ബെലാറസും റഷ്യക്കൊപ്പം അണിനിരക്കും; ഉക്രെയ്‌ൻ റഷ്യ യുദ്ധം പുതിയതലത്തിലേക്ക് കടക്കുന്നു

ബെലാറസും റഷ്യക്കൊപ്പം അണിനിരക്കും; ഉക്രെയ്‌ൻ റഷ്യ യുദ്ധം പുതിയതലത്തിലേക്ക് കടക്കുന്നു

മിൻസ്ക്: റഷ്യയുടെ ഉറച്ച സഖ്യകക്ഷിയായ ബെലാറസ് ഉക്രെയ്‌നുമായുള്ള യുദ്ധത്തിൽ അണിനിരക്കുമെന്ന ആശങ്ക ശക്തമാകുന്നു. ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ തന്റെ സൈനികർ റഷ്യയുമായി സംയുക്ത സൈനിക സംഘം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ എവിടെയാണ് സൈന്യത്തെ വിന്യസിക്കുക എന്നത് സംബന്ധിച്ച് ലുകാഷെങ്കോ വ്യക്തമാക്കിയിട്ടില്ല.

കീവിൽ നിന്നും പശ്ചിമേഷ്യയിൽ ഉക്രെയ്‌നിനെ പിന്തുണയ്ക്കുന്നവരിൽ നിന്നും ബെലാറസിന് വ്യക്തമായ ഭീഷണിയുണ്ടെന്ന് അവകാശപ്പെട്ടതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും കൈകോർക്കുന്നതായി ലുകാഷെങ്കോ പ്രഖ്യാപിച്ചത്. ഉക്രെയ്‌നിന് സമീപം റഷ്യൻ സേനയ്‌ക്കൊപ്പം വിന്യസിക്കാൻ സൈനികരോട് ഉത്തരവിട്ടതായി അദ്ദേഹം പറഞ്ഞു.

ഉക്രെയ്നിലെ യുദ്ധം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്നാണ് ലുകാഷെങ്കോയുടെ മുന്നറിയിപ്പുകൾ സൂചിപ്പിക്കുന്നത്. ഒരുപക്ഷേ ഉക്രെയ്നിന്റെ വടക്ക് ഭാഗത്താകും സംയുക്ത റഷ്യൻ-ബെലാറസ് സേന നിലയുറപ്പിക്കാൻ സാധ്യതയെന്നും റിപ്പോർട്ടുകളുണ്ട്.

സൈനിക നീക്കം യാഥാർഥ്യമോ?

ലുകാഷെങ്കോയുടെ അവകാശവാദങ്ങൾ ഉണ്ടായിരുന്നിട്ടും ബെലാറസ് വഴിയുള്ള റഷ്യൻ സൈനികരുടെ നീക്കം ഇതുവരെ സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് അമേരിക്ക പറയുന്നു. വിന്യാസത്തിൽ എത്ര ബെലാറസ് സൈനികർ ഉൾപ്പെട്ടിട്ടുണ്ടെന്നോ എത്ര റഷ്യൻ സൈനികർ ബെലാറസിലേക്ക് പോയിട്ടുണ്ടെന്നോ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.

ബെലാറസിന് 10,000 മുതൽ 15,000 വരെ റഷ്യൻ സൈനികർക്ക് ആതിഥേയത്വം വഹിക്കാൻ കഴിയുമെന്ന് ഒരു സ്വതന്ത്ര ബെലാറഷ്യൻ മിലിട്ടറി അനലിസ്റ്റ് അലക്സാണ്ടർ അലസിൻ പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ സ്വന്തം സൈന്യവുമായി ചേർന്ന് 60,000 വരെ സൈനികരുള്ള സംയുക്ത സേന രൂപീകരിക്കാൻ കഴിയും.

