ലാസ് ടെജേരിയാസ്: സെൻട്രൽ വെനസ്വേലയിൽ ഉണ്ടായ വൻ ഉരുൾപൊട്ടലിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 34 ആയി ഉയർന്നു. 60 പേരെ കാണാതാവുകയും ചെയ്തു. ഡ്രോണുകളും പരിശീലനം ലഭിച്ച നായകളെയും ഉൾപ്പെടെ ഉപയോഗിച്ച് രക്ഷാപ്രവർത്തകർ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കാണാതായവരിൽ നിരവധി കുട്ടികളുമുണ്ട്.
സമീപ വർഷങ്ങളിലായി ഈ ദക്ഷിണ അമേരിക്കൻ രാജ്യം നേരിട്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. വെനസ്വേലയുടെ പ്രധാന വ്യാവസായിക ഇടനാഴിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന 50,000 ആളുകൾ താമസിക്കുന്ന ലാസ് ടെജേരിയാസ് നഗരത്തിലാണ് ദുരന്തം ഉണ്ടായത്. പ്രദേശത്തെ 317 വീടുകൾ മണ്ണിടിച്ചിലിൽ നശിച്ചതായും 750 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും വെനിസ്വേലൻ അധികൃതർ അറിയിച്ചു.
തെരുവുകൾ ഇപ്പോഴും ചെളികൊണ്ട് നിറഞ്ഞിരിക്കുകയാണ്. അവശിഷ്ടങ്ങൾ വലിയ യന്ത്രങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്യാൻ അധികൃതർ ശ്രമിക്കുകയാണ്. അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ആളുകളെ ഇനിയും രക്ഷിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രദേശത്ത് സന്ദർശനം നടത്തിയ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് പറഞ്ഞു. രാജ്യത്തിന്റെ മോശം സാമ്പത്തിക സ്ഥിതിയിൽ ദുരന്തത്തെ അതിജീവിച്ചവരുടെ പുനരുദ്ദാരണം കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേത്തു.
ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും ഇപ്പോഴും അപകടത്തെ അതിജീവിച്ചവർ മുക്തരായിട്ടില്ല. തന്റെ വീട്ടിലേക്ക് വെള്ളവും ചെളിയും ഒഴുകിയെത്തിയ ഭീകരമായ സംഭവത്തെ ജോസ് മദീന എന്ന 63 കാരൻ ഭയത്തോടെയാണ് ഓർത്തെടുക്കുന്നത്. മദീനയുടെ അരഭാഗത്തോളം ഉയരത്തിൽ വീട്ടിൽ ചെളി നിറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.
താനും കുടുംബവും അതിൽ കുടുങ്ങി പോവുകയായിരുന്നു. അതോടെ വീട്ടിലുണ്ടായിരുന്ന റഫ്രിജറേറ്റർ വശത്തേക്ക് തിരിക്കുകയും അതിന്റെ വാതിൽ തുറന്ന് ചെറുമകൾക്ക് കയറി ഇരിക്കാൻ തക്കവിധത്തിൽ ഒരു ബോട്ടായി ഉപയോഗിക്കുകയും ചെയ്തു. കൂടാതെ വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽപ്പെടാതിരിക്കാൻ ഭാര്യയുടെ സഹായത്തോടെഫ്രിഡ്‌ജ് ഒരു മേശമേൽ കയറ്റിവെക്കുകയും ചെയ്തതായി മദീന വിശദീകരിച്ചു. മണ്ണിടിച്ചിലിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെടാത്തത് ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ അതിജീവനത്തെ "മഹാത്ഭുതം" എന്നാണ് മദീന വിശേഷിപ്പിച്ചത്. വെനസ്വേലയുടെ പ്രതിമാസ മിനിമം വേതനവുമായി ബന്ധപ്പെടുത്തിയിരിക്കുന്ന അദ്ദേഹത്തിന്റെ പെൻഷൻ പ്രതിമാസം 17 ഡോളർ മാത്രമാണെന്ന് മദീന പറഞ്ഞു. ഇനി മുന്നോട്ടുള്ള ജീവിതത്തിന് സർക്കാർ സഹായത്തെ ആശ്രയിക്കുക മാത്രമാണ് മാർഗമെന്നും മദീന വ്യക്തമാക്കി.
അതേസമയം ജീവിച്ചിരിപ്പുണ്ടെന്നതിൽ സന്തോഷമുണ്ടെന്നും എന്നാൽ വീടും വസ്തുക്കളും നഷ്ടപ്പെട്ടതിൽ അതിയായ സങ്കടമുണ്ടെന്നും ഒരു റിട്ടയേർഡ് നിർമ്മാണ തൊഴിലാളി പറഞ്ഞു. ജൂലിയ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പേമാരിയിൽ വ്യാപകമായി ഉണ്ടായ മണ്ണിടിച്ചിലുകളും വെള്ളപ്പൊക്കവും ലാസ് ടെജേരിയാസിലെ നിരവധി പർവതനിരകളെ നശിപ്പിച്ചതോടെയാണ് അദ്ദേഹത്തിന്റെ ദുരവസ്ഥ ആരംഭിച്ചത്.
ദുരന്തത്തെ തുടർന്ന് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ഈ വാരാന്ത്യത്തിൽ രാജ്യത്തെ 11 സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായതായും മഡൂറോ പറഞ്ഞു. 1000ലധികം സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. എൽ പാറ്റോ എന്ന നദി കനത്ത മഴയെ തുടർന്ന് കരകവിഞ്ഞൊഴുകിയതാണ് മണ്ണിടിച്ചിലുണ്ടാകാൻ കാരണമായതെന്നാണ് വിലയിരുത്തൽ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.