കോടതികളുടെ നീണ്ട അവധി ചോദ്യം ചെയ്തുള്ള ഹര്‍ജി ദീപാവലി അവധി കഴിഞ്ഞ് പരിഗണിക്കും

കോടതികളുടെ നീണ്ട അവധി ചോദ്യം ചെയ്തുള്ള ഹര്‍ജി ദീപാവലി അവധി കഴിഞ്ഞ് പരിഗണിക്കും

മുംബൈ: കോടതികളുടെ നീണ്ട അവധികള്‍ക്കെതിരായി ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ദീപാവലി അവധിക്ക് ശേഷം പരിഗണിക്കും. നവംബര്‍ ഇരുപതിലേക്കാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുംബൈ സ്വദേശിനിയായ സബീന ലക്ക്‌ഡെവാലയാണ് ഹര്‍ജി നല്‍കിയത്.

ദീപാവലി, ക്രിസ്മസ്, മധ്യ വേനല്‍ അവധികളുടെ പേരില്‍ ആഴ്ചകളോളം കോടതികള്‍ക്ക് അവധി നല്‍കുന്നത് നീതി നടപ്പാക്കുന്നത് വൈകിക്കുമെന്ന് ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടുന്നു. ഇത്തരം അവധികളുടെ പേരില്‍ ഒരു വര്‍ഷത്തില്‍ എഴുപത് ദിവസത്തോളം കോടതികള്‍ അടഞ്ഞു കിടക്കുന്ന അവസ്ഥയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പൊതുവിലുള്ള അവധികള്‍ക്ക് പുറമേയാണിതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ബ്രിട്ടീഷ് രാജ് കാലത്ത് കൊണ്ടു വന്ന ഇത്തരം അവധി സംവിധാനങ്ങള്‍ വര്‍ത്തമാന കാലത്ത് നീതിന്യായ സംവിധാനങ്ങളെ തളര്‍ത്തുന്നതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ജഡ്ജിമാര്‍ ബ്രിട്ടീഷ് പൗരന്‍മാരായിരുന്ന കാലത്ത് അവര്‍ക്ക് ഇവിടെ വേനല്‍ക്കാലം ബുദ്ധിമുട്ടേറിയതിനാല്‍ മാത്രമാണ് മധ്യവേനല്‍ അവധി കൊണ്ടു വന്നത്. സ്വാതന്ത്ര്യം നേടി ഇത്ര വര്‍ഷം കഴിഞ്ഞും ഈ അവധി കൊണ്ടു നടക്കുന്നതിലെ യുക്തിയും ഹര്‍ജിക്കാരി ചോദ്യം ചെയ്യുന്നു.

ഹര്‍ജി നല്‍കിയ സമയം ഇന്നലെ ജസ്റ്റിസ് ഗണപൂര്‍വാല അധ്യക്ഷനായ ബെഞ്ച് ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതി കലണ്ടര്‍ കഴിഞ്ഞ വര്‍ഷം തന്നെ അന്തിമമായി തീരുമാനിച്ചതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഹര്‍ജി അടിയന്തിരമായി കേള്‍ക്കാനാവില്ലെന്നും നവംബര്‍ 20ന് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കിയത്.

നീതി ലഭിക്കാനുള്ള കാലതാമസം എത്ര വലിയ ക്രൂരതയാണെന്ന് നേരിട്ട് ബോധ്യപ്പെട്ട ആളാണ് താനെന്ന് ഹര്‍ജിക്കാരി പറയുന്നു. 2021 ജൂലൈയില്‍ മരുമക്കളും പേരമക്കളും ചേര്‍ന്ന് അവരെ സ്വന്തം വീട്ടില്‍ നിന്നും പുറത്താക്കി. അവര്‍ നല്‍കിയ വ്യാജ പരാതിയില്‍ ക്രിമിനില്‍ ചട്ടപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു. ഇതിനെതിരെ കീഴ്‌ക്കോടതികളിലും ഹൈക്കോടതികളിലും പല ഹര്‍ജികളുമായി ഇവരെത്തി. തന്റെ ഹര്‍ജി പരിഗണിക്കുമെന്ന പ്രതീക്ഷയില്‍ 158 ദിവസം താന്‍ കോടതികളില്‍ പോയെന്നും എന്നാല്‍ നിരാശയായി മടങ്ങേണ്ടി വന്നെന്നും അവര്‍ പറയുന്നു.

ബന്ധുക്കളുടെ പരാതിയില്‍ തനിക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണം എന്നായിരുന്നു ഇവരുടെ മുഖ്യ ആവശ്യം. എന്നാല്‍ കോവിഡ് പ്രതിസന്ധി കാരണം അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ മാത്രമാണ് ഇക്കാലയളവില്‍ കോടതികള്‍ പരിഗണിച്ചിരുന്നത്. ഒടുവില്‍ അഭിഭാഷകന്‍ ചേംബറിലെത്തി ജഡ്ജിയെ കണ്ട് അപേക്ഷിച്ച ശേഷമാണ് കേസ് പരിഗണിക്കാന്‍ കോടതി തയ്യാറായത്.

എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 2021ല്‍ ഇവര്‍ ഹൈക്കോടതിയില്‍ എത്തിയെങ്കിലും ഇവരുടെ കേസ് പരിഗണിക്കേണ്ട ജഡ്ജി ദീര്‍ഘാവധിയില്‍ പോയതോടെ കേസ് കെട്ടിക്കിടക്കുന്ന നിലയുണ്ടായ കാര്യവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.