തിരുവനന്തപുരം: ഐ.പി.എസുകാർ ക്രൂരകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്നുവെന്നും മയക്കുമരുന്ന് കേസിൽ എണ്ണം തികയ്ക്കാൻ വേണ്ടി കള്ളക്കേസെടുക്കേണ്ടി വരുന്നുവെന്നും പൊലീസുകാരുടെ വാട്സാപ്പ് സന്ദേശം. മേലുദ്യോഗസ്ഥരുടെ സമ്മർദ്ദം താങ്ങാൻ കഴിയുന്നില്ലെന്നും സന്ദേശത്തിൽ പറയുന്നു.
കിളികൊല്ലൂര്‍ സംഭവത്തിന് ശേഷം സമൂഹത്തിൽ നിന്ന് വ്യാപകമായ വിമർശനങ്ങളാണ് പൊലീസ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് പൊലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ സ്വയം വിമർശനാത്മകമായ സന്ദേശം പ്രത്യക്ഷപ്പെടുന്നത്.
"പൊതുജനങ്ങളെ മർദ്ദിക്കുന്നതിന് പിന്നിൽ മാനസിക സമ്മർദ്ദമാണ്. ഇതിന് കാരണം ജില്ലാ പൊലീസ് മേധാവിമാർ അടക്കമുള്ള ഐ.പി.എസ്. ഉദ്യോഗസ്ഥർ നൽകുന്ന പീഡനമാണ്. നിലവിൽ ലഹരിക്കെതിരെ ക്യാമ്പയിൻ നടക്കുന്നുണ്ട്. ഈ ഘട്ടത്തിൽ എസ്.എച്ച്.ഒമാർ അടക്കമുള്ളവർക്ക് മേൽ വൻ സമ്മർദ്ദമാണുള്ളത്.
ജില്ലാ പൊലീസ് മേധാവിമാർ രണ്ട് എൻ.ഡി.പി.എസ് കേസെങ്കിലും രജിസ്റ്റർ ചെയ്യണം എന്നാണ് നിർദ്ദേശം. ഇതുകൂടാതെ മറ്റു കേസുകളും രജിസ്റ്റർ ചെയ്യണം. ഇതിന്റെ സമ്മർദ്ദം താങ്ങാൻ സാധിക്കുന്നില്ല. പലപ്പോഴും എണ്ണം തികയ്ക്കാൻ കള്ളക്കേസെടുക്കേണ്ടി വരുന്നു. സിഗരറ്റ് വലിച്ചവരെ പിടിച്ച് കഞ്ചാവ് വലിച്ചു എന്നുള്ള കേസ് രജിസ്റ്റർ ചെയ്ത് കേസിന്റെ എണ്ണം തികച്ച് ജാമ്യത്തിൽ വിടേണ്ട സാഹചര്യമാണ് നിലവിൽ.
എസ്.പിമാരുടേയും ഐ.പി.എസ്. ഉദ്യോഗസ്ഥരുടേയും ഇടയിൽ ആരാണ് കേമൻ എന്നുള്ള കിടമത്സരമാണ്. അതിന് വേണ്ടി കൂടുതൽ കേസുകൾ തങ്ങളുടെ പരിധിക്കുള്ളിൽ ഉണ്ടാക്കാൻ എസ്.എച്ച്.ഒമാർക്കും ഡി.വൈ.എസ്.പിമാർക്കും മുകളിൽ സമ്മർദ്ദമുണ്ട്. അത് സഹിക്കാതെ വരുമ്പോൾ മറ്റൊരു രീതിയിൽ ജനങ്ങളുടെ മേൽ കുതിര കയറേണ്ട അവസ്ഥയിലേക്ക് തങ്ങളെ എത്തിക്കുന്നു.
ദിവസവും ചേരുന്ന യോഗത്തിൽ പങ്കെടുക്കാൻ തന്നെ എസ്.എച്ച്.ഒമാർക്ക് വിമുഖതയാണ്. തലേ ദിവസം എത്ര കേസെടുത്തു? ഇന്ന് എത്ര കേസെടുക്കാൻ ഉദ്ദേശിക്കുന്നു എന്നുള്ള ചോദ്യമാണ് യോഗത്തിൽ. ലീവ് ചോദിക്കുമ്പോൾ എത്ര എൻ.ഡി.പി.എസ്. കേസെടുത്തു എന്നാണ് എസ്.പി. ചോദിക്കുക" വാട്സാപ്പ് സന്ദേശത്തിൽ പറയുന്നു.
ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ സമ്മർദ്ദം മൂലം താങ്ങാൻ കഴിയാത്ത മാനസികാവസ്ഥയിൽ എത്തിയെന്നും അതിന്റെ ഫലമായിട്ടാണ് ജനങ്ങൾക്കുമേൽ ക്രൂരകൃത്യങ്ങൾ ചെയ്യേണ്ടി വരുന്നതെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.