വത്തിക്കാൻ സിറ്റി: കർത്താവില്ലാതെ നമുക്ക് നവീകരിക്കപ്പെടാൻ കഴിയില്ലെന്ന് സെന്റ്. ബ്രിഡ്ജറ്റിൻ, കോംബോനി മിഷനറി സഹോദരിമാരോട് ഫ്രാൻസിസ് മാർപാപ്പയുടെ ഉദ്‌ബോധനം. കാരണം നാം ക്രിസ്തുവിൽ നിന്നും ആരംഭിച്ച് ക്രിസ്തുവിലേക്ക് തന്നെ മടങ്ങുന്നവരാണെന്നും പാപ്പ ഊന്നി പറഞ്ഞു.
ക്രിസ്തുവുമായുള്ള ബന്ധത്തിന് പ്രഥമ പരിഗണന നൽകണം. ആന്തരികവും സാമൂഹികവുമായ നവീകരണത്തിനുള്ള പ്രാരംഭ ബിന്ദുവാണ് യേശു എന്നും ക്രിസ്തുവുമായുള്ള അവരുടെ നിരന്തരമായ ബന്ധം ഒഴിച്ചുകൂടാനാവാത്തതാണെന്നും ഫ്രാൻസിസ് മാർപാപ്പ സഹോദരിമാരെ ഓർമിപ്പിച്ചു.
ജീവിതത്തിൽ ഒന്നാം സ്ഥാനം ക്രിസ്തുവിന് നൽകണം. അവനിലേക്ക് നിരന്തരം ദിവ്യകാരുണ്യ ആരാധനയിലൂടെ അടുക്കാൻ കഴിയണം. കൂടാതെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ മനോഹരമായ വ്യക്തിപരമായ പ്രാർത്ഥനയിൽ നിന്ന് പഠിക്കാൻ നമുക്ക് കഴിയണമെന്നും മാർപാപ്പ വത്തിക്കാനിൽ വെച്ച് മിഷനറി സഹോദരിമാരോട് ആഹ്വാനം ചെയ്തു.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ തിരുനാൾ ദിനമായ ഒക്ടോബർ 22 അദ്ദേഹം സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ വച്ച് മാർപാപ്പയുടെ സ്ഥാനം ഏറ്റെടുത്ത് തന്റെ ശുശ്രൂഷ ആരംഭിച്ച ദിവസമാണെന്നും ഫ്രാൻസിസ് പാപ്പ അനുസ്മരിച്ചു. മാർപ്പാപ്പ തന്റെ മുൻഗാമിയെ ദൈവപുരുഷനായിട്ടാണ് വാഴ്ത്തിയത്. കൂടാതെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ തീവ്രമായ ആത്മീയതയിൽ നിന്നും പ്രാർത്ഥനാ ജീവിതത്തിൽ നിന്നും നമുക്കെല്ലാവർക്കും പാഠങ്ങൾ ഉൾക്കൊള്ളാമെന്നും മിഷനറി സഹോദരിമാരോട് പാപ്പ പറയുകയും ചെയ്തു.
ബ്രിഡ്ജറ്റൈൻ കുടുംബം
1370-ൽ സ്വീഡനിലെ സെന്റ് ബ്രിഡ്ജറ്റ് സ്ഥാപിച്ചതും ആഗോളതലത്തിൽ 19 രാജ്യങ്ങളിൽ സാന്നിധ്യമറിയിച്ചതുമായ ബ്രിഡ്ജറ്റൈൻ അംഗങ്ങളെ ഫ്രാൻസിസ് മാർപാപ്പ ആദ്യമായിട്ടാണ് അഭിസംബോധന ചെയ്യുന്നത്. ശുശ്രൂഷയിൽ അവരെ പ്രോത്സാഹിപ്പിക്കുകയും അവർ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ദൈവത്തെ സ്തുതിക്കുകയും ബഹുമാനിക്കുകയും ചെയ്തു.
