വര്‍ഗീയത, മത തീവ്രവാദം, മയക്കുമരുന്ന്, ആഭിചാരം, മന്ത്രവാദം, ബ്ലാക്ക് മാജിക്, സാത്താന്‍ സേവ, ജിന്നു ചികിത്സ, നരബലി, നരഭോജനം... നവോത്ഥാന കേരളത്തിന്റെ കരണത്തേറ്റ കനത്ത പ്രഹരങ്ങളാണിവ.
കേരളത്തില്‍ ഉടലെടുത്ത മത തീവ്രവാദവും അവരുടെ ആഗോള ബന്ധങ്ങളും കേട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഞെട്ടിപ്പോയ മലയാളി ഇന്ന് വീണ്ടും ഞെട്ടി നെറ്റി ചുളിച്ച് തല കുമ്പിട്ട് നില്‍ക്കുകയാണ്... ഇതും കേരളത്തിലോ എന്ന ചോദ്യവുമായി. പത്തനംതിട്ട ഇലന്തൂരില്‍ നടന്ന അതിക്രൂരമായ ഇരട്ട നരബലിയും നരഭോജനവും കേരളത്തെ അര നൂറ്റാണ്ടിലധികമാണ് പിന്നോട്ട് നടത്തിയത്.
അന്ധ വിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ അഹോരാത്രം അടരാടിയാണ് ചാവറയച്ചനും ശ്രീനാരായണ ഗുരുവും വക്കം മൗലവിയും സഹോദരന്‍ അയ്യപ്പനുമൊക്കെ കേരളീയ നവോത്ഥാനത്തിന്റെ അടിസ്ഥാന ശിലകള്‍ പാകിയത്. ആ മൂലക്കല്ലുകളില്‍ ചവിട്ടി നിന്ന് പിന്നീട് കേരളം കൈവരിച്ച സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ അഭ്യുന്നതി ഈ കൊച്ചു സംസ്ഥാനത്തെ പല കാര്യങ്ങളിലും ലോകത്തിന്റെ നെറുകയിലെത്തിച്ചു.
മലയാളിയാണെന്നു പറയുന്നതില്‍ നാം സ്വയം അഭിമാനം കൊണ്ടു. നമ്മുടെ പൂര്‍വ്വികന്‍മാര്‍ പകര്‍ന്നു നല്‍കിയ പൈതൃകത്തില്‍ ഊറ്റം കൊണ്ടു. 'കേരളമെന്നു കേട്ടാല്‍ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍' എന്ന് ഉദ്‌ബോധിപ്പിച്ച മഹാകവിയെ നാം മനസില്‍ വാഴ്ത്തി.
എന്നാല്‍ കേരളമെന്ന ആ മൂന്നക്ഷരം ഇന്ന് നമ്മെ വല്ലാതെ ഭയപ്പെടുത്തുന്നു. കാരണം കാണാന്‍ ആഗ്രഹിക്കാത്തതും കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തതുമായ അതിപ്രാകൃതത്വമാണ് ഇന്ന് നമുക്കു ചുറ്റം അരങ്ങേറുന്നത്.
പണത്തിനു വേണ്ടി മലയാളി എത്രമേല്‍ അധപതിക്കും എന്നതിനുള്ള സമീപകാല ഉദാഹരണങ്ങളായിരുന്നു ഉത്രയുടെ കൊലപാതകവും വിസ്മയയുടെ ആത്മഹത്യയും. സ്വത്ത് തട്ടിയെടുക്കാന്‍ ഭാര്യയെ മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന സൂരജ് എന്ന ചെറുപ്പക്കാരന്‍, കൂടുതല്‍ സ്ത്രീധനത്തിനായി നവവധുവിനെ അതിക്രൂരമായ ദ്രോഹിച്ച് ആത്മഹത്യയിലേക്ക് തള്ളി വിട്ട കിരണ്‍ കുമാര്‍ എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. പ്രബുദ്ധ കേരളത്തിന്റെ ശോഭ കെടുത്തിയവരായിരുന്നു ആ നരാധമന്മാര്‍.
എന്നാല്‍ അതിനെയെല്ലാം വെല്ലുന്ന കൊടും ക്രൂരതയാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരില്‍ സംഭവിച്ചത്. ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്ന രണ്ടു സ്ത്രീകളെയാണ് തട്ടിക്കൊണ്ടുപോയി വെട്ടിനുറുക്കി രക്തം ഊറ്റിയെടുത്ത് കൊന്ന് കുഴിച്ചു മൂടിയത്. സമ്പത്തും ഐശ്വര്യവും കൈവരിക്കുന്നതിന് ഈശ്വര പ്രീതിയുണ്ടാക്കാന്‍ എന്ന പേരിലാണ് നരബലി നടത്തിയത്.
