എഴുപത്തിയാറാം മാർപ്പാപ്പ വി. വിറ്റാലിയന്‍ (കേപ്പാമാരിലൂടെ ഭാഗം-77)

എഴുപത്തിയാറാം മാർപ്പാപ്പ വി. വിറ്റാലിയന്‍ (കേപ്പാമാരിലൂടെ ഭാഗം-77)

വി. യൂജിന്‍ ഒന്നാമന്‍ മാര്‍പ്പാപ്പയുടെ പിന്‍ഗാമിയും തിരുസഭയുടെ എഴുപത്തിയാറാമത്തെ മാര്‍പ്പാപ്പയുമായി ഏ. ഡി. 657 ജൂലൈ 30-ാം തീയതി വി. വിറ്റാലിയന്‍ മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടു. മോണൊതെലിത്തിസം എന്ന പാഷണ്ഡത ഉയര്‍ത്തിവിട്ട പ്രശ്‌നങ്ങള്‍ പരിഹാരമില്ലാതെ തുടരുന്ന കാലമായിരുന്നു അത്. അതിനാല്‍ത്തന്നെ തന്റെ മുന്‍ഗാമികളില്‍ നിന്നും വ്യത്യസ്തനായി മോണൊതെലിസ്റ്റിക്ക് പാഷണ്ഡതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ചക്രവര്‍ത്തിയും കോണ്‍സ്റ്റാന്റിനോപ്പിളിലെ സഭയുമായി അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കുവാനാണ് വിറ്റാലിയന്‍ മാര്‍പ്പാപ്പ തീരുമാനിച്ചത്. അനുരഞ്ജനത്തിന്റെ വാതിലുകള്‍ തുറന്നിട്ടുകൊണ്ട് പാപ്പ കോണ്‍സ്റ്റന്‍സ് രണ്ടാമന്‍ ചക്രവര്‍ത്തിക്കും പീറ്റര്‍ പാത്രിയാര്‍ക്കീസിനും കത്തുകള്‍ എഴുതി. അനുരഞ്ജനത്തിനായുള്ള മാര്‍പ്പാപ്പയുടെ ശ്രമങ്ങള്‍ക്ക് പ്രതിനന്ദിയെന്നോണം കോണ്‍സ്റ്റന്‍സ് രണ്ടാമന്‍ ചക്രവര്‍ത്തി വിശിഷ്ടമായ അനേകം സമ്മാനങ്ങള്‍ പാപ്പായ്ക്ക് അയ്ക്കുകയും പാശ്ചാത്യസഭയ്ക്ക് വിശേഷാധികാരങ്ങള്‍ ഔദ്യോഗികമായി പതിച്ചു നല്‍കുകയും ചെയ്തു. അതോടൊപ്പം തന്നെ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രിയാര്‍ക്കീസായ പീറ്റര്‍, വിറ്റാലിയന്‍ മാര്‍പ്പാപ്പയുടെ നാമം വി. കുര്‍ബാനയിലെ പ്രാര്‍ത്ഥനകളില്‍ ചേര്‍ക്കുകയും വി. കുര്‍ബാനയില്‍ പ്രാര്‍ത്ഥിക്കേണ്ട മറ്റു നാമങ്ങളോടൊപ്പം പാപ്പായുടെ നാമവും ചേര്‍ത്ത് ഉപയോഗിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു. ഹൊണൊരിയസ് ഒന്നാമന്‍ മാര്‍പ്പാപ്പയ്ക്കുശേഷം പൗരസ്ത്യസഭയില്‍ പ്രത്യേകിച്ച് കോണ്‍സ്റ്റാന്റിനോപ്പിളിലെ സഭാസമൂഹത്തില്‍ അനുഷ്ഠിച്ചു പോന്നിരുന്ന വി. കുര്‍ബാനക്രമത്തില്‍ പേര് ചേര്‍ക്കപ്പെടുന്ന ആദ്യത്തെ മാര്‍പ്പാപ്പയായിരുന്നു വിറ്റാലിയന്‍ മാര്‍പ്പാപ്പ.

