പിടിച്ചുപറിച്ച് വിമാനക്കമ്പനികള്‍: ആഭ്യന്തര വിമാന സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി; ഇരട്ടി വര്‍ധന

പിടിച്ചുപറിച്ച് വിമാനക്കമ്പനികള്‍: ആഭ്യന്തര വിമാന സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി; ഇരട്ടി വര്‍ധന

കോഴിക്കോട്: ആഭ്യന്തരവിമാന സര്‍വീസുകളുടെ ടിക്കറ്റു നിരക്കില്‍ ഇരട്ടിവര്‍ധന. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് താങ്ങാനാവാത്ത വിധത്തിലാണ് വിമാനക്കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചത്.

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഇന്‍ഡിഗോ, എയര്‍ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയവയുടെ ടിക്കറ്റു നിരക്കില്‍ വലിയ മാറ്റമാണ് വരുത്തിയത്.

കോഴിക്കോട്ടു നിന്ന് ഡല്‍ഹിയിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ നേരിട്ടു പോകുന്നതിനുള്ള നിരക്ക് 8000 മുതല്‍ 9000 രൂപ വരെയാണ്. നേരത്തേ 5000 രൂപയ്ക്ക് താഴെ മാത്രമായിരുന്നു നിരക്ക്. നേരിട്ടല്ലാതെ മറ്റിടങ്ങളില്‍ക്കൂടി പോകുന്ന വിമാനമാണെങ്കില്‍ 22,000 രൂപ വരെയാണ് ഇപ്പോഴത്തെ നിരക്ക്.

കോഴിക്കോട്ടു നിന്ന് മുംബൈയിലേക്ക് നേരിട്ടു പോകാന്‍ 6500 രൂപയാണ് എയര്‍ ഇന്ത്യ ഈടാക്കുന്നത്. ബെംഗളൂരു വഴിയാകുമ്പോള്‍ 8000, ഹൈദരാബാദ് വഴി 11,000 രൂപയുമാണ്. വിവിധ ക്ലാസുകള്‍ക്കനുസരിച്ച് നിരക്ക് കുറയുകയും കൂടുകയും ചെയ്യും.

മാസങ്ങള്‍ക്കു മുമ്പേ ടിക്കറ്റെടുക്കുകയാണെങ്കില്‍ നിരക്ക് കുറവായിരിക്കും. എന്നാല്‍, പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്കായി പോകുന്നവരെയാണ് നിരക്ക് കൂടുതലായും ബാധിക്കുക.

മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് വിമാനങ്ങള്‍ ഇപ്പോള്‍ വളരെ കുറവായതിനാലാണ് ടിക്കറ്റു നിരക്കില്‍ വലിയ വര്‍ധനയുണ്ടായത്. കോഴിക്കോട്ടു നിന്ന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും സര്‍വീസും ഇല്ല. അന്താരാഷ്ട്ര വിമാന സര്‍വീസുകളില്‍ യുറോപ്യന്‍ രാജ്യങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ കൂടുതലായി പോകുന്നതിനാല്‍ ടിക്കറ്റു നിരക്ക് കൂടുതലുണ്ട്.

എന്നാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ദുബായിലേക്ക് പോയി വരുന്നതിന് 18,510 രൂപ മാത്രമേ ആകുന്നുള്ളൂ. എയര്‍ ഇന്ത്യയില്‍ 24,000 രൂപയും സ്‌പൈസ് ജെറ്റില്‍ 19,500 രൂപയാണ് നിരക്ക്. ഇതില്‍ ദിവസം മാറുന്നതിനനുസരിച്ചും അവധിദിവസങ്ങളിലും വര്‍ധന ഉണ്ടാകും.

കോവിഡിനെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വിമാനക്കമ്പനികള്‍ ടിക്കറ്റു നിരക്ക് കൂട്ടിയിരുന്നു. ആഭ്യന്തര ടൂറിസത്തിന്റെ ഭാഗമായി യാത്രക്കാര്‍ ഇപ്പോള്‍ കൂടുതലായി ആശ്രയിക്കുന്നത് വിമാനങ്ങളെയാണ്. ടിക്കറ്റു നിരക്ക് കുറവായിരുന്നതിനാലും വേഗത്തില്‍ എത്തിപ്പെടാം എന്നതിനാലുമാണ് ആളുകള്‍ വിമാനങ്ങളെ ആശ്രയിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.