കോപ്പിയടി തടയാൻ 'ആന്റി കോപ്പിയിംഗ്‌ തൊപ്പി'; സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായി ഫിലിപ്പീൻ വിദ്യാർത്ഥികൾ

കോപ്പിയടി തടയാൻ 'ആന്റി കോപ്പിയിംഗ്‌ തൊപ്പി'; സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായി ഫിലിപ്പീൻ വിദ്യാർത്ഥികൾ

ലെഗാസ്‌പി സിറ്റി: ഫിലിപ്പീൻസിൽ ലെഗാസ്‌പി സിറ്റിയിലെ ഒരു കോളേജിൽ പരീക്ഷയ്ക്കിടെ 'ആന്റി കോപ്പിയിംഗ്‌ തൊപ്പി'കളണിഞ്ഞ വിദ്യാർത്ഥികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി. ലെഗാസ്‌പി സിറ്റിയിലെ ബികോൾ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാർത്ഥികളോട് കോപ്പിയടി തടയാൻ മുഖത്തിന്റെ ഇരുവശങ്ങളും മറയുന്ന രീതിയിൽ എന്തെങ്കിലും സംവിധാനം ധരിക്കണം എന്ന് അധ്യാപകർ ആവശ്യപ്പെട്ടിരുന്നു.

അധ്യാപകരുടെ ആവശ്യം അംഗീകരിച്ച പല വിദ്യാർത്ഥികളും വളരെ രസകരമായ വിധത്തിലുള്ള തൊപ്പികൾ ധരിച്ചാണ് പരീക്ഷ എഴുതിയത്. കാർഡ്‌ബോർഡ്, മുട്ട ട്രേകൾ, പേപ്പർ കവർ തുടങ്ങി പല വസ്തുക്കൾ കൊണ്ടും വിദ്യാർത്ഥികൾ തൊപ്പികൾ നിർമ്മിച്ചു. പരീക്ഷാവേളയിൽ ഉപയോഗിക്കാൻ പറ്റുന്ന ഫലപ്രദമായ ആന്റി കോപ്പി തൊപ്പികൾ എന്ന് പറഞ്ഞാണ് ഇതിന്റെ ചിത്രങ്ങൾ പലരും ഷെയർ ചെയ്യുന്നത്.


വിദ്യാർത്ഥികളുടെ സമഗ്രതയും സത്യസന്ധതയും ഉറപ്പാക്കാൻ ഒരു രസകരമായ വഴി തേടുകയായിരുന്നെന്ന് ഒരു അധ്യാപകൻ പറഞ്ഞു. ഈ ആശയം ശരിക്കും ഫലപ്രദമാണെന്ന് ബിക്കോൾ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പ്രൊഫസറായ മേരി ജോയ് മന്ദാനെ ഓർട്ടിസ് പറഞ്ഞു.

അവർ തന്നെയാണ് ആദ്യം വിദ്യാർഥികൾ തൊപ്പി ധരിച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മിഡ് ടേം പരീക്ഷയ്ക്കിടെ കോപ്പിയടി ഉണ്ടാകുന്നത് തടയാൻ സ്വയം തൊപ്പികൾ രൂപകൽപ്പന ചെയ്യാൻ അധ്യാപകർ വിദ്യാർത്ഥികളോട് നിർദേശിക്കുകയായിരുന്നു. അതേസമയം വിദ്യാർത്ഥികൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് തൊപ്പികൾ ഉണ്ടാക്കാനുള്ള അനുമതിയും നൽകിയിരുന്നു.


കുറച്ച് വർഷങ്ങൾക്ക് മുമ്പ് തായ്‌ലൻഡിൽ ഇത്തരത്തിൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഓര്‍ടിസ് ഈ നിര്‍ദേശം നല്‍കിയത്. 2013-ൽ ബാങ്കോക്കിലെ യൂണിവേഴ്‌സിറ്റിയിൽ ഒരു മുറിയിൽ വിദ്യാർത്ഥികൾ അവരുടെ കാഴ്ച ഇരുവശവും മറയ്ക്കുന്ന രീതിയിൽ കടലാസ് ഷീറ്റുകൾ തലയുടെ വശങ്ങളിൽ ഒട്ടിച്ചുകൊണ്ട് പരീക്ഷ എഴുതുന്ന ചിത്രം തരംഗമായി മാറിയിരുന്നു.


തന്റെ കുട്ടി എഞ്ചിനീയർമാർ അധ്യാപകരുടെ നിർദ്ദേശം സ്വീകരിച്ച് അതിനോടൊപ്പം ഓടിയതായും പ്രൊഫസർ ഓർട്ടിസ് പറഞ്ഞു. ചില വിദ്യാർത്ഥികൾ വെറും അഞ്ച് മിനിറ്റിനുള്ളിൽ അവർ ചുറ്റും കിടന്ന ചപ്പ്ചവറുകൾ ഉപയോഗിച്ച് പോലും തൊപ്പികൾ നിർമ്മിച്ചുവെന്നും അവർ പറഞ്ഞു. ഓര്‍ടിസ് പങ്കുവെച്ച ഫോട്ടോകളില്‍ ചിലര്‍ ഹെല്‍മറ്റ് ധരിച്ചതായി കാണാം. ചിലര്‍ കാര്‍ഡ് ബോര്‍ഡ് കൊണ്ട് കാര്‍ട്ടൂണ്‍ രൂപങ്ങള്‍ക്ക് സമാനമായാണ് തൊപ്പി രൂപകല്‍പന ചെയ്തിരിക്കുന്നത്.

എന്റെ വിദ്യാര്‍ത്ഥികളെ ഞാന്‍ ശരിക്കും സ്‌നേഹിക്കുകയും അവരില്‍ അഭിമാനിക്കുകയും ചെയ്യുന്നു. കാരണം മിഡ്ടേം പരീക്ഷകള്‍ സമ്മര്‍ദ്ദം നിറഞ്ഞതായിരിക്കാം. എന്നിട്ടും അവര്‍ക്ക് പരീക്ഷയ്ക്കിടയിൽ കുറച്ച് നിറവും രസവും ചേര്‍ക്കാന്‍ കഴിഞ്ഞു. വിദ്യാര്‍ത്ഥികളേ, വളരെ നന്ദി. നിങ്ങളില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നുവെന്നും മേരി ജോയ് മന്‍ഡെയ്ന്‍ ഓര്‍ടിസ് ഫേസ്ബുക്കിലെഴുതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.