ഏ.ഡി. 663-ല്‍ കോണ്‍സ്റ്റന്‍സ് ചക്രവര്‍ത്തി റോമിലേക്ക് തന്റെ ഔദ്യോഗിക സന്ദര്‍ശനം നടത്തി. മാര്‍ട്ടിന്‍ ഒന്നാമന്‍ മാര്‍പ്പാപ്പയെ നിഷ്ഠൂരമായി പീഡനങ്ങള്‍ക്ക് വിട്ടുകൊടുത്ത ചക്രവര്‍ത്തിയുടെ നടപടികളും ക്രിസ്തുവിന്റെ സ്വഭാവത്തെക്കുറിച്ചും ഇച്ഛാശക്തിയെക്കുറിച്ചുമുള്ള ഏതുവിധത്തിലുമുള്ള ചര്‍ച്ചകളെയും വിലക്കിക്കൊണ്ട് ടിപ്പോസ് എന്ന രാജകീയ വിളംബരം ചക്രവര്‍ത്തി പുറപ്പെടുവിച്ചതിനെത്തുടര്‍ന്നും ഉണ്ടായ മുറിവുകള്‍ കണക്കാക്കാതെ തദവസരത്തില്‍ റോമിലെ സഭാസമൂഹവും വൈദിക വൃന്ദവും ചക്രവര്‍ത്തിയെ അത്യാഢംബരപൂര്‍വ്വം സ്വീകരിക്കുകയും അദ്ദേഹത്തോട് അനുഭാവപൂര്‍വ്വം പെരുമാറുകയും ചെയ്തു. ഇരുനൂറ് വര്‍ഷങ്ങള്‍ക്കിടയില്‍ റോം സന്ദര്‍ശിക്കുന്ന ആദ്യത്തെ ചക്രവര്‍ത്തിയായിരുന്നു അദ്ദേഹം. അനുഭാവപൂര്‍വ്വമായിരുന്നു മാര്‍പ്പാപ്പയുടെയും റോമിലെ സഭാസമൂഹത്തിന്റെയും ചക്രവര്‍ത്തിയോടുള്ള മനോഭാവമെങ്കില്‍ മാര്‍പ്പാപ്പയുടെ ആഗ്രഹത്തിനു വിപരീതമായിട്ടായിരുന്നു ചക്രവര്‍ത്തി പല കാര്യങ്ങളിലും തീരുമാനങ്ങള്‍ എടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തത്. മാര്‍പ്പാപ്പയുടെ എതിര്‍പ്പുകള്‍ വകവെയ്ക്കാതെ ചക്രവര്‍ത്തി റവേന്നയെ തങ്ങളുടെ മെത്രാനെ തിരഞ്ഞെടുക്കുവാനുള്ള സ്വതന്ത്രാധികാരവും ചുമതലയുമുള്ള ഒരു രൂപതയായി ഉയര്‍ത്തി. അപ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന മെത്രാന്റെ തിരഞ്ഞെടുപ്പ് സാധുവാകുന്നതിന് രാജകീയ അംഗീകാരം മതിയെന്നും ചക്രവര്‍ത്തി കല്‍പ്പന പുറപ്പെടുവിച്ചു.

സിറാക്കൂസില്‍വെച്ച് ഏ. ഡി. 668 ജൂലൈ 15-ാം തീയതി കോണ്‍സ്റ്റന്‍സ് ഒന്നാമന്‍ ചക്രവര്‍ത്തി തന്റെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരാല്‍ കൊല്ലപ്പെട്ടു. കോണ്‍സ്റ്റന്‍സ് ചക്രവര്‍ത്തിയുടെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ മകനായ കോണ്‍സ്റ്റന്റയിന്‍ നാലാമന് പകരം സൈന്യം മറ്റൊരാള്‍ക്ക് മുന്‍ഗണന കൊടുത്തുവെങ്കിലും റോമാ സാമ്രാജ്യത്തിന്റെ പുതിയ ചക്രവര്‍ത്തിയായി കോണ്‍സ്റ്റന്റയിന്‍ നാലാമനെയാണ് വിറ്റാലിയന്‍ പാപ്പ നിര്‍ദ്ദേശിച്ചതും പിന്തുണച്ചതും. അതിനു പ്രതിനന്ദിയെന്നോണം കോണ്‍സ്റ്റന്റയിന്‍ നാലാമന്‍ ചക്രവര്‍ത്തി തന്റെ പിതാവിന്റെ രാജകീയ വിളംബരമായ ടിപ്പോസ് പ്രാബല്യത്തില്‍ വരുത്തുന്നതിൽ നിന്നും പിന്‍മാറുകയും ക്രിസ്തുവില്‍ ദൈവികവും മാനുഷികവുമായ സ്വഭാവങ്ങളുണ്ടെന്നും അതുപോലെ തന്നെ ദൈവികവും മാനുഷികവുമായ ഇച്ഛാശക്തികളുണ്ടെന്നുമുള്ള സഭയുടെ ഔദ്യോഗികപഠനത്തെ തിരുസഭയില്‍ മുഴുവന്‍ സ്വതന്ത്രമായി പഠിപ്പിക്കുന്നതിന് മാര്‍പ്പാപ്പയ്ക്ക് അധികാരം നല്‍കുകയും ചെയ്തു. കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പുതിയ പാത്രിയാര്‍ക്കിസായ ജോണ്‍ നാലാമന്‍ പുറത്തിറക്കിയ ഔദ്യോഗിക രേഖകള്‍ സത്യവിശ്വാസത്തിനും സഭയുടെ പ്രാമാണിക പഠനങ്ങള്‍ക്കും എതിരാണെന്ന കാരണത്താല്‍ അംഗീകരിക്കുവാനും ചക്രവര്‍ത്തി തയ്യറായില്ല. ഇതിനു പ്രതികാരമെന്നോണം ജോണ്‍ നാലാമന്‍ പാത്രിയാക്കീസിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ട തിയൊഡോർ, മാര്‍പ്പാപ്പയുടെ നാമം വി. കുര്‍ബാനയില്‍ ഓര്‍ത്ത് പ്രാര്‍ത്ഥിക്കേണ്ടവരുടെ പട്ടികയില്‍നിന്നും നീക്കം ചെയ്യുവാന്‍ ശ്രമിച്ചപ്പോള്‍ ചക്രവര്‍ത്തി പ്രസ്തുത നീക്കത്തെ എതിര്‍ക്കുകയും തടയുകയും ചെയ്തു.

