ന്യൂഡല്‍ഹി: റഷ്യ-ഉക്രെയ്ൻ സംഘര്‍ഷം രാജ്യത്തെ സുരക്ഷാ സാഹചര്യം കൂടുതല്‍ വഷളായി കൊണ്ടിരിക്കുന്നതിനാൽ ഇന്ത്യന്‍ പൗരന്മാര് അടിയന്തരമായി ഉക്രെയ്ൻ വിടണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി.
വിദ്യാര്‍ഥികള്‍ അടക്കം ഉക്രെയ്നില്‍ ഇപ്പോഴുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ ഉടന്‍ രാജ്യം വിടണം. ഉക്രെയ്നിലേക്കുള്ള യാത്രകൾ നിര്‍ത്തിവെക്കണമെന്നും കീവിലെ ഇന്ത്യന്‍ എംബസിയിറക്കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കി.
ഉക്രെയ്നിലെ നാല് സ്ഥലങ്ങളില്‍ പട്ടാള നിയമം നടപ്പിലാക്കി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് എംബസി നിര്‍ദേശം വന്നത്.
ഉക്രെയ്ൻ നഗരങ്ങളിൽ റഷ്യയുടെ വ്യോമാക്രമണം തുടരുകയാണ്. സൈത്തൊമിർ, നിപ്രോ മേഖലകളിൽ വൈദ്യുതി, ജലവിതരണം തടസ്സപ്പെട്ടു. റഷ്യൻ, ഇറാൻ നിർമിത കമികാസി ആളില്ലാവിമാനങ്ങൾ ഉപയോഗിച്ചുനടത്തുന്ന ആക്രമണങ്ങൾ യുദ്ധക്കുറ്റമാണെന്ന് യു. എസ്. പ്രസിഡന്റ് ജോ ബൈഡന്റെ മാധ്യമസെക്രട്ടറി കാരിൻ ഷോൺ പിയർ കുറ്റപ്പെടുത്തി.
ഉക്രെയ്ൻ കാരെ കൊല്ലാൻ റഷ്യയെ ഇറാൻ സഹായിച്ചതിന് പിന്നാലെ ഇറാനെതിരെ ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയനോട് അഭ്യർത്ഥിക്കുമെന്ന് ഉക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിച്രോ കുലേബ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.