ഔദ്യോഗിക രേഖ സ്വന്തം ഇമെയിലില്‍നിന്ന് അയച്ചു; ഇന്ത്യന്‍ വംശജ കൂടിയായ ബ്രിട്ടിഷ് ആഭ്യന്തരമന്ത്രി രാജിവച്ചു

ഔദ്യോഗിക രേഖ സ്വന്തം ഇമെയിലില്‍നിന്ന് അയച്ചു; ഇന്ത്യന്‍ വംശജ കൂടിയായ ബ്രിട്ടിഷ് ആഭ്യന്തരമന്ത്രി രാജിവച്ചു

ലണ്ടന്‍: ഔദ്യോഗിക രേഖ സ്വന്തം ഇമെയിലില്‍നിന്ന് അയച്ചതിനെത്തുടര്‍ന്ന് ഇന്ത്യന്‍ വംശജ കൂടിയായ ബ്രിട്ടിഷ് ആഭ്യന്തരമന്ത്രി സുവെല്ല ബ്രേവര്‍മാന്‍ രാജിവച്ചു. സര്‍ക്കാര്‍ രേഖ ലഭിക്കാന്‍ യോഗ്യതയുള്ള ആള്‍ക്കല്ല അയച്ചതെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമല്ല ഈ രേഖയെങ്കിലും സര്‍ക്കാര്‍ നയം ഉള്‍ക്കൊള്ളുന്നതാണെന്നുമാണ് റിപ്പോര്‍ട്ട്.

തെറ്റുപറ്റിയതിനാല്‍ ഉത്തരവാദിത്തമേറ്റെടുത്ത് രാജിവയ്ക്കുകയാണെന്ന് പ്രധാനമന്ത്രി ലിസ് ട്രസ്സിന് അയച്ച കത്തില്‍ ബ്രേവര്‍മാന്‍ പറഞ്ഞു. അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനങ്ങളോടു നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ ഗുരുതരമായ ആശങ്കകളുണ്ടെന്നും ബ്രേവര്‍മാന്‍ പറയുന്നു.

ബ്രേവര്‍മാന്റെ പിതാവ് ഗോവ സ്വദേശിയാണ്. മാതാവ് തമിഴ് വംശജയും. ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസ് അധികാരമേറ്റെടുത്തപ്പോഴാണ് 43 ദിവസങ്ങള്‍ക്കു മുന്‍പ് സ്യുവെല്ല ബ്രേവര്‍മാനെ ആഭ്യന്തരമന്ത്രിയായി നിയമിച്ചത്. നേരത്തെ, ഋഷി സുനകിനൊപ്പം പ്രധാനമന്ത്രി സ്ഥാനത്തേക്കു മത്സരിച്ചവരില്‍ ബ്രേവര്‍മാനും ഉണ്ടായിരുന്നു.

മുന്‍ ഗതാഗത മന്ത്രിയായിരുന്ന ഗ്രാന്‍ഡ് ഷാപ്പ്‌സിനെ ആഭ്യന്തരമന്ത്രിയാക്കിയേക്കും. പ്രധാനമന്ത്രി സ്ഥാനത്തേക്ക് സുനകിനെ പിന്തുണച്ചയാളാണ് ഷാപ്പ്‌സ്. ട്രസ് അധികാരമേറ്റെടുത്തപ്പോള്‍ ഇദ്ദേഹത്തെ ഗതാഗതമന്ത്രി സ്ഥാനത്തുനിന്നു നീക്കിയിരുന്നു. ട്രസ്സിന്റെ ധനകാര്യ നയങ്ങള്‍ പിന്‍വലിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടവരില്‍ ഒരാളുമാണ് ഷാപ്പ്‌സ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.