കോയമ്പത്തൂര്‍ സ്ഫോടനം: ചാവേര്‍ ആക്രമണമെന്ന് സംശയം; മരിച്ച ഇരുപത്തിയഞ്ചുകാരന് ഐ.എസ് ബന്ധം

 കോയമ്പത്തൂര്‍ സ്ഫോടനം: ചാവേര്‍ ആക്രമണമെന്ന് സംശയം; മരിച്ച ഇരുപത്തിയഞ്ചുകാരന് ഐ.എസ് ബന്ധം

ചെന്നൈ: കോയമ്പത്തൂരില്‍ കാര്‍ പൊട്ടിത്തറിച്ച് യുവാവ് മരിച്ച സംഭവം ചാവേര്‍ ആക്രമണമെന്ന് സംശയം. ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് ടൗണ്‍ ഹാളിന് സമീപം കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് മുന്നില്‍ കാറിലുണ്ടായ സ്‌ഫോടനത്തില്‍ യുവാവ് മരിച്ചത്. ഉക്കടം സ്വദേശിയും എഞ്ചിനീയറിങ് ബിരുദധാരിയുമായ ജമേഷ മുബിന്‍ (25) ആണ് മരിച്ചത്.
കാറിലുണ്ടായിരുന്ന പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ജമേഷ മുബിനെ 2019ല്‍ ഐ.എസ് ബന്ധം ആരോപിച്ച് എന്‍.ഐ.എ ചോദ്യം ചെയ്തിരുന്നു. ഇയാളുടെ വീട്ടില്‍ എന്‍.ഐ.എ റെയ്ഡ് നടത്തിയിട്ടുള്ളതായും പൊലീസ് വ്യക്തമാക്കി. ജമേഷയുടെ വീട്ടില്‍ നടന്ന പരിശോധനയില്‍ സ്ഫോടക വസ്തുക്കളുടെ ശേഖരം കണ്ടെത്തിയതാണ് ചാവേര്‍ ആക്രമണമാണെന്ന സംശയത്തിന് കാരണം.

ചെക്ക് പോസ്റ്റില്‍ പൊലീസിനെ കണ്ട് യുവാവ് കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇയാള്‍ മാത്രമായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. പൊള്ളാച്ചിക്ക് സമീപം താമസിക്കുന്ന പ്രഭാകരന്‍ എന്നയാളുടേതാണ് കാര്‍. സ്‌ഫോടത്തില്‍ കാര്‍ രണ്ടായി തകര്‍ന്നു.

കാറില്‍ നിന്ന് പൊട്ടാത്ത മറ്റൊരു എല്‍.പി.ജി സിലിണ്ടര്‍, സ്റ്റീല്‍ ബോളുകള്‍, ഗ്‌ളാസ് കല്ലുകള്‍, അലുമിനിയം, ഇരുമ്പ് എന്നിവയും കണ്ടെടുത്തു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ക്ഷേത്ര കവാടത്തിലെ താത്കാലിക ഷെല്‍ട്ടര്‍ ഭാഗികമായി തകര്‍ന്നു. കോയമ്പത്തൂര്‍ ജില്ലയില്‍ ഉടനീളം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.