വിട്ടുവീഴ്ചയില്ല: കേരള സര്‍വകലാശാലയില്‍ സ്വന്തം നിലയ്ക്ക് താല്‍ക്കാലിക വിസിയെ നിയമിക്കാനൊരുങ്ങി ഗവര്‍ണര്‍

വിട്ടുവീഴ്ചയില്ല: കേരള സര്‍വകലാശാലയില്‍ സ്വന്തം നിലയ്ക്ക് താല്‍ക്കാലിക വിസിയെ നിയമിക്കാനൊരുങ്ങി ഗവര്‍ണര്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ സ്വന്തം നിലയ്ക്ക് താല്‍ക്കാലിക വിസിയെ നിയമിക്കാനൊരുങ്ങുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതിന്റെ ഭാഗമായി പ്രൊഫസർ തസ്തികയിലെത്തി പത്തുവർഷം കഴിഞ്ഞ അധ്യാപകരുടെ പട്ടിക ഗവർണർ സർവകലാശാലകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. 

കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ, കൊച്ചി സർവകലാശാലകളോടാണ് വിവരം നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. വൈസ് ചാൻസലറുടെ ഒഴിവു വരുമ്പോൾ സാധാരണ തൊട്ടടുത്ത സർവകലാശാലാ വൈസ് ചാൻസലർക്കാണ് ചുമതല നൽകുക. ഇതിൽനിന്ന് വ്യത്യസ്‌തമായി അതേ സർവകലാശാലയിലെ മുതിർന്ന പ്രൊഫസർക്ക് താത്കാലിക ചുമതല നൽകുകയെന്ന ലക്ഷ്യംവെച്ചാണ് പട്ടിക തയ്യാറാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

കേരള സർവകലാശാല വൈസ് ചാൻസലറുടെ കാലാവധി 24-ന് അവസാനിക്കും. ഗവർണർ സെർച്ച് കമ്മിറ്റി ഉണ്ടാക്കിയെങ്കിലും അതിലേക്ക് സർവകലാശാലാ പ്രതിനിധിയെ നൽകാത്തതിനാൽ പുതിയ വി.സി. നിയമനത്തിന്റെ നടപടികൾ കാര്യമായി മുന്നോട്ടുപോയിട്ടുമില്ല. സമയബന്ധിതമായി നിയമനം സാധ്യമാകില്ലെന്ന് കണ്ടാണ് പ്രൊഫസർക്ക് താത്കാലിക ചുമതല നൽകാനൊരുങ്ങുന്നത്. 

മുൻകാലങ്ങളിൽ സർക്കാരുമായി ഗവർണർ കൂടിയാലോചിക്കാറുണ്ടായിരുന്നുവെങ്കിലും നിലവിലെ സാഹചര്യത്തിൽ ഗവർണർ സ്വന്തംനിലയിലായിരിക്കും താത്കാലിക വി.സി.യെ നിയമിക്കുകയെന്നാണ് വിവരം. യു.ജി.സി. നിയമപ്രകാരം വി.സി.യായി നിയമിക്കപ്പെടുന്നതിന് പത്തുവർഷത്തെ പ്രൊഫസർ സേവനം ആവശ്യമാണ്.

വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി പ്രതിനിധിയെ നിശ്ചയിക്കുന്നതിന് ക്വാറം തികയ്ക്കാൻ സെനറ്റ് അംഗങ്ങളെ നിയമിക്കുന്നതിന്റെ സാധ്യതയും ഗവർണർ പരിശോധിക്കുന്നു. സെർച്ച് കമ്മിറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള യോഗത്തിൽനിന്ന് വിട്ടുനിന്ന സെനറ്റ് അംഗങ്ങളെ കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. അയോഗ്യരാക്കിയവരിൽ സ്റ്റാറ്റ്യൂട്ടറി അംഗങ്ങൾ ഒഴികെയുള്ള 11 അംഗങ്ങളെ നാമനിർദേശംചെയ്യുന്നത് സംബന്ധിച്ചാണ് പരിശോധന നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.