ബ്രിട്ടണിലെ സഭയെക്കുറിച്ച് വിറ്റാലിയന്‍ മാര്‍പ്പാപ്പയ്ക്ക് പ്രത്യേക പരിഗണനയുണ്ടായിരുന്നു. ഏ. ഡി. 664-ല്‍ വിറ്റ്ബിയില്‍ സമ്മേളിച്ച സിനഡിന്റെ തീരുമാനമനുസരിച്ച് സെലറ്റിക്ക് പാരമ്പര്യത്തിന് വിപരീതമായി റോമന്‍ പാരമ്പര്യമനുസരിച്ച് യൂദന്മാരുടെ പെസഹാത്തിരുനാള്‍ കഴിഞ്ഞു വരുന്ന ഞായറാഴ്ച്ച ഈസ്റ്റര്‍ ആഘോഷിക്കുന്ന പതിവ് ഇംഗ്ലണ്ടില്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനായി നോര്‍ത്തമ്പ്രിയയിലെ രാജാവ് നടത്തി വരുന്ന പ്രയത്‌നങ്ങളെ മാര്‍പ്പാപ്പയും പിന്തുണച്ചു. ഏ. ഡി. 668-ല്‍ ഗ്രീക്ക് സന്യാസിയായ താര്‍സൂസിലെ തിയൊഡോറിനെ കാന്റർബറിയുടെ ആര്‍ച്ച്ബിഷപ്പായി നിയമിച്ചു. പുതിയ ആര്‍ച്ച്ബിഷപ്പ് തന്റെ രൂപതയില്‍ ഗ്രീക്ക് ആചാരങ്ങളും പഠനങ്ങളും ഏര്‍പ്പെടുത്താതിരിക്കുവാന്‍ മാര്‍പ്പാപ്പ പ്രത്യേക ശ്രദ്ധ ചെലുത്തി. വിറ്റാലിയന്‍ മാര്‍പ്പാപ്പ ബൈസന്റയിന്‍ സംഗീതം പരിപോഷിപ്പിക്കുന്നതിനും അതുപോലെതന്നെ ദേവാലയ സംഗീത ശുശ്രൂഷകരെ പരിശീലിപ്പിക്കുന്നതിനുമായി ലാറ്ററന്‍ ബസിലിക്കയില്‍ സംഗീതാഭ്യാസം ആരംഭിച്ചു.

സഭയെ ധീരമായി നയിക്കുകയും സഭയില്‍ പുനഃരൈക്യത്തിനായുള്ള വഴികള്‍ തെളിക്കുകയും ചെയ്ത വി. വിറ്റാലിയന്‍ ഒന്നാമന്‍ മാര്‍പ്പാപ്പ ഏ. ഡി. 672 ജനുവരി 27-ാം തീയതി ദിവംഗതനായി. അദ്ദേഹത്തിന്റെ ഭൗതിക ശരീരം വി. പത്രോസിന്റെ ബസിലിക്കയില്‍ അടക്കം ചെയ്തു.

ഇതിനു മുൻപുള്ള ലക്കം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

എല്ലാ മാർപ്പാപ്പമാരെയും പറ്റി വായിക്കുവാൻ ഇവിടെ നോക്കുക 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.