ലോകത്ത് 21 രാജ്യങ്ങളിൽ ചൈനയുടെ പോലീസ് സാന്നിധ്യം; സിഡ്നിയിലെ പോലീസ് സേവന കേന്ദ്രം സംശയനിഴലിൽ

ലോകത്ത് 21 രാജ്യങ്ങളിൽ ചൈനയുടെ പോലീസ് സാന്നിധ്യം; സിഡ്നിയിലെ പോലീസ് സേവന കേന്ദ്രം സംശയനിഴലിൽ

സിഡ്‌നി: ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ മറവിലും വിദേശത്തുള്ള സ്വന്തം പൗരന്മാര്‍ക്കു വേണ്ടിയെന്ന പേരിലും ഓസ്‌ട്രേലിയ ഉള്‍പെടെ ലോകമെമ്പാടും പോലീസ് സാന്നിധ്യം വര്‍ധിപ്പിച്ച് ചൈന. അഞ്ച് ഭൂഖണ്ഡങ്ങളിലെ 21 ലധികം രാജ്യങ്ങളിലായി 80-ലധികം നഗരങ്ങളിലാണ് ചൈനയുടെ പോലീസ് സര്‍വീസ് സ്റ്റേഷനുകള്‍ ആരംഭിച്ചിട്ടുള്ളത്.

ഓസ്‌ട്രേലിയ, അമേരിക്ക, ജപ്പാന്‍, സ്‌പെയിന്‍, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ പോലും ചൈനീസ് പോലീസ്  ഇത്തരം സര്‍വീസ് സ്റ്റേഷനുകള്‍ സ്ഥാപിച്ചതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ സേഫ്ഗാര്‍ഡ് ഡിഫന്‍ഡേഴ്‌സ് ഈ മാസം ആദ്യം പുറത്തുവിട്ട റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

വിദേശത്ത് ധാരാളം ചൈനീസ് പൗരന്മാരുള്ള സ്ഥലങ്ങളിലാണ് പോലീസ് സര്‍വീസ് സ്റ്റേഷനുകളുള്ളത്. ഇതിന്റെ നിയന്ത്രണം ചൈനയിലെ പ്രാദേശിക, മുനിസിപ്പല്‍ ഗവണ്‍മെന്റുകള്‍ക്കാണ്.

ചൈനയിലെ തെക്കു കിഴക്കന്‍ നഗരമായ ഫുഷൗവില്‍ നിന്നുള്ള ഏകദേശം മൂന്നു ദശലക്ഷം പൗരന്മാരാണ് പാശ്ചാത്യ രാജ്യങ്ങളില്‍ താമസിക്കുന്നത്. ഇവര്‍ക്കു വേണ്ടി ഇറ്റലിയിലെ പ്രാറ്റോയിലും സ്‌പെയിനിലെ ബാഴ്‌സലോണയിലും പോലീസ് ഓവര്‍സീസ് സര്‍വീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

'കോണ്‍ടാക്റ്റ് പോയിന്റുകള്‍' എന്ന് ചൈനീസ് അധികൃതര്‍ വിളിക്കുന്ന സ്റ്റേഷനുകള്‍ അവരുടെ പൗരന്മാര്‍ക്കു വേണ്ട സേവനങ്ങള്‍ ചെയ്തു കൊടുക്കുന്നു.  തിരിച്ചറിയല്‍ കാര്‍ഡുകള്‍, പാസ്പോര്‍ട്ടുകള്‍, ഡ്രൈവിംഗ് ലൈസന്‍സുകള്‍ എന്നിവ പുതുക്കുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ പൗരന്മാര്‍ക്ക് ചെയ്തു കൊടുക്കാനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനുമാണ് ഈ പോലീസ് സാന്നിധ്യമെന്നാണ് ചൈനീസ് അധികൃതര്‍ പറയുന്നത്.