റിപ്പോർട്ടുകൾ യാഥാർഥ്യമെങ്കിൽ ഉക്രെയ്നിന്റെ വടക്ക്-കിഴക്കൻ ഭാഗത്ത് ബെലാറസുമായി 1,000 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തി പങ്കിടുന്ന മേഖലയിൽ സൈന്യം നിലയുറപ്പിച്ചിരിക്കാനാണ് സാധ്യത.

എന്നാൽ സേനയുടെ വിന്യാസം തികച്ചും പ്രതിരോധത്തിന്റെ ഭാഗമാണെന്നും മുൻ സോവിയറ്റ് റിപ്പബ്ലിക്കിന്റെ അതിർത്തികൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ബെലാറസ് പ്രതിരോധ മന്ത്രി വിക്ടർ ഖ്രെനിൻ പറഞ്ഞു. ഞങ്ങൾ ലിത്വാനിയക്കാരുമായോ പോളിഷുകാരുമായോ ഉക്രെനിയക്കാരുമായോ യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പ്രത്യേക സൈനിക ഓപ്പറേഷനിൽ ബെലാറസ് സൈനികർക്ക് ചേരാമെന്ന നിർദ്ദേശം അനാവശ്യമാണെന്ന് ബെലാറസ് സെക്യൂരിറ്റി കൗൺസിൽ തലവൻ അലക്‌സാണ്ടർ വോൾഫോവിച്ച് വ്യക്തമാക്കി. അതിന്റെ പേരിൽ ബെലാറസിനെ ആക്രമിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉക്രെയ്‌നിലെ യുദ്ധത്തിലേക്ക് ബെലാറസിനെ വലിച്ചിഴക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ജി 7 നേതാക്കളുടെ യോഗത്തിൽ പറഞ്ഞു. ഞങ്ങൾ ഈ രാജ്യത്തിന് നേരെ ആക്രമണത്തിന് തയ്യാറെടുക്കുന്നുവെന്ന പ്രസ്താവനകൾ പ്രകോപനം സൃഷ്ടിക്കുന്നുവെന്നും സെലെൻസ്‌കി പറഞ്ഞു. സുരക്ഷാ സാഹചര്യം നിരീക്ഷിക്കാൻ ഉക്രെയ്ൻ-ബെലാറസ് അതിർത്തിയിൽ അന്താരാഷ്ട്ര നിരീക്ഷകരെ നിയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആണവായുധങ്ങൾക്ക് ആതിഥേയത്വമെന്ന് സൂചന

ബെലാറസ് ഉക്രെയ്നിലേക്ക് സൈന്യത്തെ വിന്യസിക്കാൻ തയ്യാറല്ലെന്നും എന്നാൽ ചില റിപ്പോർട്ടുകൾ പ്രകാരം റഷ്യൻ ആണവായുധങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ബെലാറസ് തയ്യാറായേക്കുമെന്നും സ്വതന്ത്ര ബെലാറഷ്യൻ മിലിട്ടറി അനലിസ്റ്റായ അലക്സാണ്ടർ അലസിൻ വാദിച്ചു. ഇസ്‌കന്ദർ-എം മിസൈലുകൾ ഇതിനകം ബെലാറസിലേക്ക് വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

50 കിലോ ടൺ ശേഷിയും 500 കിലോമീറ്റർ ദൂരപരിധിയുമുള്ള ആണവ പോർമുനകൾ ഇസ്‌കന്ദർ-എം മിസൈലുകളിൽ സജ്ജീകരിക്കാം. ചില ബെലാറഷ്യൻ Su-24M ബോംബറുകൾ റഷ്യൻ ഫാക്ടറികളിൽ ആണവ ബോംബുകൾ വഹിക്കുന്നതിനായി പരിഷ്കരിച്ചിട്ടുണ്ടെന്നും അലസിൻ കൂട്ടിച്ചേർത്തു.

