മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വിവിധ ഭദ്രാസന അതിർത്തികൾ പുനർ നിർണയം ചെയ്തു

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വിവിധ ഭദ്രാസന അതിർത്തികൾ പുനർ നിർണയം ചെയ്തു

മാവേലിക്കര : മലങ്കര  സുറിയാനി കത്തോലിക്കാ സഭയുടെ പൂന- ഖഡ്കി,പുത്തൂർ,  മാർത്താണ്ഡം ഭദ്രാസനങ്ങളുടെ അജപാലന അതിർത്തികൾ ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരത്തോടു കൂടി മലങ്കര സുറിയാനി കത്തോലിക്കാ സഭാ സുന്നഹദോസ് പുനർ നിർണയം ചെയ്തു. സഭയുടെ പുനരൈക്യപ്രസ്ഥാനത്തിന്റെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് മാവേലിക്കര പുന്നമൂട് സെന്റ് മേരിസ് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന പൊതുസമ്മേളനത്തിനിടയിലാണ് സുന്നഹദോസ് തീരുമാനങ്ങൾ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ അറിയിച്ചത്.

ഇതനുസരിച്ച് പുന-ഖഡ്കി ഭദ്രാസനത്തിന്റെ പരിധിയിലുണ്ടായിരുന്ന കർണാടക, ആന്ധ്ര, തെലുങ്കാന, മഹാരാഷ്ട്രാ, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടന്ന ഭൂപ്രദേശം സഭയുടെ സുന്നഹദോസിന് പൂർണ്ണ അധികാരമുള്ള അജപാലന പ്രദേശമായി മാർപ്പാപ്പ പ്രഖ്യാപിച്ചു.

ഇതിൽ നിന്നും നിലവിൽ കന്യാകുമാരി മാത്രമായിരുന്ന മാർത്താണ്ഡം ഭദ്രാസനത്തോട് തമിഴ്നാട്ടിലെ 20 റവന്യൂ ജില്ലകളുടെ ഭൂപ്രദേശം കൂടി കൂട്ടിച്ചേർത്തു. ദക്ഷിണ കന്നഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പുത്തൂർ ഭദ്രാസനത്തിൽ ബാംഗ്ലൂർ നഗരമടക്കമുള്ള 7 ജില്ലകളുടെ ഭൂപ്രദേശം കൂടി കൂട്ടിച്ചേർത്തു.

പ്രദേശങ്ങളിൽ പുതിയ ഇടവകകൾ രൂപീകരിക്കുന്നതിന് ഭദ്രാസനങ്ങൾക്ക് പൂർണ്ണ അധികാരം ലഭിക്കുന്നു. സുന്നഹദോസ് തീരുമാനങ്ങൾ അടങ്ങിയ കൽപന കൂരിയ മെത്രാൻ ബിഷപ്പ് യൂഹാനോൻ മാർ തെയഡോഷ്യസ് വായിച്ചു. പൂന-ഖഡ്കി, മാർത്താണ്ഡം, പുത്തൂർ ഭദ്രാസനങ്ങളുടെ വളർച്ചയ്ക്ക് ഈ തീരുമാനം വളരെ സഹായകമാകുമെന്ന് മാർ ക്ലീമിസ് ബാവ പറഞ്ഞു. ചടങ്ങിൽ സഭയിലെ മറ്റു മെത്രാപ്പോലീത്താമാർ സംബന്ധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.