ഗ്രീഷ്മയുടെ ആത്മഹത്യാ ശ്രമം; നെടുമങ്ങാട് സ്‌റ്റേഷനിലെ രണ്ട് വനിതാ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഗ്രീഷ്മയുടെ ആത്മഹത്യാ ശ്രമം; നെടുമങ്ങാട് സ്‌റ്റേഷനിലെ രണ്ട് വനിതാ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ പൊലീസ് സ്റ്റേഷനിലെ ശുചി മുറിയില്‍ നിന്ന് അണുനാശിനി കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് വനിത പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.

സുരക്ഷയൊരുക്കുന്നതില്‍ വീഴ്ച വരുത്തിയ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ സുമ, ഗായത്രി എന്നീ വനിതാ പൊലീസുകാരെയാണ് റൂറല്‍ എസ്.പി ഡി. ശില്‍പ സസ്‌പെന്‍ഡ് ചെയ്തത്. ഗുരുതര വീഴ്ചയാണ് ഇവരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് റൂറല്‍ എസ്.പി രാവിലെ വ്യക്തമാക്കിയിരിക്കുന്നു. സുരക്ഷാ പരിശോധന നടത്തിയ ശുചിമുറി അല്ല ഗ്രീഷ്മ ഉപയോഗിച്ചത്. മറ്റൊരു ശുചിമുറിയില്‍ കൊണ്ടുപോയത് ഗുരുതര വീഴ്ചയാണെന്നും ഡി. ശില്‍പ പറഞ്ഞിരുന്നു.

അതേസമയം കേസില്‍ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. നെടുമങ്ങാട് സ്റ്റേഷനില്‍ ആത്മഹത്യാ ശ്രമത്തിനെ തുടര്‍ന്ന് ചികിത്സയിലുള്ള ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഗ്രീഷ്മയുടെ മൊഴി ആശുപത്രിയിലെത്തി രേഖപ്പെടുത്തിയ ശേഷം മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഗ്രീഷ്മയുടെ ബന്ധുക്കള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന സംശയത്തിലാണ് പൊലീസ്.

ഈ സാഹചര്യത്തില്‍ ഗ്രീഷ്മയുടെ അമ്മയെയും അച്ഛനെയും അമ്മാവനെയും ബന്ധുവായ യുവതിയെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നാലു പേരെയും നാലിടത്താക്കിയാണ് ചോദ്യം ചെയ്യുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.