എഴുപത്തിയേഴാം മാർപ്പാപ്പ അദെയോദാത്തൂസ് രണ്ടാമന്‍ (കേപ്പാമാരിലൂടെ ഭാഗം-78)

എഴുപത്തിയേഴാം മാർപ്പാപ്പ അദെയോദാത്തൂസ് രണ്ടാമന്‍ (കേപ്പാമാരിലൂടെ ഭാഗം-78)

അദെയോദാത്തൂസ് രണ്ടാമന്‍ മാര്‍പ്പാപ്പ

ഏ.ഡി. 672 ഏപ്രില്‍ 11-ാം തീയതി മുതല്‍ ഏ.ഡി. 676 ജൂണ്‍ 17-ാം തീയതി വരെ തിരുസഭയെ നയിച്ച സഭയുടെ എഴുപത്തിയേഴാമത്തെ തലവനാണ് അദെയോദാത്തൂസ് രണ്ടാമന്‍ മാര്‍പ്പാപ്പ. വളരെ ചുരുക്കം വിവരങ്ങള്‍ മാത്രമേ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും ഭരണകാലത്തെക്കുറിച്ചും ലഭ്യമായിട്ടുള്ളു. മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ റോമിലെ പ്രസിദ്ധമായ ചേലിയന്‍ കുന്നിലുള്ള വി. ഇറാസ്മസിന്റെ നാമത്തിലുള്ള ബെനഡിക്‌ടന്‍ ആശ്രമത്തിലെ വയോധികനായ സന്യാസിയായിരുന്നു അദ്ദേഹം.

അതിക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയനായി കോണ്‍സ്റ്റന്‍സ് രണ്ടാമന്‍ ചക്രവര്‍ത്തിയാല്‍ രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന മാര്‍ട്ടിന്‍ ഒന്നാമന്‍ മാര്‍പ്പാപ്പയുടെ ഓര്‍മ്മ, സഭയില്‍ സജീവമാക്കുന്നതില്‍ അദെയോദാത്തൂസ് രണ്ടാമന്‍ മാര്‍പ്പാപ്പ വലിയ പങ്കു വഹിച്ചിട്ടുണ്ട്. തന്റെ മുന്‍ഗാമികളെപ്പോലെ തന്നെ മോണോതെലിത്തിസം എന്ന പാഷണ്ഡതയ്‌ക്കെതിരെ ശക്തമായി പൊരുതുകയും പ്രസ്തുത പാഷണ്ഡതയില്‍ വീണുപോകുന്നതില്‍ നിന്നും സഭയെ രക്ഷിക്കുവാനുള്ള എല്ലാത്തരത്തിലുമുള്ള മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്തു. കോണ്‍സ്റ്റാന്റിനോപ്പിളിലെ പുതിയ പാത്രിയാര്‍ക്കീസായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍സ്റ്റന്റയിന്‍ ഒന്നാമന്‍ പാത്രിയാര്‍ക്കീസ് തന്റെ നേതൃത്വത്തില്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ സമ്മേളിച്ച സിനഡിന്റെ തീരുമാനങ്ങള്‍ അടങ്ങിയ കത്തുകളും തന്റെ വിശ്വാസ പ്രഖ്യാപനവും മാര്‍പ്പാപ്പയ്ക്ക് അയച്ചപ്പോള്‍ അവയെ അംഗീകരിക്കുവാന്‍ പാപ്പാ തയ്യാറായില്ല. കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പുതിയ പാത്രിയാര്‍ക്കീസും അദ്ദേഹത്തിന്റെ പിന്‍ഗാമികളെപ്പോലെ മോണൊതെലിസ്റ്റിക്ക് പഠനങ്ങള്‍ പിന്‍തുടരുന്നു എന്നതായിരുന്നു അദെയോദാത്തൂസ് പാപ്പ പറഞ്ഞ കാരണം.

അദെയോദാത്തൂസ് രണ്ടാമന്‍ മാര്‍പ്പാപ്പ സഭയില്‍ സന്യാസ നവീകരണത്തിനും വളര്‍ച്ചയ്ക്കും മുന്‍കൈയെടുത്തു. സഭയുടെ ആത്മീയ ഉന്നമനത്തിനായി തന്റെ മുഴുവന്‍ സമയവും ശ്രദ്ധയും അദ്ദേഹം മാറ്റിവെച്ചു. പാവങ്ങളുടെ ഉന്നമനത്തിനും അദ്ദേഹം പ്രത്യേക ശ്രദ്ധചെലുത്തുകയും പാവങ്ങളോട് കനിവ് കാണിക്കുന്നതിനും അവരോട് ഉദാരതയോടെ പെരുമാറുന്നതിനും സഭയെയും സഭാമക്കളെയും ഉദ്‌ബോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഏ. ഡി. 676 ജൂണ്‍ 17-ാം തീയതി അദെയോദാത്തൂസ് രണ്ടാമന്‍ പാപ്പാ കാലം ചെയ്യുകയും വി. പത്രോസിന്റെ ബസിലിക്കയില്‍ അടക്കം ചെയ്യുകയും ചെയ്തു.


മുൻമാർപ്പാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ നോക്കുക 

എല്ലാ മാർപ്പാപ്പമാരെയും പറ്റി വായിക്കുവാൻ ഇവിടെ നോക്കുക 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.