പത്ത് ദിവസത്തെ പ്രത്യേക പരിശോധയില്‍ കണ്ടെത്തിയത് 4584 നിയമ ലംഘനങ്ങള്‍; 1.03 കോടി രൂപ പിഴയിട്ടു

 പത്ത് ദിവസത്തെ പ്രത്യേക പരിശോധയില്‍ കണ്ടെത്തിയത് 4584 നിയമ ലംഘനങ്ങള്‍; 1.03 കോടി രൂപ പിഴയിട്ടു

തിരുവനന്തപുരം: ഓപറേഷന്‍ ഫോക്കസ് -3 എന്ന പ്രത്യേക പരിശോധയില്‍ കണ്ടെത്തിയത് 4584 നിയമലംഘനങ്ങള്‍. 1.03 കോടി രൂപ പിഴയിട്ടു. ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനങ്ങള്‍ തടയാന്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പത്ത് ദിവസം നീണ്ട പരിശോധനക്കൊടുവിലാണ് നിയമലംഘകരെ കണ്ടെത്തിയത്.

അപകടകരമായ ഡ്രൈവിങ്ങിന് 189 ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി. ഗുരുതര നിയമലംഘനം പിടികൂടിയ 14 ബസുകളുടെ ആര്‍.സി റദ്ദാക്കി.

3480 വാഹനങ്ങളില്‍ നിരോധിത ലൈറ്റുകള്‍ ഉപയോഗിച്ചതായി കണ്ടെത്തി. നാലും അഞ്ചും എച്ച്.ഐ.ഡി ലൈറ്റുകള്‍ (ഹൈ ഇന്റന്‍സിറ്റി ഡിസ്ചാര്‍ജ്) തെളിയിച്ചായിരുന്നു ഇവയുടെ പാച്ചില്‍. അര കിലോമീറ്ററിലേറെ പ്രകാശം നല്‍കുന്ന എച്ച്.ഐ.ഡി ലൈറ്റുകള്‍ എതിര്‍ദിശയില്‍ എത്തുന്നവരുടെ കാഴ്ചയെത്തന്നെ മറയ്ക്കുന്ന രീതിയിലാണ് വിന്യസിച്ചിരുന്നത്.

ലൈറ്റുകളുടെ ചുറ്റിലും ബോഡിയിലും വൈപ്പറിന്റെ രണ്ട് ആമുകളിലും എല്‍.ഇ.ഡി സ്ട്രിപ്പുകളാണ് മറ്റൊന്ന്. സ്പീഡ് ഗവേണര്‍ അഴിച്ചിട്ട നിലയില്‍ 541 ബസ് കണ്ടെത്തി. അനധികൃത എയര്‍ഹോണ്‍ ഉപയോഗവും വ്യാപകമായിരുന്നുവെന്നാണ് കണ്ടെത്തല്‍.

ഇത്തരത്തില്‍ 932 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. കാതടിപ്പിക്കുന്ന മള്‍ട്ടി ടോണ്‍ എയര്‍ഹോണും മള്‍ട്ടി പൈപ്പ് എയര്‍ ഹോണും വണ്ടി നിര്‍ത്തിയിട്ടുള്ള പരിശോധന സമയത്ത് പിടികൂടാനാകാത്ത വിധമാണ് ക്രമീകരിച്ചിരുന്നത്. ഹാന്‍ഡ് ബ്രേക്ക് ഇട്ടാല്‍ എയര്‍ ഹോണ്‍ പ്രവര്‍ത്തിക്കാത്ത രീതിയിലാണ് ഇവ ഘടിപ്പിക്കുന്നത്. പരിശോധന സമയത്ത് ഹാന്‍ഡ് ബ്രേക്ക് ഉണ്ടാകുമെന്ന സാധ്യതയാണ് ഉപയോഗപ്പെടുത്തിയിരുന്നത്. വാഹന ഘടനയില്‍ മാറ്റം വരുത്തിയതിന് 393 കേസ് രജിസ്റ്റര്‍ ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.