യുഎസ് തന്റെ ആണവായുധങ്ങൾ പോളണ്ടിൽ എത്തിച്ച് വിന്യസിച്ചാൽ മാത്രമേ റഷ്യൻ ആണവായുധങ്ങൾ ബെലാറസിലേക്ക് വിന്യസിക്കാൻ അനുവദിക്കൂവെന്ന് ബെലാറസ് പ്രത്യേകം വ്യവസ്ഥ ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഉക്രെയ്‌നിയൻ സൈനികർ അതിന്റെ യൂണിറ്റുകളുടെ പ്രവർത്തന ക്ഷമത പരിശോധിക്കുന്നതിനായി ബെലാറസിന്റെ അതിർത്തിക്കടുത്തുള്ള വടക്കൻ ഓപ്പറേഷൻ സോണിൽ പരിശീലനം നടത്തിയതായി ഉക്രെയ്നിലെ സായുധ സേന അറിയിച്ചു. ഉക്രെയ്നിനെതിരായ ആക്രമണത്തിൽ റിപ്പബ്ലിക് ഓഫ് ബെലാറസ് റഷ്യൻ ഫെഡറേഷന്റെ സഖ്യകക്ഷിയായതിനാലാണ് ഉക്രെയ്‌നിനെതിരെ ഭീഷണി നിലനിൽക്കുന്നതെന്ന് സംയുക്ത സേനയുടെ കമാൻഡർ സെർഹി നേവ് വ്യക്തമാക്കി.

മുന്നറിയിപ്പുകൾക്ക് നേരെ ബെലാറസ് കണ്ണടയ്ക്കുന്നോ?

അന്താരാഷ്ട്രതലത്തിലെ ജി7 രാജ്യങ്ങളായ കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുകെ, അമേരിക്ക എന്നീ രാജ്യങ്ങളിലെ നേതാക്കൾ ലുകാഷെങ്കോയുടെ പരാമർശങ്ങളോട് പ്രതികരിച്ചിരുന്നു. പുടിന്റെ യുക്രെയ്നിലെ യുദ്ധത്തിൽ സഹായിക്കുന്നത് നിർത്താൻ മിൻസ്കിന് ജി7 മുന്നറിയിപ്പ് നൽകി.

ബെലാറസ് ഭരണകൂടവും റഷ്യയും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് പുതിയ സംയുക്ത സൈനിക സംഘത്തിന്റെ പ്രഖ്യാപനം. അന്താരാഷ്ട്ര നിയമത്തിന് കീഴിലുള്ള ഭരണവ്യവസ്ഥ പൂർണ്ണമായും പാലിക്കാണമെന്ന് ലുകാഷെങ്കോ ഭരണകൂടത്തോട് ജി7 അഭ്യർത്ഥിച്ചു.

കൂടാതെ റഷ്യയെ സഹായിക്കുന്നത് നിർത്താൻ ബെലാറസിന് യൂറോപ്യൻ യൂണിയനും മുന്നറിയിപ്പ് നല്കിയിരുന്നു. ബഹുഭൂരിപക്ഷം ബെലാറഷ്യൻ ജനതയുടെ ഇച്ഛാശക്തിക്ക് വിരുദ്ധമായി യുദ്ധത്തിൽ ഏർപ്പെട്ടാൽ രാജ്യം ശക്തമായ നിയന്ത്രണ നടപടികൾ നേരിടേണ്ടിവരുമെന്നും കമ്മീഷൻ വക്താവ് പീറ്റർ സ്റ്റാനോ പറഞ്ഞു. റഷ്യയുടെ ക്രൂരവും നിയമവിരുദ്ധവുമായ നീക്കത്തിൽ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകളിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

ഭരണകൂടത്തിന്റെ ക്രിമിനൽ ഉത്തരവുകൾ പാലിക്കരുതെന്ന് ബെലാറഷ്യൻ ഓഫീസർമാരോടും സൈനികരോടും അഭ്യർത്ഥിക്കുന്ന ഒരു വീഡിയോ ബെലാറസ് പ്രതിപക്ഷ നേതാവ് സ്വിയാറ്റ്‌ലാന സിഖനൂസ്കയ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.