിവയ്പില്‍ സുരക്ഷാ സേനയുടെ വീഴ്ചയെക്കുറിച്ച് വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ഇത്. സംഭവ സമയത്ത് സ്‌കൂളിന്റെ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരോട് അവധിയില്‍ പ്രവേശിക്കാനും ഉവാള്‍ഡെ സ്‌കൂള്‍ ഡിസ്ട്രിക്ട് നിര്‍ദ്ദേശിച്ചു.
ഇവരിലൊരാള്‍ ഇതിനോടകം വിരമിക്കുന്നതായി പ്രഖ്യാപിച്ചു. പുതിയ അധ്യയന വര്‍ഷം ആരംഭിച്ച് ഒരു മാസം പിന്നിട്ടപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തുകൊണ്ടുള്ള അപ്രതീക്ഷിത നീക്കമെത്തുന്നത്. ടെക്‌സാസിലെ പൊതു സുരക്ഷാ വകുപ്പ് ഈ വര്‍ഷത്തേക്ക് സ്‌കൂളില്‍ സേനാംഗങ്ങളെ ഇതിനോടകം വിന്യസിച്ചിട്ടുണ്ട്.
വെടിവയ്പില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും ബന്ധുക്കളും തുടര്‍ച്ചയായി നടത്തിവന്ന പ്രതിഷേധ പരമ്പരക്കൊടുവിലാണ് പൊലീസുകാര്‍ക്കെതിരെ നടപടി വരുന്നത്.
നിലവിലെ നടപടി ചെറിയൊരു ജയം മാത്രമാണെന്നും ഇതുകൊണ്ട് ഒന്നും അവസാനിക്കില്ലെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിക്ക് പിന്നാലെ രക്ഷിതാക്കള്‍ പ്രതികരിക്കുന്നത്. സ്‌കൂളിന് മുന്‍പില്‍ രക്ഷിതാക്കള്‍ നടത്തിയ പ്രതിഷേധമാണ് ഫലം കണ്ടത്. നേരത്തെ മറ്റ് കുട്ടികള്‍ സ്‌കൂളില്‍ പോവുന്നുണ്ടെന്നും അവര്‍ക്ക് അപകടമുണ്ടാവരുതെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ സ്‌കൂളിന് ചുറ്റും സംഘടിച്ച് നിലകൊണ്ടിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.
വെടിവയ്പ് നടന്ന ദിവസം അക്രമി ക്യാമ്പസില്‍ കയറി വെടിവയ്ക്കാന്‍ ആരംഭിക്കുന്ന സമയത്ത് ചുമതലയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. ഇതിനാല്‍ തന്നെ അക്രമിയെ പിടികൂടാന്‍ കാലതാമസം വന്നുവെന്നും വകുപ്പ് തല അന്വേഷണത്തില്‍ വ്യക്തമായി. ഏഴ് ഉദ്യോഗസ്ഥര്‍ക്കാണ് സസ്‌പെന്‍ഷന്‍.
സാല്‍വദോര്‍ റാമോസ് എന്ന 18 കാരനാണ് സ്‌കൂളില്‍ അക്രമം അഴിച്ചുവിട്ടത്. സ്വന്തം മുത്തശ്ശിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷമാണ് സാല്‍വദോര്‍ റാമോസ് സ്‌കൂളിലേക്ക് തോക്കുമായി എത്തിയത്. വേനലവധി തുടങ്ങുന്നതിന് തൊട്ട് മുന്‍പുള്ള ദിവസമായിരുന്നു അക്രമം നടന്നത്. ഈ സ്‌കൂളിലെ തന്നെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി കൂടിയാണ് അക്രമി. സാല്‍വദോര്‍ റമോസിനെ പൊലീസ് വെടിവെച്ചു കൊന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.