ചാലക്കുടി: പത്താം വാർഷികം ആഘോഷമാക്കാൻ ആറ് ജീവനക്കാര്‍ക്ക് കിയ സെല്‍റ്റോസ് കാര്‍ സമ്മാനം നല്‍കി മലയാളി ദമ്പതികളുടെ ഐ.ടി. കമ്പനി. 'ജോബിൻ ആൻഡ് ജിസ്മി ഐ.ടി. സർവീസസ്' എന്ന കമ്പനിയാണ് മൊത്തം 1.10 കോടി രൂപ വില വരുന്ന ആറ് കിയ സെൽടോസ് കാറുകൾ മുതിർന്ന ജീവനക്കാർക്ക് നൽകിയത്.
തുടക്കം മുതലേ കമ്പനിക്കൊപ്പം ജോലി ചെയ്യുന്നവർക്കാണ് ഏതാണ്ട് 20 ലക്ഷം രൂപ വിലയുള്ള വാഹനം നൽകി ആദരിച്ചത്. രണ്ടു ജീവനക്കാരുമായി തുടങ്ങി പത്ത് വർഷത്തിനുള്ളിൽ 200 പേരുള്ള കമ്പനിയായി 'ജോബിൻ ആൻഡ് ജിസ്മി'യെ വളർത്തിയതിൽ ആറു പേരുടെയും പങ്ക് വിവരണാതീതമാണെന്ന് കമ്പനി സഹ സ്ഥാപകയും ചീഫ് ടെക്നോളജി ഓഫീസറുമായ എ.ഐ. ജിസ്മി പറഞ്ഞു.
ഈ വർഷത്തെ മികച്ച ജീവനക്കാരന് റോയൽ എൻഫീൽഡ് ബുള്ളറ്റും സമ്മാനിച്ചു. ചെന്നൈയിലെ 'കിസ് ഫ്ളോ' എന്ന ഐ.ടി. കമ്പനി, സൂറത്തിലെ വജ്രവ്യാപാര സ്ഥാപനമായ ഹരികൃഷ്ണ ഗ്രൂപ്പ് എന്നിവ ജീവനക്കാർക്ക് സമ്മാനമായി കാറുകൾ നൽകിയത് മുമ്പ് വാർത്തയായിട്ടുണ്ട്. ഈ ട്രെൻഡ് കേരളത്തിലേക്കും വരുന്നതിന്റെ സൂചനയാണ് 'ജോബിൻ ആൻഡ് ജിസ്മി'യുടേത്.
ഡിജിറ്റൽ ഉത്പന്നങ്ങളുടെ വിപണന ശൃംഖലയായ 'മൈജി', റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന 'ഹൈലൈറ്റ്' എന്നീ കേരള കമ്പനികൾ ഈയിടെ ജീവനക്കാർക്ക് കാർ സമ്മാനിച്ചിരുന്നു.
ചാലക്കുടിയിൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കമ്പനി, ക്ലൗഡ് അധിഷ്ഠിത ഇ.ആർ.പി. ആയ 'ഒറാക്കിൾ നെറ്റ് സ്യൂട്ടി'ന്റെ ഇന്ത്യയിലെ ഏറ്റവും വലിയ സേവനദാതാക്കളിലൊന്നാണ്. ജീവനക്കാരുടെ എണ്ണം നാലു വർഷത്തിനുള്ളിൽ 1,000 ആയി ഉയർത്തുകയാണ് ലക്ഷ്യമെന്ന് സഹ സ്ഥാപകനും സി.ഇ.ഒ.യുമായ ജോബിൻ ജോസ് പറഞ്ഞു.
ചാലക്കുടിയിൽ നിർമാണം പുരോഗമിക്കുന്ന പുതിയ കെട്ടിടത്തിൽ അടുത്ത വർഷം പകുതിയോടെ പ്രവർത്തനം ആരംഭിക്കുമെന്നും ഇതോടെ 300 പേർക്ക് കൂടി ജോലി നൽകാൻ സാധിക്കുമെന്നുമാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഇതിനുപുറമെ, മധുരയിലെ എൽകോട്ട് സെസ് ടൂവിൽ തമിഴ്നാട് സർക്കാർ നൽകിയ നാല് ഏക്കർ സ്ഥലത്ത് അടുത്ത വർഷം ആരംഭിക്കുന്ന ഡെവലപ്പ്മെന്റ് സെന്ററിൽ 500 പേർക്കും തൊഴിൽനൽകാൻ സാധിക്കുമെന്നും ജോബിൻ ഉറപ്പുനൽകുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.