വത്തിക്കാന്‍ സിറ്റി: ആണവയുദ്ധ ഭീഷണി അവസാനിപ്പിക്കാന്‍ പ്രാര്‍ത്ഥിച്ചും സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ സമാധാനത്തിന്റെ പാത തിരഞ്ഞെടുത്ത മുന്‍ കാലത്തെ അനുസ്മരിപ്പിച്ചും ഫ്രാന്‍സിസ് പാപ്പ.
ഞായറാഴ്ച്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍, ബിഷപ്പ് ജിയോവാനി ബാറ്റിസ്റ്റ സ്‌കാലബ്രിനി, ആര്‍ട്ടിമിഡ് സാറ്റി എന്നിവരെ വിശുദ്ധരായി പ്രഖ്യാപിച്ച ചടങ്ങിന്റെ സമാപനത്തിലാണ് ആണവായുദ്ധം സൃഷ്ടിച്ച അപകടത്തെക്കുറിച്ച് നാം മറക്കരുതെന്ന് പരിശുദ്ധ പിതാവ് ഓര്‍മിപ്പിച്ചത്. 60 വര്‍ഷം മുന്‍പ് നടന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തുടക്കം മാര്‍പാപ്പ അനുസ്മരിച്ചു. ആ സമയത്ത് ലോകത്തെ പ്രതിസന്ധിയിലാക്കിയ ആണവയുദ്ധത്തിന്റെ അപകടം നാം മറക്കരുതെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.
'എന്തുകൊണ്ടാണ് ചരിത്രത്തില്‍ നിന്നും നാം പാഠം പഠിക്കാത്തത്. മുന്‍പും വലിയ സംഘര്‍ഷങ്ങളും ഭീതിതമായ സാഹചര്യങ്ങളും ഉണ്ടായിരുന്നു. പക്ഷേ, എന്നിട്ടും സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ സമാധാനത്തിന്റെ വഴി തിരഞ്ഞെടുക്കപ്പെട്ടു' മാര്‍പാപ്പ വെളിപ്പെടുത്തി.
തായ്ലന്‍ഡില്‍ നടന്ന കൂട്ടക്കുരുതിക്ക് ഇരയായ പിഞ്ചു കുഞ്ഞുങ്ങളെയും മുതിര്‍ന്നവരെയും പാപ്പാ അനുസ്മരിച്ചു. ആക്രമണത്തിന് ഇരകളായവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു. ഭ്രാന്തമായ ആക്രമമാണ് അവിടെ നടന്നത്. അതീവ ദുഃഖത്തോടെ ആ ജീവനുകളെ പിതാവില്‍ സമര്‍പ്പിക്കുന്നു, പ്രത്യേകിച്ച് കൊച്ചുകുട്ടികളെയും അവരുടെ കുടുംബങ്ങളെയും - മാര്‍പാപ്പ പറഞ്ഞു.
വിശുദ്ധരുടെ മാതൃകയാല്‍ ഉണര്‍ത്തപ്പെട്ട, സുവിശേഷത്തിന്റെ സാക്ഷികളാകാന്‍ നമ്മെ സഹായിക്കുന്നതിന് പരിശുദ്ധ കന്യാമറിയത്തിന്റെ മാദ്ധ്യസ്ഥം യാചിക്കാമെന്നു പറഞ്ഞാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.