ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ഓഫീസില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ദീപവലി മധുര പായ്ക്കറ്റിനൊപ്പം 'ക്യാഷ് ഗിഫ്റ്റ്' ഉണ്ടായിരുന്നുവെന്ന ആരോപണം വന്‍ വിവാദത്തില്‍.
ദീപാവലി മധുരങ്ങളടങ്ങിയ പെട്ടിക്കൊപ്പം ഒരു ലക്ഷം രൂപ മുതല്‍ രണ്ടര ലക്ഷം രൂപ വരെ നല്‍കിയെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന 'സ്വീറ്റ് ബോക്സ് കോഴ'യില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
'ക്യാഷ് ഗിഫ്റ്റ്' ലഭിച്ചതായി ആരോപിക്കപ്പെടുന്ന പന്ത്രണ്ടോളം മാധ്യമ പ്രവര്‍ത്തകരില്‍ മൂന്ന് പേര്‍ പണം വിതരണം നടന്നതായി സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ തങ്ങള്‍ക്ക് ലഭിച്ച സമ്മാന പൊതിയില്‍ പണം കണ്ടതോടെ അത് മുഖ്യമന്ത്രിയുടെ ഓഫീസിന് തന്നെ തിരിച്ച് നല്‍കിയതായി അറിയിച്ചെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചെന്നാരോപിച്ച് ബസവരാജ് ബൊമ്മൈയുടെ മാധ്യമ ഉപദേഷ്ടാവിനെതിരെ ഒരു അഴിമതി വിരുദ്ധ സംഘടന കര്‍ണാടക ലോകായുക്ത പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ദീപാവലി മധുര പലഹാരം ഓഫീസില്‍ എത്തിച്ചത്. താന്‍ അത് എടുത്ത് തുറന്നപ്പോള്‍ അതില്‍ പണമുള്ള ഒരു കവര്‍ കണ്ടതായി ഒരു പ്രമുഖ കന്നഡ പത്രത്തിന്റെ രാഷ്ട്രീയകാര്യ ലേഖകന്‍ പറഞ്ഞു. എത്രയുണ്ടെന്ന് എണ്ണാന്‍ പോയില്ല.
ഉടന്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് തന്നെ തിരിച്ചയച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പണം എത്തിയെന്ന് ഉറപ്പാക്കുകയും മുഖ്യമന്ത്രിക്ക് രേഖമൂലം അതൃപ്തി അറിയിച്ച് കത്തയക്കുകയും ചെയ്തുതായും അദ്ദേഹം വ്യക്തമാക്കി.
കര്‍ണാടകയിലെ ബൊമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പിന്റെ കരാറുകളില്‍ നിന്ന് 40 ശതമാനം കമ്മീഷന്‍ ഈടാക്കുന്നുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഈ ആരോപണത്തെ തുടര്‍ന്ന് ബൊമ്മയ്ക്കെതിരെ 'പേ സിഎം' എന്ന പേരില്‍ കോണ്‍ഗ്രസ് പ്രചാരണം നടത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.