ബ്രിട്ടീഷ് പ്രധാനമന്ത്രി; സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് റിഷി സുനക്

ബ്രിട്ടീഷ് പ്രധാനമന്ത്രി; സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് റിഷി സുനക്

ലണ്ടന്‍: ആറാഴ്ചത്തെ ഭരണത്തിനൊടുവില്‍ ലിസ് ട്രസ് രാജിവച്ചതിനു പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് വീണ്ടുമൊരു അങ്കത്തിനൊരുങ്ങുകയാണ് ഇന്ത്യന്‍ വംശജനായ റിഷി സുനക്. 128 കണ്‍സര്‍വേറ്റീവ് എം.പിമാരുടെ പിന്തുണ ഉറപ്പിച്ച റിഷി സുനക് സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. നേരത്തെ, മത്സരത്തിനിറങ്ങുമെന്ന് സൂചനയുള്ള മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി റിഷി സുനക് കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ തവണ അവസാന റൗണ്ടില്‍ ലിസ് ട്രസിനോടു കീഴടങ്ങിയ പെനി മോര്‍ഡന്റ് ആണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച മറ്റൊരാള്‍.

പ്രധാനമന്ത്രി സ്ഥാനത്തേക്കു മത്സരിക്കാന്‍ 100 എം.പിമാരുടെ പിന്തുണയാണ് വേണ്ടത്. റിഷി സുനക് ഈ കടമ്പ നേരത്തെ കടന്നിരുന്നു. ഇതുവരെയായി 128 ടോറി എം.പിമാരുടെ പിന്തുണ അദ്ദേഹം ഉറപ്പാക്കിയിട്ടുണ്ട്. 100 കടമ്പ കടക്കാന്‍ ബോറിസ് ജോണ്‍സന് ഇനിയും കൂടുതല്‍ പേരുടെ പിന്തുണ ആവശ്യമുണ്ട്.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കുമെന്നാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി റിഷി സുനക് പ്രഖ്യാപിച്ചത്. ബ്രിട്ടണ്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ചാന്‍സലറായിരിക്കെ മോശം ഘട്ടത്തില്‍ രാജ്യത്തിന്റെ സമ്പദ്ഘടനയെ മുന്നോട്ടുകൊണ്ടുപോകാന്‍ തനിക്കായിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ കുറച്ചുകൂടി വലുതാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകുമെന്നും രാജ്യത്തിനു വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുമെന്നും റിഷി സുനക് അവകാശപ്പെട്ടു.

പെനി മോര്‍ഡന്റ്, റിഷി സുനക് എന്നിവര്‍ക്കൊപ്പം ബോറിസ് ജോണ്‍സനും മത്സരത്തിനെത്തുമെന്നാണ് കരുതപ്പെടുന്നത്. നാളെയാണ് നാമനിര്‍ദേശം സമര്‍പ്പിക്കാനുള്ള അവസാന ദിവസം. കാര്യങ്ങള്‍ വോട്ടെടുപ്പിലേക്ക് നീങ്ങിയാല്‍ ഈ മാസം 28-ന് പുതിയ പ്രധാനമന്ത്രിയെ അറിയാനാകും. 2024 ഡിസംബറിലാണ് ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.