ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; അട്ടിമറി വിജയവുമായി ഇടതു നേതാവ് ലുല ഡ സില്‍വ അധികാരത്തില്‍

ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; അട്ടിമറി വിജയവുമായി ഇടതു നേതാവ് ലുല ഡ സില്‍വ അധികാരത്തില്‍

റിയോ ഡി ജനീറോ: ബ്രസീല്‍ പ്രസിഡന്റും തീവ്ര വലതുപക്ഷ നേതാവുമായ ജൈര്‍ ബോല്‍സനാരോയ്‌ക്കെതിരേ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടി ഇടതു നേതാവ് ലുല ഡ സില്‍വ. രണ്ടു ഘട്ടമായി നടന്ന തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷമായ 50 ശതമാനത്തിലേറെ വോട്ടു നേടിയാണ് മുന്‍ പ്രസിഡന്റായ സില്‍വയുടെ വിജയം. രണ്ടാംഘട്ട വോട്ടെടുപ്പില്‍ സില്‍വ 50.8 ശതമാനം വോട്ടു നേടിയാണ് അധികാരത്തിലേറുന്നത്. ബോല്‍സനാരോക്ക് 49.17 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്.

ചിലി, കൊളംബിയ, അര്‍ജന്റീന എന്നിവിടങ്ങളിലെ ഇടത് മുന്നേറ്റത്തിന്റെ തുടര്‍ച്ചയാണ് ബ്രസീലിലെയും വിജയം. മൂന്നാം തവണയാണ് 77 വയസുകാരനായ ലുല ഡ സില്‍വ ബ്രസീല്‍ പ്രസിഡന്റാകുന്നത്. 2003 മുതല്‍ 2010 വരെയാണ് മുമ്പ് അദ്ദേഹം പ്രസിഡന്റായിരുന്നത്.

എന്നാല്‍ 2018 ല്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് ലുല ജയിലിലടക്കപ്പെട്ടു. ഇതേതുടര്‍ന്ന് 2018 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബോല്‍സനാരോയ്ക്ക് അനായാസ വിജയം നേടാനായി. അഴിമതിക്കേസില്‍ ജയിലില്‍ ആയിരുന്നതിനാല്‍ ലുലയ്ക്ക് മത്സരിക്കുന്നതിന് വിലക്കുണ്ടായിരുന്നു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയുടെ കരാര്‍ ജോലിയുമായി ബന്ധപ്പെട്ട് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ലുല തടവില്‍ കഴിയേണ്ടിവന്നത്. 580 ദിവസം അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടിവന്നു. ശിക്ഷാവിധി റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം രാഷ്ട്രീയ രംഗത്ത് തിരിച്ചെത്തിയത്. വിലക്കയറ്റം രൂക്ഷമായ ബ്രസീലില്‍ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുകയെന്ന വലിയ ഉത്തരവാദിത്തമാണ് ലുലയ്ക്ക് മുന്നിലുള്ളത്.

നാലു വര്‍ഷത്തെ വിവാദമായ ഭരണത്തിന് ഒടുവിലാണ് ബൊല്‍സൊനാരോയ്ക്ക് തിരിച്ചടി നേരിട്ടിരിക്കുന്നത്. 34 വര്‍ഷത്തിനിടെ ആദ്യമായാണ് അധികാരത്തിലിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.