മെല്‍ബണ്‍: പ്രളയത്തിന്റെ രൂക്ഷത ഏറ്റവും തീവ്രതയോടെ അനുഭവിച്ചറിയുകയാണ് ഓസ്‌ട്രേലിയയിലെ വിക്‌ടോറിയ സംസ്ഥാനം. കഴിഞ്ഞ 15ന് തുടങ്ങിയ പ്രളയം ഇപ്പോഴും ഷെപ്പാര്‍ട്ടണ്‍ മേഖലയില്‍ തുടരുകയാണ്. ശക്തമായ മഴ മുന്നറിയിപ്പുള്ളതിനാല്‍ ഇവിടെ ഇനിയും വെള്ളം ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഗോള്‍ബെണ്‍ നദി ഷെപ്പാര്‍ട്ടണില്‍ എത്തുന്നതിന് മുമ്പ് മൂന്ന് ജലസ്രോതസുകളുമായി ചേരുന്നുണ്ട് - ഈല്‍ഡണ്‍ തടാകം, സീമോര്‍ തടാകം, നാഗമ്പി തടാകം. ഈ തടാകങ്ങള്‍ നിറഞ്ഞു കഴിയുമ്പോള്‍ ഷെപ്പാര്‍ട്ടണും പരിസരപ്രദേശങ്ങളും വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിലാകും.
പ്രളയത്തില്‍ വീടുകളില്‍ വെള്ളം കയറിയ നിലയില്‍
നൂറ്റന്‍പതോളം മലയാളി കുടുംബങ്ങള്‍ അടങ്ങുന്ന ഷെപ്പാര്‍ട്ടണ്‍ സമൂഹം പ്രളയക്കെടുതിക്കു മുന്നില്‍ എന്തു ചെയ്യണം എന്നറിയാതെ വിറങ്ങലിച്ചു നില്‍ക്കുകയാണ്. നിരവധി കുടുംബങ്ങള്‍ സുഹൃത്തുക്കളുടെയും മറ്റു പലരുടെയും വീടുകളില്‍ അഭയം പ്രാപിച്ചു. കോവിഡിന്റെ ബുദ്ധിമുട്ടുകളില്‍നിന്നും അല്‍പം ആശ്വാസം ലഭിച്ചതിന്റെ സന്തോഷത്തില്‍ കഴിഞ്ഞവര്‍ക്ക് വീണ്ടുമൊരു കനത്ത പ്രഹരമായി ഈ ജലപ്രളയം.
ജലനിരപ്പ് 12.06 മീറ്റര്‍ എത്തിയതോടെ പരിഭ്രാന്തരായ ജനങ്ങള്‍ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്. റോഡുകളിലും വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലുമെല്ലാം വെള്ളം കെട്ടിക്കിടക്കുകയാണ്. പ്രദേശത്തെ അറുപതോളം വീടുകള്‍ ഒഴിപ്പിച്ചു. വാഹനങ്ങള്‍ മിക്കതും വെള്ളപ്പൊക്കത്തില്‍ നശിച്ചു. പലര്‍ക്കും പാസ്‌പോര്‍ട്ട് അടക്കമുള്ള പ്രധാനപ്പെട്ട രേഖകള്‍ മാത്രമാണ് കൈയിലെടുക്കാനായത്. താല്‍ക്കാലിക താമസത്തിനായി പലയിടങ്ങളിലും ടെന്റുകള്‍ ഉയര്‍ന്നു കഴിഞ്ഞു. പ്രധാന റോഡുകളെല്ലാം അടച്ചു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മിക്കതും അടച്ചു തുടങ്ങി. പെട്രോള്‍ സ്റ്റേഷനുകളില്‍ പെട്രോളിന്റെ ലഭ്യത കുറഞ്ഞു. ആശുപത്രികളില്‍ ജോലി ചെയ്യുന്ന പലര്‍ക്കും വെള്ളപ്പൊക്കം കാരണം ജോലിക്കെത്താന്‍ സാധിക്കുന്നില്ല. അതിനാല്‍ ആശ്യത്തിന് പരിചരണം കിട്ടാതെ രോഗികളും വലയുകയാണ്.
ഷെപ്പാര്‍ട്ടണ്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മണല്‍ ചാക്കുകളും മറ്റു പ്രതിരോധ മുന്നേറ്റവുമായി മലയാളി സമൂഹവും ഈ പ്രളയത്തെ നേരിടാന്‍ മുന്നിലുണ്ട്. കാലാവസ്ഥ ഒട്ടും അനുകൂലമല്ലാത്ത അവസ്ഥയില്‍ ജീവനും വസ്തുക്കള്‍ക്കും നാശം സംഭവിക്കാതിരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് കൗണ്‍സില്‍ അംഗങ്ങളും മിലിറ്ററി ഫോഴ്‌സും. ഇന്നു മുതല്‍ അടുത്ത അഞ്ചു ദിവസത്തേക്ക് കനത്ത മഴ പ്രവചിച്ചിരിക്കുന്ന ഈ അവസരത്തില്‍ അവശ്യസാധനങ്ങളുടെ അപര്യാപ്തത ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തരാക്കുന്നു.
പ്രളയത്തെ നേരിടാന്‍ മണല്‍ചാക്കുകള്‍ നിരത്തുന്നു
പ്രളയമിറങ്ങി തിരിച്ചെത്തുമ്പോള്‍ വീട് എങ്ങനെയായിരിക്കുമെന്ന ചിന്ത പല മലയാളികളെയും അലട്ടുന്നുണ്ട്. ജീവിതത്തില്‍ ആദ്യമായി പ്രളയദുരിതം അനുഭവിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. വീട്ടുപകരണങ്ങളും മറ്റും നശിച്ചാല്‍ നഷ്ടപരിഹാരം സര്‍ക്കാരില്‍നിന്ന് എങ്ങനെ ലഭിക്കും എന്നറിയാത്തവരുമുണ്ട്. എങ്കിലും പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി മലയാളികളുടെ കൂട്ടായ്മയും രംഗത്തുണ്ടെന്നതാണ് ആശ്വാസം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.