ലോകമെമ്പാടുമുള്ള അവരുടെ സാക്ഷ്യത്തിനും അവരുടെ അപ്പോസ്തോലിക പ്രവർത്തനങ്ങൾക്കും സഭയുടെ നന്ദിയും ഫ്രാൻസിസ് മാർപാപ്പ അറിയിച്ചു. ബ്രിഡ്ജെറ്റിൻ കുടുംബത്തിലെ അംഗങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന പ്രത്യേക ഏകാന്തജീവിത വൃത്തിയോട് അവർ കാണിക്കുന്ന വിശ്വസ്തതയാണ് ഈ സഹോദരിമാരെ മറ്റുള്ളവരിൽ നിന്നും വേർതിരിച്ചു നിർത്തുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
നിങ്ങളിൽ ഓരോരുത്തരുടെയും നിങ്ങളുടെ സമൂഹങ്ങളുടെയും അസ്തിത്വത്തിൽ ദൈവത്തിന്റെ പ്രഥമത്വം സ്ഥിരീകരിക്കാനാണ് നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്. വിശുദ്ധ കുർബാനയ്ക്ക് മുമ്പിൽ നിശ്ശബ്ദമായി ആരാധിക്കുന്നതും, യേശുവിന്റെ സാന്ത്വനകരമായ സാന്നിധ്യത്തിൽ ആയിരിക്കുന്നതും, സമൂഹത്തിലും സഭയിലും ലോകത്തും നന്മയുടെയും ആർദ്രതയുടെയും ഉപകരണങ്ങളാകാനുള്ള അപ്പസ്തോലിക പ്രവർത്തനങ്ങളെ ആകർഷിക്കുന്നതും മനോഹരമാണെന്നും മാർപാപ്പ പറഞ്ഞു.
മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നത് മിഷനറി സഹോദരിമാരെ കൂടുതൽ ഫലപ്രാപ്തിയുള്ളവരാകാൻ സഹായിക്കുമെന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു. കാരണം ധ്യാനാത്മക പ്രാർത്ഥന നിങ്ങളെ നിങ്ങളിൽ നിന്ന് തന്നെ പുറത്ത് കൊണ്ടുവരുവാനും ക്രിസ്തുവിൽ നിങ്ങളുടെ ജീവിതം കേന്ദ്രീകരിക്കാനും അവനെ നിങ്ങളിൽ പ്രവർത്തിക്കാൻ അനുവദിക്കാനും സഹായിക്കും.
അങ്ങനെ ചെയ്യുന്നത് അവരുടെ സേവനത്തെ ശാക്തീകരിക്കും. ഒരു കുടുംബത്തിലെന്നപോലെ സമൂഹജീവിതത്തിലെ ദൈനംദിന പ്രവർത്തനങ്ങളിൽ ചെറിയ നടപടികളിലൂടെ ജീവകാരുണ്യപ്രവർത്തനം നടത്തണമെന്നും പാപ്പ പറഞ്ഞു.
കോംബോനി മിഷനറി സഹോദരിമാർ
1872 ൽ ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും ആഫ്രിക്കയോടുള്ള സ്‌നേഹവും കൈമുതലാക്കി മിഷന്‍ ദൗത്യങ്ങള്‍ക്ക് വിശുദ്ധ ഡാനിയേല്‍ കോംബോനി സ്ഥാപിച്ച കോംബോനി മിഷനറി സിസ്റ്റേഴ്‌സിലെ അംഗങ്ങളെയും ഫ്രാൻസിസ് മാർപാപ്പ അഭിസംബോധന ചെയ്തു. സുഡാന്റെ തലസ്ഥാനമായ ഹാര്‍ട്ടോമില്‍ ആരംഭിച്ച മിഷന്‍ ദൗത്യത്തിൽ ഏറ്റവും ദുർബലരായവരെ സേവിക്കാനുള്ള മിഷനറി സഹോദരിമാരുടെ പ്രവർത്തനത്തെ മാർപാപ്പ പ്രശംസിക്കുകയും ചെയ്തു.
