ത്രില്ലര്‍ മാച്ച്; അവസാന പന്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യയ്ക്ക് വിജയത്തുടക്കം

ത്രില്ലര്‍ മാച്ച്; അവസാന പന്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യയ്ക്ക് വിജയത്തുടക്കം

മെല്‍ബണ്‍: കഴിഞ്ഞ ലോകക്കപ്പിലേറ്റ പരാജയത്തിന് പാക്കിസ്ഥാന് മധുരപ്രതികാരം നല്‍കി ടീം ഇന്ത്യ. അവേശം അണപ്പൊട്ടിയൊഴുകിയ അവസാന ഓവറുകളില്‍ നാല് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ഇന്ത്യ പിടിച്ചുവാങ്ങിയത്. ഫോംഔട്ടിന്റെ പഴികളിലില്‍ നിന്ന് രക്ഷകന്റെ റോളിലേക്ക് ഉയര്‍ന്ന വിരാട് കോഹ്ലിയുടെ അപരാചിത ഇന്നിങ്‌സ് വിജയത്തിന്റെ നെടുംതൂണായി.

ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ഹീറോ. അവസാന പന്തില്‍ ആര്‍ അശ്വിന്‍ നേടിയ ഫോര്‍ നിര്‍ണായകമായി. ഹാര്‍ദിക് പാണ്ഡ്യ (40) മികച്ച പ്രകടനം പുറത്തെടുത്തു.

ഷഹീന്‍ അഫ്രീദിയെറിഞ്ഞ പതിനെട്ടാം ഓവറിലാണ് കളി മാറുന്നത്. 17 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ഹാരിസ് റൗഫിന്റെ 19ാം ഓവറില്‍ 15 റണ്‍സും പിറന്നു. അതുവരെ നന്നായി പന്തെറിഞ്ഞ റൗഫിന്റെ അവസാന രണ്ട് പന്തില്‍ കോലി സിക്‌സ് നേടിയിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 16 റണ്‍സ്. പന്തെറിയുന്നത് മുഹമ്മദ് നവാസ്. ആദ്യ പന്തില്‍ ഹാര്‍ദിക് ഔട്ട്. ദിനേശ് കാര്‍ത്തിക് ക്രീസിലേക്ക്.

രണ്ടാം പന്തില്‍ സിംഗിള്‍. മൂന്നാം പന്തില്‍ കോലി രണ്ട് റണ്‍സ് നേടി. നാലാം പന്തില്‍ സിക്‌സ്. കൂടെ നോബോളും. അവസാന മൂന്ന് പന്തില്‍ വേണ്ടത് ആറ് റണ്‍. അടുത്ത പന്ത് വൈഡ്. ജയിക്കാന്‍ അഞ്ച് റണ്‍. അടുത്ത പന്ത് വീണ്ടും ഫ്രീഹിറ്റ്. എന്നാല്‍ കോലി ബൗള്‍ഡായി. പന്ത് കീപ്പറെ മറികടന്ന് പിന്നിലേക്ക്. അതില്‍ മൂന്ന് റണ്‍സാണ് ഓടിയെടുത്തത്.

അവസാന രണ്ട് പന്തില്‍ വേണ്ടത് രണ്ട് റണ്‍. കാര്‍ത്തിക് പുറത്ത്. അശ്വിന്‍ നേരിട്ട അവസാന പന്ത് വൈഡ്. സ്‌കോര്‍ ഒപ്പത്തിനൊപ്പം. അവസാന പന്തില്‍ ബൗണ്ടറി നേടി അശ്വിന്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചു. 53 പന്തില്‍ നാല് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്.

തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ഏഴ് ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ നാലിന് 33 എന്ന പരിതാപകരമായ നിലയിലായിരുന്നു ഇന്ത്യ. രണ്ടാം ഓവറില്‍ തന്നെ രാഹുലിനെ ഇന്ത്യക്ക് നഷ്ടമായി. ഏഴ് റണ്‍സായിരുന്നു അപ്പോള്‍ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. സ്‌കോര്‍ബോര്‍ഡില്‍ മൂന്ന് റണ്‍സ് കൂടി കൂട്ടിചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ രോഹിത്തും മടങ്ങി. സൂര്യകുമാറാകട്ടെ രണ്ട് ഫോറ് നേടി ആത്മവിശ്വാസം കാണിച്ചെങ്കിലും 15 റണ്‍സുമായി മടങ്ങി. സ്ഥാനക്കയറ്റം ലഭിച്ചെത്തിയ അക്‌സറാവട്ടെ റണ്ണൗട്ടാവുകയും ചെയ്തതോടെ ഇന്ത്യ പ്രതിരോധത്തിലായി. പിന്നീടായിരുന്നു ഹാര്‍ദിക് കോലി സഖ്യത്തിന്റെ രക്ഷാപ്രവര്‍ത്തനം. 113 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാനെ അര്‍ഷ്ദീപ് സിംഗ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് നിയന്ത്രിച്ചു നിര്‍ത്തിയത്. ഇതിനിടയിലും ഇഫ്തിഖര്‍ അഹമ്മദ് (34 പന്തില്‍ 51), ഷാന്‍ മസൂദ് (42 പന്തില്‍ 52) എന്നിവരുടെ പ്രകടനം പാകിസ്ഥാന് ആശ്വാസമായി. ഇഫ്തിഖര്‍ മസൂദ് സഖ്യം കൂട്ടിചേര്‍ത്ത 76 റണ്‍സാണ് പാകിസ്ഥാനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ ഇഫ്തിഖറിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഷമി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.