2018-ലാണ് ചൈനയിലെ വെന്‍ഷൂ നഗരത്തില്‍നിന്നുള്ള പോലീസ് (പബ്ലിക് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ്) ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലും ഇത്തരമൊരു 'കോണ്ടാക്റ്റ് പോയിന്റ്' സ്ഥാപിച്ചത്.

കോണ്ടാക്റ്റ് പോയിന്റുകളുടെ മറവില്‍ നടക്കുന്നത്?

എന്നാല്‍ ഇതിനൊരു മറുവശമുണ്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. ചൈനീസ് ഭരണകൂടത്തെ വിമര്‍ശിക്കുന്നതിന്റെ പേരില്‍വിദേശത്തേക്കു പലായനം ചെയ്ത വിമതരെ ലക്ഷ്യം വയ്ക്കാനും രാഷ്ട്രീയാഭിപ്രായങ്ങളുടെ പേരില്‍ വിചാരണ നേരിടുന്നവരെ ചൈനയിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിക്കുന്നതിനും ഇത്തരം വിദേശ പോലീസ് ഓഫീസുകള്‍ രഹസ്യമായി ഉപയോഗിക്കപ്പെടുന്നതായി സംഘടനകള്‍ പറയുന്നു.
സിസ്‌നിയിലെ പോലീസ് സേവന കേന്ദ്രത്തില്‍ എന്തു പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത് എന്നതു സംബന്ധിച്ച ഓസ്ട്രലിയന്‍ മാധ്യമമായ എ.ബി.സിയുടെ ചോദ്യങ്ങളോട് ചൈനീസ് അധികൃതര്‍ പ്രതികരിച്ചില്ല.

2019-ല്‍ വെന്‍ഷൂവില്‍ നടന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങിലൂടെയാണ് സിഡ്നിയിലെ ഈ പോലീസ് സ്‌റ്റേഷന്‍ അന്തര്‍ദേശീയ മാധ്യമങ്ങളുടെ സംശയ നിഴലില്‍ വന്നത്.
ചടങ്ങില്‍ വെന്‍ഷൂ പോലീസ് മേധാവി ലുവോ ജി പറഞ്ഞതാണ് വിവാദമായത്. ഇത്തരം കേന്ദ്രങ്ങള്‍ ബെല്‍റ്റ് ആന്‍ഡ് റോഡ് സംരംഭത്തോടുള്ള 'പോസിറ്റീവ് പ്രതികരണം' ആണെന്ന മട്ടിലാണ് അദ്ദേഹം സംസാരിച്ചത്. എന്നാല്‍ ഓസ്ട്രേലിയയ്ക്ക് ചൈനയുമായി ഇത്തരം യാതൊരു കരാറും ഇല്ല.

അതേസമയം, ഇത്തരമൊരു പോലീസ് സേവന കേന്ദ്രം അടച്ചുപൂട്ടിയെന്നാണ് ഓസ്ട്രേലിയയിലെ വെന്‍ഷൂ ചേംബര്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് കൊമേഴ്സിന്റെ വക്താവ് എബിസിയോട് പറഞ്ഞത്. എന്നാല്‍ സിഡ്നിയിലെ പോലീസ് സേവന കേന്ദ്രത്തെക്കുറിച്ച് ചൈനയിലെ വെന്‍ഷൂ പോലീസുമായി ബന്ധപ്പെട്ടപ്പോള്‍, അത് ഇപ്പോഴും തുറന്നിരിക്കുന്നതായാണ് അവര്‍ വ്യക്തമാക്കിയത്.

ഓസ്ട്രേലിയയിലെ ചൈനീസ് പോലീസിന്റെ നിയമസാധുതയെക്കുറിച്ച് പ്രതികരിക്കാന്‍ ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസും വിസമ്മതിച്ചു. ഇവിടത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയാന്‍ കാന്‍ബറയിലെ ചൈനീസ് എംബസിയും സിഡ്നിയിലെ കോണ്‍സുലേറ്റ് ജനറലും തയാറായിട്ടില്ല.

