കാൻബെറ: ഓസ്‌ട്രേലിയയ്ക്ക് ആശങ്ക വിതച്ച് സിറിയൻ തടങ്കൽ പാളയങ്ങളിൽ നിന്നും ഐഎസ് തീവ്രവാദികളുടെ ഭാര്യമാരും കുഞ്ഞുങ്ങളും അടങ്ങുന്ന ആദ്യ സംഘം രാജ്യത്ത് മടങ്ങിയെത്തി. സിറിയയിലെ ഐഎസ് മേധാവിത്വം അവസാനിച്ച ശേഷം ക്യാമ്പിൽ കഴിഞ്ഞിരുന്ന തീവ്രവാദികളുടെ ഭാര്യമാരായ നാല് ഓസ്ട്രേലിയൻ വനിതകളും 13 കുട്ടികളുമാണ് രാജ്യത്തേക്ക് തിരിച്ചെത്തിയത്.
വടക്കുകിഴക്കൻ സിറിയയിലുള്ള അൽ റോജ് ക്യാമ്പിൽ നിന്ന് ഇവരെ വ്യാഴാഴ്ച ഇറാഖിലെ എർബിലിലേക്ക് എത്തിച്ചിരുന്നു. അവിടെനിന്നും അവരെ ഇന്ന് പുലർച്ചയോടെ സിഡ്‌നിയിലേക്ക് കൊണ്ടുവരികയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇവരുടെ വ്യക്തിവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആരോഗ്യപരമായും മറ്റും പ്രശ്നങ്ങൾ നേരിടുന്നവരെയാണ് ആദ്യഘട്ടത്തിൽ എത്തിച്ചത്. സിറിയയിൽ തടവിലാക്കപ്പെട്ട എല്ലാ ഓസ്‌ട്രേലിയക്കാരെയും നാട്ടിലെത്തിക്കുന്നതിനുള്ള ആദ്യപടിയായിരിക്കും ഇവരുടെ തിരിച്ചുവരവെന്നും റിപ്പോർട്ടുകളുണ്ട്.
സിറിയയിൽ നിന്ന് 16 സ്ത്രീകളെയും 42 കുട്ടികളെയും തിരിച്ചെത്തിക്കുമെന്ന് ഈ മാസമാദ്യം ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസി വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷത്തിന്റെ ഉൾപ്പെടെ വലിയ വിമർശനങ്ങൾക്കിടയിയും ആന്റണി ആൽബനീസിയുടെ നേതൃത്വത്തിലുള്ള ലേബർ ഗവൺമെന്റിന്റെ കടുത്ത തീരുമാനപ്രകാരമാണ് ഇവർ സ്വദേശത്തേക്ക് മടങ്ങുന്നത്. രാജ്യ സുരക്ഷയെ മാനിച്ച് മുൻ സർക്കാരുകൾ ഇത്തരം ഒരു നീക്കത്തിന് തയ്യാറായിരുന്നില്ല.
എന്നാൽ വിഷയത്തിൽ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ പ്രധാനമന്ത്രി ആന്റണി ആൽബനീസി തയ്യാറായില്ല. മുൻ സർക്കാരും സിറിയയിൽ നിന്ന് കുട്ടികളെ തിരിച്ചെത്തിച്ചിരുന്നുവെന്നും, ഓസ്ട്രേലിയയുടെ സുരക്ഷയ്ക്ക് കോട്ടം തട്ടാത്ത രീതിയിൽ തുടർനടപടികളെടുക്കുമെന്നും മാത്രമാണ് അദ്ദേഹം പറഞ്ഞത്.
സംഘം ഓസ്‌ട്രേലിയയിൽ എത്തിയാൽ എന്ത് സംഭവിക്കുമെന്നോ അവരെ എങ്ങനെ നിരീക്ഷിക്കുമോ എന്നോ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടില്ല. മറ്റു വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്തേണ്ടതില്ല എന്നാണ് ദേശീയ സുരക്ഷാ ഏജൻസികൾ നൽകിയ ഉപദേശമെന്നും ആന്റണി ആൽബനീസി അറിയിച്ചു.
