കൈത്തോക്കുകള്‍ വില്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി കാനഡ

 കൈത്തോക്കുകള്‍ വില്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി കാനഡ

ഒട്ടാവ: കൈത്തോക്കുകള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി കനേഡിയന്‍ സര്‍ക്കാര്‍. രാജ്യത്ത് തോക്ക് നിയന്ത്രണം നടപ്പാക്കാന്‍ മെയ് മാസത്തില്‍ നിയമനിര്‍മ്മാണം കൊണ്ടു വന്നതിനോടനുബന്ധിച്ചാണ് കൈത്തോക്ക് വില്‍പ്പന മരവിപ്പിക്കല്‍ പ്രഖ്യാപിച്ചതെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഓഫീസ് അറിയിച്ചു.

'തോക്ക് കൊണ്ടുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നടപടിയെടുക്കാന്‍ ഞങ്ങള്‍ക്ക് ബാധ്യതയുണ്ട്. രാജ്യത്ത് കൈത്തോക്കുകളുടെ വിപണി മരവിപ്പിച്ചിരിക്കുന്നു'- ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

ലിബറല്‍ ഗവണ്‍മെന്റാണ് തോക്ക് ആക്രമണങ്ങള്‍ക്കെതിരെ പോരാടുന്നതിന് ബില്‍ അവതരിപ്പിച്ചത്. പുതിയ നിയമ പ്രകാരം കാനഡയ്ക്കുള്ളില്‍ കൈത്തോക്കുകള്‍ ഉപയോഗിക്കുന്നതിനും രാജ്യത്തേക്ക് കൊണ്ടുവരുന്നതിനും തടസമുണ്ടാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

രാജ്യത്ത് തോക്ക് ആക്രമണങ്ങള്‍ക്കെതിരായി നടത്തിയ പ്രധാനപ്പെട്ട നടപടിയാണിതെന്ന് കനേഡിയന്‍ പൊതു സുരക്ഷാ മന്ത്രി മാര്‍ക്കോ മെന്‍ഡിസിനോ പറഞ്ഞു. എന്നാല്‍ നടപടിക്കെതിരെ പടിഞ്ഞാറന്‍ പ്രദേശത്തെ ആല്‍ബെര്‍ട്ട സര്‍ക്കാര്‍ രംഗത്തെത്തി.

നിയമം അനുസരിക്കുന്ന തോക്കുടമകളെ ഇത് ബാധിക്കുമെന്ന് ആല്‍ബര്‍ട്ടയിലെ നീതിന്യായ മന്ത്രി ടൈലര്‍ ഷാന്‍ഡ്രോ പറഞ്ഞു. ഫെഡറല്‍ ഗവണ്‍മെന്റിന്റെ യഥാര്‍ഥ ലക്ഷ്യം കൈത്തോക്ക് ഉടമകളെ ബലിയാടാക്കാനും തോക്കുകളുടെ ഉടമസ്ഥത ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്ന വോട്ടര്‍മാരുടെ ആഗ്രഹം നടപ്പാക്കാനുമാണെന്ന് ഷാന്‍ഡ്രോ കൂട്ടിച്ചേര്‍ത്തു.

കാനഡക്കാര്‍ക്ക് ലൈസന്‍സുള്ള തോക്കുകള്‍ സ്വന്തമാക്കാം. ചില തോക്കുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. യുണൈറ്റഡ് സ്റ്റേറ്റ്‌സിനേക്കാള്‍ കര്‍ശനമായ തോക്ക് നിയമങ്ങളാണ് കാനഡക്കുള്ളത്. രാജ്യത്ത് തോക്ക് നരഹത്യാ നിരക്ക് സമ്പന്ന രാജ്യങ്ങളേക്കാള്‍ ഉയര്‍ന്നതാണ്. 2009 നും 2020 നും ഇടയില്‍ നടന്ന അക്രമങ്ങളുടെ പ്രധാന ആയുധം കൈത്തോക്കുകളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.