സിഡ്നി 'കോണ്‍ടാക്റ്റ് പോയിന്റ്' മറ്റ് രാജ്യങ്ങളിലെ ചൈനയുടെ വിദേശ പോലീസ് ഓഫീസുകള്‍ക്ക് സമാനമാണെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ട സേഫ്ഗാര്‍ഡ് ഡിഫന്‍ഡേഴ്സിന്റെ കാമ്പെയ്ന്‍ ഡയറക്ടര്‍ ലോറ ഹാര്‍ത്ത് പറഞ്ഞു. അതേസമയം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഓസ്‌ല്രേിയയിലെ ചൈനീസ് പോലീസ് സാന്നിധ്യത്തിന് പ്രാധാന്യമേറെയാണ്.

ചൈനയില്‍ നിന്ന് പലായനം ചെയ്ത വിമതര്‍, വംശീയ, മത ന്യൂനപക്ഷ വിഭാഗങ്ങളിലെ ആളുകള്‍ കൂടുതലായി താമസിക്കുന്ന ഓസ്ട്രേലിയയില്‍ അവരെ പിന്തുടരാനും രഹസ്യങ്ങള്‍ ചോര്‍ത്താനും ഇത്തരം സേവന കേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്താം.

വിദേശത്തേക്കു ഒളിച്ചോടിയവരെയാണ് ചൈന ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ വിമര്‍ശകരടക്കം ആയിരക്കണക്കിന് ആളുകളെ ചൈനയിലേക്ക് നിര്‍ബന്ധിതമായി തിരിച്ചയച്ചതായി ഒരു മനുഷ്യാവകാശ സംഘടന അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അതിന് ഇത്തരം കേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്തര്‍ദേശീയ തലത്തില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ചൈനീസ് പൗരന്മാരെ പിടികൂടാനും വിദേശ രാജ്യങ്ങളിലെ കുറ്റകൃത്യങ്ങളില്‍ നിന്ന് അവരെ തടയാനും ഈ പോലീസ് സ്റ്റേഷനുകള്‍ ലക്ഷ്യമിടുന്നു. ഇത്തരത്തില്‍ 230,000ത്തിലധികം ചൈനീസ് പൗരന്മാരെ സ്വന്തം രാജ്യത്ത് ക്രിമിനല്‍ നടപടികള്‍ നേരിടാന്‍ മടക്കി അയച്ചതായി ബീജിങ് അടുത്തിടെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതിന്റെ മറവില്‍ ഭരണകൂട വിമര്‍ശകരെയും ചൈന ലക്ഷ്യമിടുന്നു.

സിഡ്നി ആസ്ഥാനമായുള്ള പോലീസ് കേന്ദ്രം നിയമവിരുദ്ധം ആയിരിക്കുമെന്നാണ് ഓസ്‌ട്രേലിയയിലെ സുരക്ഷാ വിദഗ്ധര്‍ പറയുന്നത്. ഒട്ടും സുതാര്യതയില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം പോലീസ് സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കാനുള്ള സാധ്യതയുള്ളതായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഉഭയകക്ഷി പോലീസ് സഹകരണത്തിന് മുകളിലുള്ള ഒരു സമാന്തര പോലീസ് സംവിധാനമാണ്. ഇത് വിദേശ രാജ്യങ്ങളിലെ പോലീസ് അന്വേഷണത്തെയോ നടപടികളെയോ തടസപ്പെടുത്തിയേക്കാമെന്ന് ചൈനയിലെ മനുഷ്യാവകാശ അഭിഭാഷകനായ സാം ഹുവാങ് പറയുന്നു.

വിദേശത്ത് താമസിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെ നിശബ്ദരാക്കാനും നിയമവിരുദ്ധമായ രീതികള്‍ ഉപയോഗിച്ച് അവരെ പീഡിപ്പിക്കാനും ഈ കേന്ദ്രങ്ങളെ ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.