ന്യൂജേഴ്‌സി: ഫ്ലോറിഡയിലെ ടാമ്പയിൽ നിന്ന് ന്യൂജേഴ്‌സിയിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് വിമാനം പറന്നത് യാത്രക്കാർക്ക് പുറമെ മറ്റൊരു അപ്രതീക്ഷിത അതിഥിയുമായി. ജീവനക്കാരോ മറ്റുള്ളവരോ അറിയാതെ വിമാനത്തിനുള്ളിൽ കയറിപ്പറ്റിയ പാമ്പായിരുന്നു ടിക്കറ്റെടുക്കാത്ത ആ അതിഥി.
ബോയിംഗ് 737 എന്‍ 27252 വിമാനം പാമ്പിനെ കണ്ടെത്തുന്നതിന് ഏതാനും മിനിറ്റുകള്‍ മുമ്പാണ് ന്യൂജെഴ്സിയിലെ നെവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്‍ഡ് ചെയ്തത്. ലാന്‍ഡിംഗിന് പിന്നാലെ ബിസിനസ് ക്ലാസ് ക്യാബിനാണ് പാമ്പിനെ കണ്ടെത്തിയത്.
പരിഭ്രാന്തരായ യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ തന്നെ സ്ഥിതിഗതികള്‍ ശാന്തമാക്കി. പിന്നീട് യാത്രക്കാരെ വിമാനത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തിറക്കിയ ശേഷം വിശദമായ പരിശോധനക്ക് നടത്തി. ടാർട്ടർ ഇനത്തിൽപ്പെട്ട നിരുപദ്രവകാരിയായ പാമ്പായിരുന്നു വിമാനത്തിൽ കയറിപറ്റിയത്.
പരിശോധനയില്‍ വിമാനത്തില്‍ മറ്റ് പാമ്പുകളൊന്നും കണ്ടെത്തിയില്ല. ആദ്യം ഭയപ്പെട്ടെങ്കിലും വിഷമില്ലാത്ത പാമ്പാണെന്ന് വിമാന ജീവനക്കാരിൽ നിന്ന് അറിഞ്ഞതോടെ യാത്രക്കാർക്ക് ആശ്വാസമായി. ഫ്ലൈറ്റ് കാബിൻ ക്രൂ സംഭവത്തെ കൃത്യമായി നേരിട്ടെന്നും അടിയന്തര നടപടികൾ സ്വീകരിച്ചെന്നും അധികൃതർ വ്യക്തമാക്കി.
വിമാനത്തിലെ പാമ്പിനെ പിടികൂടാൻ ന്യൂജെഴ്സിയിലെ നെവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർപോർട്ട് അനിമൽ കൺട്രോൾ ഓഫീസർമാരും പോർട്ട് അതോറിറ്റി പൊലീസ് ഡിപ്പാർട്ട്‌മെന്റും എത്തിയിരുന്നു. പിന്നീട് പാമ്പിനെ കാട്ടിലേക്ക് തുറന്നുവിട്ടതായി പോർട്ട് അതോറിറ്റി വക്താവ് ചെറിൽ ആൻ ആൽബിസ് പറഞ്ഞു.
സംഭവത്തില്‍ ആര്‍ക്കും മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായിട്ടില്ലെന്നും വിമാനത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചില്ലെന്നും വിശദമായ പരിശോധനയ്ക്ക് പിന്നാലെ ബോയിംഗ് 737 തിരിച്ച് ഫോര്‍ട്ട് മേയേഴ്‌സിലേക്ക് പുറപ്പെട്ടതായും ആൽബിസ് അറിയിച്ചു.
വിമാനയാത്രക്കിടെ പാമ്പിനെ കണ്ടെത്തുന്നത് ആദ്യ സംഭവമല്ല. 2016ൽ മെക്സിക്കോ സിറ്റിയിലേക്കുള്ള എയ്‌റോമെക്‌സിക്കോ വിമാനത്തിനുള്ളിൽ പാസഞ്ചർ ക്യാബിനില്‍ ഒരു വലിയ പാമ്പിനെ കണ്ടെത്തിയിരുന്നു. ആസ്‌ട്രേലിയയിൽ നിന്ന് പാപ്പുവ ന്യൂയിലേക്കുള്ള ഒരു വിമാനത്തിന്‍റെ പുറത്ത് ചിറകിൽ ചുറ്റിപ്പിടിച്ചിരിക്കുന്ന നിലയില്‍ പെരുമ്പാമ്പിനെ കണ്ടെത്തിയ സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.