മനുഷ്യ മനസാക്ഷി മരവിച്ചു പോകുന്ന തരത്തിലാണ് പ്രതികളായ ഭഗവല്‍ സിങ്, ഭാര്യ ലൈല, ഇടനിലക്കാരനും വ്യാജ സിദ്ധനുമായ മുഹമ്മദ് ഷാഫി എന്നിവര്‍ ചേര്‍ന്ന് റോസിലിന്‍, പദ്മം എന്നീ സ്ത്രീകളെ കൊലപ്പെടുത്തിയത്.
റോസിലിയെ കട്ടിലില്‍ കെട്ടിയിട്ട് തലയ്ക്കടിച്ച ശേഷം ആദ്യം ജീവനോടെ മാറിടം അറുത്തു മാറ്റി. പിന്നീട് മറ്റ് അവയവങ്ങളും. സമാന രീതിയില്‍ രഹസ്യ ഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ചും അവയവങ്ങള്‍ അറുത്തു മാറ്റിയുമാണ് പദ്മത്തേയും വകവരുത്തിയത്.
കൊലപാതക ശേഷം റോസിലിന്റെ ശരീര ഭാഗങ്ങള്‍ പാചകം ചെയ്ത് പ്രതികള്‍ മൂന്നു പേരും ചേര്‍ന്ന് ഭക്ഷിക്കുകയും പദ്മത്തിന്റെ ശരീരഭാഗങ്ങള്‍ പിന്നീട് കഴിക്കുവാനായി ഉപ്പിട്ട് സൂക്ഷിക്കുകയും ചെയ്തു. നരബലി വാര്‍ത്തയ്ക്കു പിന്നാലെ നരഭോജന വാര്‍ത്ത കൂടി വന്നതോടെ മഹാബലിയുടെ നാട് നരബലിയുടെയും നരഭോജികളുടെയും നാടായി പുനര്‍നാമകരണം ചെയ്യപ്പെട്ടു... ലജ്ജിച്ചു തല താഴ്ത്തുകയല്ലാതെ വേറെന്തു വഴി.
നമ്മുടെ നാടിനെ ഈ പരുവമെത്തിച്ചതില്‍ ഇവിടെയുള്ള രാഷ്ട്രീയക്കാര്‍ക്കും ഭരണ നേതൃത്വത്തിനും മാപ്പര്‍ഹിക്കാനാകാത്ത പങ്കുണ്ട്. 'ഐശ്വര്യലബ്ധിക്കും സാമ്പത്തികാഭിവൃദ്ധിക്കും വിളിക്കുക' എന്നതു പോലുള്ള പരസ്യങ്ങള്‍ നല്‍കി ഇത്തരം അന്ധ വിശ്വാസങ്ങള്‍ക്ക് പ്രചുര പ്രചാരണം നല്‍കുന്ന നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും പ്രതിക്കൂട്ടിലാണ്. പീലാത്തോസ് കൈ കഴുകിയതു പോലെ ഈ നിഷ്‌കളങ്ക രക്തത്തില്‍ നിന്നും കൈ കഴുകി ഒഴിഞ്ഞു മാറാന്‍ അവര്‍ക്കുമാകില്ല.
ആഭിചാര ക്രിയകളും ദുര്‍മന്ത്രവാദവും തടയുന്നതിന് പ്രത്യേക നിയമം നിര്‍മിക്കുന്നതിനുള്ള പല അവസരങ്ങളും കേരളം പാഴാക്കിയതിന്റെ പരിണിത ഫലമാണ് ഇലന്തൂരില്‍ വീണ രക്തക്കറ. അന്ധ വിശ്വാസങ്ങളുടെ പേരില്‍ കൊലപാതകങ്ങള്‍ ഉണ്ടാകുമ്പോഴൊക്കെ കേരളം ഇരുട്ടിലേക്കെന്ന് നിലവിളിക്കുന്ന രാഷ്ട്രീയ നേതൃത്വവും സര്‍ക്കാരുകളും നിയമ നിര്‍മാണത്തിനുള്ള ഇച്ഛാശക്തി പിന്നീട് കാണിക്കാറില്ല. നിയമ നിര്‍മ്മാണം സംബന്ധിച്ച് കഴിഞ്ഞ പത്തു വര്‍ഷമായി നടക്കുന്നത് വെറും ചര്‍ച്ചകള്‍ മാത്രം.
നിയമ പരിഷ്‌കരണ കമ്മിഷന്‍ തയ്യാറാക്കിയ കരടുബില്‍ ഈ സര്‍ക്കാരിന്റെ മുന്നിലുമുണ്ട്. നിയമം നിര്‍മിക്കുമെന്ന് കഴിഞ്ഞ ഓഗസ്റ്റിലും സര്‍ക്കാര്‍ നിയമസഭയില്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല.
