അമേരിക്കയിലെ നോർത്ത് കരോലിനയിൽ വെടിവെയ്പ്പ്; പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 5 പേർ കൊല്ലപ്പെട്ടു: പ്രതി പിടിയിൽ

അമേരിക്കയിലെ നോർത്ത് കരോലിനയിൽ വെടിവെയ്പ്പ്; പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 5 പേർ കൊല്ലപ്പെട്ടു: പ്രതി പിടിയിൽ

വാഷിങ്ടൺ: അമേരിക്കയിലെ നോര്‍ത്ത് കരോലിനയുടെ തലസ്ഥാനമായ റാലേയിലുണ്ടായ വെടിവെയ്പ്പിൽ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമേരിക്കൻ സമയം വൈകീട്ട് അഞ്ച് മണിയോടെയാണ് ​ആക്രമണമുണ്ടായതെന്ന് റാലേ മേയർ മേരി ആൻ ബ്ലാഡ്‍വിൻ വ്യക്തമാക്കി.

കൊല്ലപ്പെട്ടവരിൽ ഒരാൾ ഡ്യൂട്ടിയിലില്ലാത്ത പൊലീസുകാരനായിരുന്നു. കൂടാതെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരാളുടെ നില ഗുരുതരമാണ്. വെടിയേറ്റ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ പരിക്ക് ഗുരുതരമല്ലത്തതിനാൽ ഇയാൾ ആശുപത്രി വിട്ടതായി പോലീസ് വക്താവ് ലഫ്റ്റനന്റ് ജേസൺ ബോർണിയോ പറഞ്ഞു.

രാത്രി 9.30 യ്ക്ക് ശേഷമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്നും ബോർണിയോ പറഞ്ഞു. പ്രതി ഒരു വെള്ളക്കാരനായ പ്രായപൂർത്തിയാകാത്ത വ്യക്തിയാണെന്നും വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുവെന്നും പോലീസ് പറഞ്ഞു.

ന്യൂസ് നദി ഗ്രീൻവേയ്‌ക്ക് സമീപമുള്ള ഹെഡിംഗ്‌ ഹാമിന്റെ സമീപസ്ഥലത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. മണിക്കൂറുകൾ നീണ്ട കഠിനപ്രയത്നത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞതെന്നും ബോർണിയോ വ്യക്തമാക്കി.

പ്രതിയെ പിടികൂടുന്നത് വരെ പ്രദേശവാസികൾ അവരവരുടെ വീടുകളിൽ തുടരണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. വിവേകശൂന്യവും ഭയാനകവും പ്രകോപിപ്പിക്കുന്നതുമായ അക്രമമാണ് നടന്നതെന്ന് നോര്‍ത്ത് കരോലിന ഗവര്‍ണര്‍ റോയ് കൂപ്പര്‍ പറഞ്ഞു.

രാജ്യത്ത് നടക്കുന്ന ഈ ബുദ്ധിശൂന്യമായ തോക്ക് ഉപയോഗിച്ചുള്ള അക്രമം അവസാനിപ്പിക്കണമെന്ന് റാലേ മേയർ മേരി-ആൻ ബാൾഡ്വിനും ആവശ്യപ്പെട്ടു. മറ്റൊരു മേയർക്കും സമാനമായ അവസ്ഥ ഉണ്ടാകരുതെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും വികാരാധീനയായ ബാൾഡ്വിൻ പറഞ്ഞു.

അമേരിക്കയിൽ അടുത്ത കാലത്തതായി തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങൾ വർധിച്ച് വരികയാണ്. 2022ൽ മാത്രം നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഗൺ വയലൻസ് ആർക്കൈവിന്റെ കണക്കനുസരിച്ച് അമേരിക്കയിൽ റാലേയിലെ ഉൾപ്പെടെ ഇതുവരെ 531 കൂട്ട വെടിവയ്പ്പുകൾ ഉണ്ടായിട്ടുണ്ട്. ഒരു ആക്രമണത്തിൽ കുറഞ്ഞത് നാല് പേരെങ്കിലും കൊല്ലപ്പെടുന്നതിനെയാണ് കൂട്ട വെടിവെയ്പ്പ് ആക്രമങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.