അധികാര കസേരയില്‍ വെറും 44 ദിവസം; ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു

അധികാര കസേരയില്‍ വെറും 44 ദിവസം; ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. അധികാരമേറ്റ് വെറും 44 ദിവസം പിന്നിടുമ്പോഴാണ് രാജി.

ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചതിന് പിന്നാലെയാണ് രാജി. ഇതോടെ ബ്രിട്ടന്റെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി എന്ന ചരിത്രവുമായാണ് ലിസിന്റെ പടിയിറക്കം.

ഏല്‍പ്പിച്ച ദൗത്യം തനിക്ക് നിര്‍വഹിക്കാന്‍ സാധിച്ചില്ലെന്ന് ഏറ്റു പറഞ്ഞു അവര്‍ പുതിയ നേതാവിനെ ഒരാഴ്ചയ്ക്കകം തെരഞ്ഞെടുക്കുമെന്ന് വ്യക്തമാക്കി. തുടര്‍ച്ചയായ രാജികളും ആരോപണങ്ങളും സാമ്പത്തിക പ്രതിസന്ധിയും കാരണം ലിസ് ട്രസ് മന്ത്രിസഭ ആടിയുലയുകയായിരുന്നു. സ്വന്തം മന്ത്രിസഭയില്‍ നിന്നുവരെ അവര്‍ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു.

അഞ്ച് ദിവസം മുമ്പ് ധനമന്ത്രി ക്വാസി കാര്‍ട്ടെങ്ങിന് രാജിവച്ചിരുന്നു. ഔദ്യോഗിക രേഖ കൈകാര്യം ചെയ്തതില്‍ വീഴ്ച വന്നു എന്ന ആക്ഷേപത്തെ തുടര്‍ന്ന് ഹോം സെക്രട്ടറിയും ഇന്ത്യന്‍ വംശജയുമായ സുവെല്ല ബ്രെവര്‍മാനും ഇന്നലെ രാജിവച്ചു.

സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതയായ ഹോം സെക്രട്ടറി ബ്രെവര്‍മാന്‍ ഇറങ്ങിപ്പോകും വഴി ലിസ് ട്രസിനു നേരെ മാനിഫെസ്റ്റോ വാഗ്ദാന ലംഘനമടക്കമുള്ള ഗുരുതര ആക്ഷേപങ്ങളുന്നയിച്ചിരുന്നു.

ബ്രിട്ടനില്‍ നാണയപ്പെരുപ്പം കഴിഞ്ഞ 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. 10.1 ശതമാനമായി നാണയപ്പെരുപ്പം ഉയര്‍ന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷിത നിരക്കുകളുടെ അഞ്ചിരട്ടി എങ്കിലുമായിരുന്നു ഇത്.

പ്രഖ്യാപിത നയങ്ങളില്‍ നിന്ന് ലിസ് ട്രസ് വ്യതിചലിച്ചുവെന്ന് ഭരണപക്ഷത്തു നിന്നു തന്നെ അവര്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നു. വിമര്‍ശനം ശക്തമായതോടെയാണ് അവര്‍ രാജി സമര്‍പ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.