സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വേ നാളെ മുതല്‍; എല്ലാ പഞ്ചായത്തുകളിലും ഓഫീസ്

 സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വേ നാളെ മുതല്‍; എല്ലാ പഞ്ചായത്തുകളിലും ഓഫീസ്

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ ഡിജിറ്റല്‍ റീസര്‍വേയ്ക്ക് ആരംഭം കുറിക്കും. നവകേരള നിര്‍മിതിയില്‍ നിര്‍ണായക ചുവടുവയ്പാകുമെന്നാണ് വിലയിരുത്തല്‍. നാലുവര്‍ഷംകൊണ്ട് കൈവശത്തിന്റെയും ഉടമസ്ഥതയുടെയും അടിസ്ഥാനത്തില്‍ കേരളത്തിലെ മുഴുവന്‍ ഭൂമിയും ഡിജിറ്റലായി അളന്ന് റെക്കോഡുകള്‍ തയ്യാറാക്കി സമഗ്ര ഭൂരേഖ തയ്യാറാക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്.

കേരളത്തിന്റെ സര്‍വേ ചരിത്രത്തിന് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. ഐക്യ കേരളം രൂപീകരിക്കുന്നതിന് വളരെ മുമ്പു തന്നെ തിരുവിതാകൂര്‍, കൊച്ചി, മലബാര്‍ എന്നീ നാട്ടുരാജ്യങ്ങളില്‍ സര്‍വേ പൂര്‍ത്തിയാക്കി സെറ്റില്‍മെന്റ് രജിസ്റ്ററുകള്‍ തയ്യാറാക്കിയിരുന്നു. തിരുവിതാംകൂറില്‍ 1886 മുതല്‍ 1911 വരെയും കൊച്ചിയില്‍ 1905 മുതല്‍ 1909 വരെയും മലബാറില്‍ 1926 മുതല്‍ 1934 വരെയുമാണ് സര്‍വേ സെറ്റില്‍മെന്റ് നടന്നത്.

കേട്ടെഴുത്തും കണ്ടെഴുത്തും പത്തടിക്കോലു കൊണ്ടുള്ള ഖസറ സര്‍വേയും ഉപയോഗിച്ച് അക്കാലത്ത് തയ്യാറാക്കിയ രേഖകളാണ് ഇന്നും സംസ്ഥാനത്ത് ഭൂമി സംബന്ധിച്ചുള്ള അടിസ്ഥാനരേഖ. കൂട്ടുകുടുംബ വ്യവസ്ഥയില്‍ നിന്ന് അണുകുടുംബത്തിലേക്ക് കേരളം മാറ്റപ്പെട്ടതോടെ ഭൂമിയിലും ധാരാളം കൈമാറ്റങ്ങളും ക്രയവിക്രയങ്ങളും ഉണ്ടാകുകയും എന്നാല്‍ ഭൂസ്ഥിതിയിലെ മാറ്റങ്ങള്‍ സര്‍വേ രേഖകളില്‍ ഉള്‍പ്പെടാതെ പോകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് 1966ല്‍ റീസര്‍വേ ആരംഭിച്ചത്.

ആധുനിക സാങ്കേതിക വിദ്യയുടെ അഭാവംകൊണ്ടും പരമ്പരാഗത സംവിധാനങ്ങളുടെ പോരായ്മകൊണ്ടും 56 വര്‍ഷം പിന്നിട്ടിട്ടും അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. നിലവിലുള്ള 1666 വില്ലേജില്‍ 911ല്‍ മാത്രമാണ് റീസര്‍വേ നടന്നത്. ഇതിലും 91 വില്ലേജില്‍ മാത്രമാണ് ഡിജിറ്റലായി സര്‍വേ നടന്നത്. ബാക്കിയെല്ലാം പരമ്പരാഗത ഉപകരണങ്ങള്‍ ഉപയോഗിച്ച് സര്‍വേ നടത്തിയവയാണ്. ഈ രീതിയില്‍ തുടരുകയാണെങ്കില്‍ റീസര്‍വേ പൂര്‍ത്തിയാക്കുന്നതിന് ഇനിയും 50 വര്‍ഷം വേണ്ടിവരും.

ഈ സാഹചര്യത്തിലാണ് ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് 'എന്റെ ഭൂമി' എന്ന പേരില്‍ ഡിജിറ്റല്‍ സര്‍വേ ആരംഭിക്കാനും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ ഡിജിറ്റല്‍ സര്‍വേ നടന്ന 91 വില്ലേജിലും ഡിജിറ്റല്‍ സര്‍വേ പുരോഗമിക്കുന്ന 25 വില്ലേജിലും ഒഴികെ പരമ്പരാഗത സര്‍വേ നടത്തിയതടക്കമുള്ള 1550 വില്ലേജിലും നാലു വര്‍ഷത്തിനകം ഡിജിറ്റല്‍ സര്‍വേ നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.