കണ്ണൂർ : കാല്‍പന്തിന്റെ താളത്തിനൊപ്പം നെഞ്ചിലേറ്റിയ ലോകഫുട്ബോളിലെ വമ്പന്‍ താരങ്ങളുടെ കളി നേരില്‍ കാണാനുള്ള വലിയ അവസരമാണ് ഖത്തർ ലോകകപ്പോടെ മലായാളി ആരാധകർക്ക് മുമ്പിലേക്ക് എത്തുന്നത്. നേരത്തേയും ഏഷ്യന്‍ രാജ്യങ്ങള്‍ ലോകകപ്പ് ഫുട്ബോളിന് വേദിയായിട്ടുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് ഇത്രയധികം മലയാളികളുള്ള ഒരു രാജ്യത്തേക്ക് ലോകകപ്പ് മാമാങ്കം എത്തുന്നത്.
ലോകപ്പ് കാണാനായി മാത്രം ഖത്തറിലേക്കായി ടിക്കറ്റ് കാത്ത് ചെയ്ത് കാത്തിരിക്കുന്ന നിരവധി മലയാളികള്‍ കേരളത്തിലും മറ്റ് ജിസിസി രാജ്യങ്ങളിലുമുണ്ട്. എന്നാല്‍ ഇവിടെ, മാഹിയില്‍ നിന്നിതാ ഒരു യുവതി സ്വന്തമായി വാഹനം ഓടിച്ച് ഖത്തർ ലോകകപ്പ് കാണാന്‍ യാത്ര തിരിച്ചിരിക്കുകയാണ്.
'ഓള്' എന്ന് പേരിട്ടിരിക്കുന്ന ജീപ്പില്‍ ഭക്ഷണവും താമസവും ഒക്കെയായി ഒരു സോളോ ട്രിപ്പാണ് നാജി നൗഷി നടത്തുന്നത്. യാത്രയുടെ ഫ്ലാഗ് ഓഫ് കഴിഞ്ഞ ദിവസം ഗതാഗത തുറമുഖ വകുപ്പ് മന്ത്രി ആന്റണി രാജു നിർവ്വഹിച്ചു. ലോകകപ്പിന്റെ ഫൈനലിലിനോട് അനുബന്ധിച്ച് ഡിസംബർ 10 ന് ഖത്തറില്‍ എത്തുന്ന രീതിയിലാണ് നാജിയുടെ യാത്ര.
വ്ലോഗറും ട്രാവലറുമായ നാജി നൗഷി ഇതിന് മുമ്പും സോളോ യാത്ര നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും ദൂരത്തേക്കുള്ള തനിച്ചുള്ള യാത്ര ഇതാദ്യമായാണ്. നേരത്തെ കുട്ടനാട് മുതല്‍ എവറസ്റ്റ് ബേസ് ക്യാമ്പ് വരെ വണ്ടിയോടിച്ച് പോയിട്ടുണ്ട് നാജി. 5 മക്കളുടെ അമ്മയായി വീട്ടില്‍ ഒതുക്കഴിഞ്ഞിരുന്ന മറ്റ് പല വീട്ടമ്മമാരേയും പോലെയായിരുന്നു നാജിയും. ഇവിടെ നിന്നുമാണ് തനിച്ചുള്ള യാത്രകള്‍ നാജി ആരംഭിക്കുന്നത്.
ഒമാനിലാണ് കുടുംബം താമസിക്കുന്നതെങ്കിലും യാത്രകള്‍ക്കായി കേരളത്തിലേക്ക് എത്തി സജ്ജീകരണങ്ങള്‍ നടത്തുകയായിരുന്നു. കണ്ണൂരില്‍ നിന്നും മുംബൈ വരെ ജീപ്പിലായിരിക്കും യാത്ര. അവിടെ നിന്നും ജീപ്പ് കപ്പല്‍മാർഗ്ഗം ഒമാനില്‍ എത്തിക്കും. തുടർന്ന് റോഡ് മാർഗ്ഗം യുഎഇ, ബഹ്റൈൻ, കുവൈത്ത്, സൗദി എന്നീ രാജ്യങ്ങള്‍ പിന്നിട്ട് ഖത്തറിലേക്ക്.
ഭർത്താവിന്റെയും കുടുംബത്തിന്റെയും ശക്തമായ പിന്തുണയാണ് നാജിയുടെ കരുത്ത്. കടുത്ത അർജ്ജിന്റീന ഫാനായ നാജിക്ക് കാല്‍പന്ത് പോലെ തന്നെ പ്രിയമേറിയതാണ് വാഹനങ്ങളും ഡ്രൈവിങും. നേരത്തെ ലോറിയില്‍ ലിഫ്റ്റ് തേടി നേപ്പാളിലേക്കും യാത്രപോയ ചരിത്രം കൂടിയുണ്ട് നാജിയ്ക്ക്. യാത്രയുടെ ഫ്ലാഗ് ഓഫ് ചടങ്ങില്‍ ചലച്ചിത്ര നടി ശ്രിദ്ധയും പങ്കാളികളായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.