150 വർഷം മുമ്പ് അടിമത്തത്തിന്റെ ഇരകളായ സുഡാനിലെ ഏറ്റവും ദരിദ്രരും ഉപേക്ഷിക്കപ്പെട്ടവരുമായ ജനങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ട് വിശുദ്ധ ഡാനിയേൽ കോംബോനി രൂപീകരിച്ച കൂട്ടായ്മയിലെ ഓരോ അംഗങ്ങൾക്കും അദ്ദേഹത്തിന്റെ അപ്പോസ്തോലിക ഉത്സാഹം അനുകരിക്കാൻ കഴിയട്ടെയെന്ന് ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും പാപ്പ പറഞ്ഞു.
തങ്ങളുടെ സ്ഥാപകന്റെ അനുകമ്പയും ആർദ്രതയും അനുകരിക്കുന്നതിലൂടെ ആധുനിക കാലത്തെ അടിമത്തത്തിന്റെ ഇരകളെ എങ്ങനെ മികച്ച രീതിയിൽ സേവിക്കാമെന്ന് നിങ്ങൾക്ക് മനസിലാകുമെന്നും പാപ്പ പറഞ്ഞു.
വേശ്യാവൃത്തി, മനുഷ്യക്കടത്ത്, അവയവ വിൽപ്പന, മയക്കുമരുന്ന് ഉപയോഗം, ബാലവേല, കുടിയേറ്റം, നിഷിപ്ത താൽപ്പര്യങ്ങളുടെ ഇരകൾ തുടങ്ങിയവയിൽ അടിമകളായവരെ കുറിച്ചും മാർപ്പാപ്പ വിലപിച്ചു. ദാരിദ്ര്യം, അസമത്വം, വിവേചനം എന്നിവ ഉൾപ്പെടെയുള്ള ആഴമേറിയ കാരണങ്ങളെ ഇല്ലാതാക്കാതെ നമുക്ക് ഈ അടിമത്തത്തിന്റെ പ്രശ്നത്തെ മറികടക്കാൻ കഴിയില്ലെന്നും ഫ്രാൻസിസ് മാർപാപ്പ അഭിപ്രായപ്പെട്ടു.
ദൈവപുരുഷൻ
തന്റെ ശുശ്രൂഷയുടെ ഭാരങ്ങൾക്കിടയിൽ പോലും കൂടെക്കൂടെ പ്രാർഥിച്ച ദൈവപുരുഷനെന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ ഫ്രാൻസിസ് പാപ്പ അനുസ്മരിച്ചു. ഓരോ ക്രിസ്ത്യാനിയുടെയും, ഓരോ സമർപ്പിത വ്യക്തിയുടെയും, ഓരോ വൈദികന്റെയും, ഓരോ ബിഷപ്പിന്റെയും ആദ്യ ദൗത്യം പ്രാർത്ഥിക്കലാണെന്നും വ്യക്തിപരമായ പ്രാർത്ഥന ഒരു കാരണവശാലും അവഗണിക്കരുതെന്നുമുള്ളതിന് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ദൃഢമായ സാക്ഷ്യം വഹിച്ചുവെന്നും ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കി.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കർത്താവായ യേശുവിന്റെ കണ്ണിലൂടെ യാഥാർഥ്യത്തിലേക്ക് നോക്കുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും. സന്തോഷത്തോടെ ആയിരിക്കുവാനും ആത്മാവിനോട് അനുസരണയുള്ളവരാകാനും നിങ്ങളുടെ ജീവിതത്തെ ഒരു പ്രവചനമാക്കാനും വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ അനുകരിക്കുന്നത് നിങ്ങളെ സഹായിക്കുമെന്നും മിഷനറി സഹോദരിമാരോട് പാപ്പ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.