മാസ്കില്‍ ഇളവ് നല്‍കി ഖത്ത‍ർ, ഇന്‍ഫ്ലുവന്‍സ വാക്സിനെടുക്കണമെന്ന് സൗദി അറേബ്യ

മാസ്കില്‍ ഇളവ് നല്‍കി ഖത്ത‍ർ, ഇന്‍ഫ്ലുവന്‍സ വാക്സിനെടുക്കണമെന്ന് സൗദി അറേബ്യ

ദോഹ : രാജ്യത്തെ മാസ്ക് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി ഖത്തർ. ആരോഗ്യ കേന്ദ്രങ്ങളില്‍ മാത്രം ഇനി മാസ്ക് നിർബന്ധമായും ധരിച്ചാല്‍ മതിയാകും. ഒക്ടോബർ 23 മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരിക. പ്രതിദിന കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

അടച്ചിട്ട സ്ഥലങ്ങളില്‍ ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകേണ്ടിവരുന്ന ജീവനക്കാരും ജോലി സമയങ്ങളില്‍ മാസ്ക് ധരിക്കണം. ബുധനാഴ്ച പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.
യുഎഇ നേരത്തെ തന്നെ മാസ്ക് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിരുന്നു. അതേസമയം ഇന്‍ഫ്ലുവന്‍സ പോലുളള വൈറല്‍ പനികള്‍ പടരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ സുരക്ഷയ്ക്കായി മാസ്ക് ധരിക്കുന്നത് ഉചിതമാകുമെന്ന് യുഎഇയിലെ വിവിധ ആരോഗ്യവിദഗ്ധന്മാർ വിലയിരുത്തിയിരുന്നു. പ്രത്യേകിച്ചും കുട്ടികളില്‍ വലിയ തോതിലാണ് വൈറല്‍ പനി പടരുന്നത്. ഇത് ഒരു പരിധിവരെ തടയാന്‍ മാസ്ക് ധരിക്കുന്നത് നന്നായിരിക്കുമെന്നാണ് വിലയിരുത്തല്‍.

അതിനിടെ വിട്ടുമാറാത്ത രോഗമുള്ളവർ, അമിത വണ്ണമുള്ളവർ, 6 മാസം മുതൽ 5 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ തുടങ്ങിയവർ ഇന്‍ഫ്ലുവന്‍വ വാക്സിന്‍ സ്വീകരിക്കണമെന്ന് സൗദി അറേബ്യ നിർദ്ദേശിച്ചു. ആരോഗ്യമേഖലയില്‍ പ്രവർത്തിക്കുന്നവരും വാക്സിന്‍ എടുക്കണം. 65 വയസിന് മുകളില്‍ പ്രായമുളളവരും ദീർഘകാല ആസ്പിരിൻ തെറാപ്പി സ്വീകരിക്കുന്ന 6 മാസം മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളും വാക്സിന്‍ എടുക്കേണ്ടതാണെന്നും സൗദി ആരോഗ്യമന്ത്രാലയം അധികൃതർ അറിയിച്ചു.സിംഹതി ആപ്പ് വഴി വാക്സിനെടുക്കാന്‍ അനുമതി തേടാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.