വായ്പ തിരിച്ചടവില്‍ വീഴ്ച; ആഫ്രിക്കന്‍ രാജ്യത്തിന് വന്‍തുക പിഴയിട്ട് ചൈനീസ് ബാങ്കുകള്‍

വായ്പ തിരിച്ചടവില്‍ വീഴ്ച; ആഫ്രിക്കന്‍ രാജ്യത്തിന് വന്‍തുക പിഴയിട്ട് ചൈനീസ് ബാങ്കുകള്‍

നെയ്‌റോബി: വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിന് ആഫ്രിക്കന്‍ രാജ്യമായ കെനിയയ്ക്ക് ചൈനീസ് ബാങ്കുകള്‍ 1.312 ബില്യണ്‍ കെനിയന്‍ ഷില്ലിങ് (ഏകദേശം 90 കോടി ഇന്ത്യന്‍ രൂപ) പിഴ ചുമത്തിയതായി റിപ്പോര്‍ട്ട്. സ്റ്റാന്‍ഡേഡ് ഗേജ് റെയില്‍വേ (എസ്ജിആര്‍) നിര്‍മിക്കുന്നതിനായി സ്വീകരിച്ച വായ്പ തിരിച്ചടവിലാണ് വീഴ്ച വരുത്തിയത്. ഇതോടെ രാജ്യത്തിന്റെ വിദേശ കടം വര്‍ധിച്ചതായും കെനിയന്‍ ഇംഗ്ലീഷ് മാധ്യമമായ ബിസിനസ് ഡെയിലി റിപ്പോര്‍ട്ട് ചെയ്തു.

മൊംബാസ മുതല്‍ നൈവാഷ വരെയുള്ള സ്റ്റാന്‍ഡേഡ് ഗേജ് റെയില്‍വേ (എസ്.ജി.ആര്‍) പദ്ധതിക്കായാണ് കെനിയ ചൈനയില്‍ നിന്നും ധനസഹായം സ്വീകരിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതിയില്‍ നിന്നുള്ള വരുമാനം കുറഞ്ഞതോടെയാണ് വായ്പ തിരിച്ചടവില്‍ കെനിയ പ്രതിസന്ധി നേരിട്ടത്. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2020-2021 സാമ്പത്തിക വര്‍ഷത്തില്‍ 15 ബില്യണ്‍ കെനിയന്‍ ഷില്ലിങ്ങിന്റെ (123.9 ദശലക്ഷം യുഎസ് ഡോളര്‍) വരുമാനമാണ് എസ്.ജി.ആര്‍ ഉണ്ടാക്കിയത്.

അതേസമയം, 18.5 ബില്യണ്‍ കെനിയന്‍ ഷില്ലിങ് (152.8 ദശലക്ഷം യു.എസ് ഡോളര്‍) ആയിരുന്നു ഇക്കാലയളവില്‍ എസ്.ജി.ആറിന്റെ പ്രവര്‍ത്തന ചെലവ്. 2017 ലാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. ചൈനയില്‍ നിന്നും ലഭിച്ച 3.8 ബില്യണ്‍ യു.എസ് ഡോളറിന്റെ വായ്പ സഹായത്തോടെയാണ് 472 കിലോമീറ്റര്‍ ദൂരമുള്ള എസ്.ജി.ആര്‍ പദ്ധതി പൂര്‍ത്തിയാക്കിയത്.

അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി 2014 മുതലാണ് കെനിയ ചൈനീസ് ബാങ്കുകളില്‍ നിന്നും വായ്പ സ്വീകരിക്കാന്‍ ആരംഭിച്ചത്. 2022 ജൂണോടെ കെനിയയുടെ വിദേശ കടം 36.4 ബില്യണ്‍ യു.എസ് ഡോളറിലെത്തിയതായാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് കെനിയയില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.