കേരള പോലീസില്‍ അഡീഷണല്‍ ഡി.ജി.പിയായിരുന്ന എ. ഹേമചന്ദ്രന്‍ 'അന്ധ വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണം തടയല്‍ ബില്‍-2014' എന്ന പേരില്‍ ഒരു നിയമം തയ്യാറാക്കിയിരുന്നു. നിരവധി പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം തയ്യാറാക്കിയ ബില്ലില്‍ അന്ധ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഏഴ് വര്‍ഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയുമാണ് നിര്‍ദേശിച്ചത്.
വിവിധ തലങ്ങളിലുള്ള ചര്‍ച്ചകള്‍ക്കുശേഷം നിയമം കൊണ്ടുവരുമെന്ന് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല നിയമസഭയിലടക്കം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചെങ്കിലും പിന്നീടൊന്നും നടന്നില്ല. ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷനായ ഭരണ പരിഷ്‌കരണ കമ്മിഷന്‍ 2019 തയ്യാറാക്കിയ 'ദുര്‍മന്ത്രവാദ, ആഭിചാര ക്രിയകള്‍ തടയലും ഇല്ലാതാക്കലും ബില്‍' ഉടന്‍ പരിഗണിക്കുമെന്ന് ഈ സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും അതും ചുവപ്പ് നാടയില്‍ തന്നെ.
കുറ്റകൃത്യങ്ങള്‍ക്ക് ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവും 5000 മുതല്‍ 50,000 രൂപ വരെ പിഴയുമാണ് ഇതില്‍ നിര്‍ദേശിക്കുന്നത്. ഇരകളെ പരിക്കേല്‍പ്പിക്കുകയോ വധിക്കുകയോ ചെയ്താല്‍ ഐ.പി.സി പ്രകാരമുള്ള വകുപ്പുകള്‍ ബാധകമായിരിക്കും. സര്‍ക്കാര്‍കൂടി നിര്‍ദേശിച്ചിട്ടാണ് കമ്മിഷന്‍ ഇത്തരമൊരു ബില്‍ തയ്യാറാക്കിയത്. എന്നിട്ടും കാര്യമായ പുരോഗതി ഉണ്ടായില്ല.
ഇതിനിടെ, അന്തരിച്ച മുന്‍ എംഎല്‍എ പി.ടി തോമസ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2018 ഓഗസ്റ്റില്‍ ദുര്‍മന്ത്രവാദവും അന്ധവിശ്വാസ പ്രവൃത്തികളും നിരോധിക്കുന്നതിന് സ്വന്തം നിലയ്ക്ക് സ്വകാര്യ ബില്‍ അവതരിപ്പിച്ചു. സമഗ്ര നിയമം നിര്‍മിക്കുന്നത് പരിഗണനയിലാണെന്നു പറഞ്ഞ് സ്വകാര്യ ബില്ലിനെ സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഈ സഭയില്‍ 2021 ഓഗസ്റ്റില്‍ കെ.ഡി പ്രസേനന്‍ അവതരിപ്പിച്ച 'കേരള അന്ധവിശ്വാസ അനാചാര നിര്‍മാര്‍ജന ബില്‍' എന്ന സ്വകാര്യ ബില്ലിനും ഇതായിരുന്നു ഗതി.
അന്ധ വിശ്വാസങ്ങളുടെ പേരില്‍ ഇനിയും നമ്മുടെ മണ്ണില്‍ രക്തക്കറ വീഴാതിരിക്കാന്‍ രാഷ്ട്രീയ, ഭരണ നേതൃത്വങ്ങള്‍ കൂട്ടായ തീരുമാനമെടുക്കണം. ഇത്തരക്കാര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കത്തക്ക തരത്തില്‍ ശക്തമായ നിയമ നിര്‍മ്മാണം അടിയന്തരമായി നടപ്പാക്കണം. വെറും പെറ്റിക്കേസുകളുടെ പിന്നാലെ പായുന്ന പൊലീസ് സംസ്ഥാനത്തിനൊട്ടാകെ നാണക്കേടുണ്ടാക്കുന്ന ഇത്തരം കൊടും കുറ്റകൃത്യങ്ങള്‍ തടയാന്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയും വേണം.
സമ്പത്തും ഐശ്വര്യവും വരാന്‍ കഠിനാധ്വാനമല്ലാതെ മറ്റ് കുറുക്കു വഴികളില്ലെന്നും രോഗം മാറാന്‍ മന്ത്രവാദമല്ല, കൃത്യമായ ചികിത്സയാണാവശ്യമെന്നും ബോധ്യപ്പെടുത്താന്‍ ശക്തവും നിരന്തരവുമായ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കണം. ഇനിയെങ്കിലും ഇക്കാര്യങ്ങള്‍ ഗൗരവമായെടുത്തില്ലെങ്കില്‍ നവോത്ഥാന കേരളം വീണ്ടും നാണിച്ച് തല കുനിക്കേണ്ടി വരും. ഇനിയും അതുണ്ടാകാതിരിക്കട്ടെ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.