മോസ്കോ: യുക്രെെനുമായി അതിർത്തി പങ്കിടുന്ന തെക്ക്-പടിഞ്ഞാറൻ റഷ്യയിലെ ബെൽഗൊറോഡ് മേഖലയിലെ സൈനിക പരിശീലന ഗ്രൗണ്ടിൽ നടന്ന ഭീകരാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ മരണസംഖ്യ ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതലാണെന്ന് ചില റഷ്യൻ സ്വതന്ത്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
യുക്രെയ്നെതിരെ യുദ്ധം ചെയ്യാൻ താല്പര്യമുള്ളവർക്ക് പരിശീലനം നൽകുന്നതിനിടെ മുൻ സോവിയറ്റ് യൂണിയൻ രാജ്യത്തു നിന്നുള്ള രണ്ട് പൗരന്മാരെത്തി വെടിവെക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ഇരുവരും പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടു. പ്രാദേശിക സമയം രാവിലെ 10 മണിയോടെയാണ് വെടിവയ്പ്പ് നടന്നത്.
ഒക്‌ടോബർ 15 ന് ഒരു സിഐഎസ് രാജ്യത്തെ രണ്ട് പൗരന്മാർ ബെൽഗൊറോഡ് മേഖലയിലെ പടിഞ്ഞാറൻ സൈനിക ജില്ലയുടെ പരിശീലന മേഖലയിൽ ഭീകരപ്രവർത്തനം നടത്തിയെന്നാണ് റഷ്യയുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന റിപ്പബ്ലിക്കുകൾക്കാണ് സിഐഎസ് എന്ന് പറയുന്നത്.
യുക്രെെനിലെ പ്രത്യേക സൈനിക നീക്കത്തിനായി സന്നദ്ധപ്രവർത്തകർക്കുള്ള പരിശീലനത്തിനിടെയാണ് ആക്രമണമുണ്ടായതെന്നും മന്ത്രാലയം അറിയിച്ചതായി പ്രസ്താവനയിലുണ്ട്. സംഭവത്തെ ഭീകരാക്രമണമെന്നും മന്ത്രാലയം വിശേഷിപ്പിച്ചു. എന്നാൽ അക്രമികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ റഷ്യ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
അതേസമയം, താജിക്കിസ്താനിൽ നിന്നുള്ളവരാണ് അക്രമികളെന്ന പ്രസ്താവനയുമായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുടെ ഉപദേശകൻ രംഗത്തെത്തി. മതത്തെ സംബന്ധിച്ച വാക്ക് തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് സെലൻസ്കിയുടെ ഉപദേഷ്ടാവ് ഒലക്സി അറെസ്റ്റോവിച്ച് പറഞ്ഞു.
താജിക്കിസ്ഥാൻ ഉൾപ്പെടെ ഒമ്പത് മുൻ സോവിയറ്റ് റിപ്പബ്ലിക്കുകൾ ഉൾപ്പെടുന്ന കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്‌റ്റേറ്റ്‌സിലെ ഒരു രാഷ്ട്രത്തിൽ നിന്നുള്ളവരാണ് ആക്രമണകാരികളെന്ന് റഷ്യൻ മന്ത്രാലയം പറഞ്ഞിരുന്നു. ഉക്രെയ്‌ൻ അധിനിവേശത്തിനു ശേഷം മോസ്‌കോയുടെ സേനയ്‌ക്കുണ്ടായ ഉയർന്ന തിരിച്ചടികളുടെ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണ് മാരകമായ സംഭവം.
അതേസമയം ഉക്രെയ്‌നുമായുള്ള യുദ്ധത്തിന്റെ തുടക്കം മുതൽ റഷ്യൻ സൈന്യത്തെ ബാധിച്ച പ്രശ്നങ്ങളെ തുടർന്ന് അവർക്കിടയിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കത്തിലേക്കാണ് സൈനിക ക്യാമ്പിൽ നടന്ന കൂട്ട വെടിവയ്പ്പ് വിരൽ ചൂണ്ടുന്നത്. സെപ്തംബർ 21 ന് നിർബന്ധിത സൈനികപ്രവർത്തനം നടപ്പാക്കിയ ശേഷം 2,00,000 ത്തിലധികം ആളുകൾ റഷ്യൻ സായുധ സേനയിലേക്ക് ചേർന്നെന്നാണ് കണക്കുകൾ പറയുന്നത്.