ഓസ്ട്രേലിയക്കാരാണ് എന്ന് ഉറപ്പിക്കുന്നതിനായി ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തിയ ശേഷമാണ് ഐഎസ് തീവ്രവാദികളുടെ ഓസ്‌ട്രേലിയൻ പൗരന്മാരായ കുടുംബാംഗങ്ങളെ തിരികെയെത്തിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. കുർദിഷ് അധികൃതരുടെ സഹായത്തോടെയാണ് ഡിഎൻഎ പരിശോധന നടത്തിയത്. തിരിച്ചെത്തുന്നതിൽ ഇതിൽ ഭൂരിഭാഗം കുഞ്ഞുങ്ങളും സിറിയയിൽ ജനിച്ചവരാണ്. ആദ്യമായിട്ടാകും അവർ ഓസ്ട്രേലിയയിലേക്ക് എത്തുക
അതേസമയം, സിറിയയിൽ നിന്ന് സ്ത്രീകളെയും കുട്ടികളെയും തിരിച്ചെത്തിക്കുന്ന നടപടി ദേശീയ താൽപര്യം മുൻനിർത്തിയല്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ഓസ്ട്രേലിയയിൽ ഭീകരവാദ ഭീഷണി കൂടാൻ ഇത് വഴിയൊരുക്കുമെന്നും പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടൺ കുറ്റപ്പെടുത്തി. തിരിച്ചെത്തിക്കുന്നവരെ നിരീക്ഷിക്കാൻ എന്തു നടപടികളുണ്ട് എന്ന കാര്യം പ്രധാനമന്ത്രി വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയൻ വംശജരായ സ്ത്രീകൾ ഐഎസ് തീവ്രവാദികളോടൊപ്പം സ്വമനസാലെ രാജ്യം വിട്ടു. എന്നാൽ തീവ്രവാദ ഗ്രൂപ്പിന്റെ ശക്തി ക്ഷയിക്കുകയും പലരും വിധവകളായി അഭയാർഥി ക്യാമ്പുകളിൽ ഒറ്റപ്പെടുത്തുകയും ചെയ്തു. ഇവർ ഓസ്‌ട്രേലിയയിലേക്ക് മടങ്ങുന്നത് എന്തിനാണെന്ന് ഉത്തരം നൽകണമെന്നും പീറ്റർ ഡട്ടൺ ആവശ്യപ്പെട്ടു.
ഓസ്‌ട്രേലിയയിലെ പൊതുജനങ്ങൾക്ക് വേണ്ടി എന്ത് സുരക്ഷാ നടപടികളാണ് സ്വീകരിച്ചതെന്ന് വിശദീകരിക്കാൻ പ്രധാനമന്ത്രിയ്ക്ക് ബാധ്യതയുണ്ട്. രാജ്യത്തിന്റെ താൽപ്പര്യങ്ങൾ മുൻനിർത്തി സർക്കാർ തീരുമാനങ്ങൾ എടുക്കണം.
2019 ൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതനത്തിന് ശേഷം ഈ തടങ്കൽ പാളയങ്ങളിൽ നിന്ന് എട്ട് ഓസ്‌ട്രേലിയൻ പൗരന്മാരെ രഹസ്യമായി രക്ഷപ്പെടുത്താൻ ശ്രമങ്ങൾ നടന്നിരുന്നു. എങ്കിലും പിന്നീട് സുരക്ഷാ കാരണങ്ങളാൽ കൂടുതൽ സ്ത്രീകളെയും കുട്ടികളെയും ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാൻ മുൻ സർക്കാർ വിസമ്മതിച്ചു.
ഈ നയം തിരുത്തുന്നത് രാജ്യത്തെ അപകടത്തിലാകുമെന്നും വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാകൊണ്ട് ഡട്ടൺ വ്യക്തമാക്കി. നാട്ടിലേക്ക് കൊണ്ടുവരുന്ന എല്ലാവരും സുരക്ഷാ ഏജൻസികളുടെ തീവ്രമായ നിരീക്ഷണത്തിന് വിധേയരായിരിക്കുമെന്നാണ് സർക്കാർ വിശദീകരണം.
കൂടുതൽ വായിക്കാൻ
https://cnewslive.com/news/35740/the-opposition-demanded-that-australian-women-who-voluntarily-left-the-country-to-help-is-terrorists-should-be-legally-punished-jf
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.