ഉക്രെയ്‌നിൻ മുന്നേറ്റങ്ങൾ തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി വ്ളാഡിമിർ പുടിന്റെ തീരെ ജനപ്രിയമല്ലാത്ത ഉത്തരവിനെ തുടർന്ന് പതിനായിരക്കണക്കിന് പുതിയ റഷ്യൻ പുരുഷന്മാരെ ഉക്രെയ്നിലേക്ക് അയയ്ക്കുന്നതിനിടെയാണ് ഈ ദാരുണ സംഭവം. തിടുക്കപ്പെട്ടുള്ള സൈനിക സംഘാടന യജ്ഞത്തെ തുടർന്ന് രാജ്യമെമ്പാടും രോഷം അലയടിക്കുകയും യുദ്ധത്തിൽ പങ്കെടുക്കാൻ തയ്യാറാകാത്ത ലക്ഷക്കണക്കിന് റഷ്യക്കാർ പലായനം ചെയ്യുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം കസാക്കിസ്ഥാൻ തലസ്ഥാനമായ അസ്താനയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ 16,000 സൈനികർ ഇതിനകം ഉക്രെയ്നിൽ യുദ്ധം ചെയ്യുന്നുണ്ടെന്നും 2,22,000 റഷ്യക്കാരെ യുദ്ധത്തിന് അണിനിരക്കുന്നതിനായി വിളിച്ചിട്ടുണ്ടെന്നും പുടിൻ പറഞ്ഞു. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം പുതുതായി വിന്യസിച്ച 20-ലധികം സൈനികർ ഇതിനകം ഉക്രെയ്നിൽ യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്തു.
ഉക്രെയ്നിലേക്ക് അയയ്ക്കാൻ കാത്തിരിക്കുമ്പോൾ പരിശീലന കേന്ദ്രങ്ങളിൽ നിരവധി പുരുഷന്മാർ മോശം അവസ്ഥയിൽ കഴിയുന്നതായി തെളിയിക്കുന്ന നിരവധി വീഡിയോകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. മാത്രമല്ല ഇത്തരം മൊബിലൈസേഷൻ ക്യാമ്പുകളിലെ ചില മരണങ്ങളും യുദ്ധത്തിൽ പങ്കെടുക്കാൻ നിർബന്ധിക്കപ്പെടുന്നവരുടെ മനോവീര്യം സംബന്ധിച്ച ഗുരുതരമായ പ്രശ്നങ്ങൾ സൂചിപ്പിക്കുന്നു.
പരിശീലനത്തിനിടെ സെന്റ് പീറ്റേഴ്സ്ബർഗിനടുത്തുള്ള സൈനിക താവളത്തിൽ ഒരാൾ സ്വയം വെടിയുതിർത്തു മരിച്ചിരുന്നു. സൈബീരിയയിലെ മറ്റൊരാൾ മെസ്സ് ഹാളിൽ വച്ച് സ്വന്തം കഴുത്തറുക്കിയതായും റിപ്പോർട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ ഇന്നലെ പ്രചരിച്ച ഒരു വീഡിയോയിൽ ഉക്രെയ്ൻ അതിർത്തിയിൽ നിന്ന് 100 മൈൽ അകലെയുള്ള ബ്രയാൻസ്കിൽ നിന്നുള്ള ഒരു കൂട്ടം പുരുഷന്മാരുടെ അമ്മമാർ തങ്ങളുടെ മക്കളെ തിരികെ അയക്കണമെന്ന് പുടിനോട് ആവശ്യപ്പെട്ടു. കൂടാതെ അവർ മൊബിലൈസേഷൻ പ്രക്രിയയെ ഒരു "പ്രഹസനം" എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.