കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: എം.ടി. ക്ക് കേരള ജ്യോതി; മമ്മൂട്ടിക്ക് കേരള പ്രഭ

കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: എം.ടി. ക്ക് കേരള ജ്യോതി; മമ്മൂട്ടിക്ക് കേരള പ്രഭ

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നൽകുന്ന പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

എം.ടി. വാസുദേവന്‍ നായര്‍ക്കാണ് കേരള ജ്യോതി പുരസ്‌കാരം. ഓംചേരി എന്‍.എന്‍. പിള്ള, ടി. മാധവ മേനോന്‍, മമ്മൂട്ടി എന്നിവര്‍ക്കാണ് കേരള പ്രഭ പുരസ്‌കാരം.

വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവനക്കാണ് എം.ടി. പുരസ്‌കാരർഹനായത്. കല, നാടകം, സാമൂഹ്യ സേവനം, പബ്ലിക് സർവീസ് എന്നിവക്ക് ഓംചേരി എൻ.എൻ. പിള്ളയും സിവിൽ സർവീസ്, സാമൂഹ്യ സേവനം എന്നിവക്ക് ടി. മാധവമേനോനും അഭിനയ രംഗത്തെ സംഭാവനക്ക് മമ്മൂട്ടിയും കേരള പ്രഭ പുരസ്‌കാരത്തിനു അർഹമായി.

ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു-ശാസ്ത്രം), ഗോപിനാഥ് മുതുകാട് (സാമൂഹ്യ സേവനം, കല), കാനായി കുഞ്ഞിരാമൻ (കല), കൊച്ചൗസേഫ് ചിറ്റിലപ്പള്ളി (സാമൂഹ്യ സേവനം, വ്യവസായം), എം.പി. പരമേശ്വരൻ (ശാസ്ത്രം, സാമൂഹ്യ സേവനം), വൈക്കം വിജയലക്ഷ്മി (കല) എന്നിവർ കേരള ശ്രീ പുരസ്‌കാരത്തിനും അർഹരായി.

പ്രാഥമിക പരിശോധനാ സമിതി (സെക്രട്ടറിതല സമിതി) ദ്വിതീയ പരിശോധനാ സമിതി, അവാര്‍ഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണു പുരസ്‌കാര നിര്‍ണയം നടന്നത്. ദ്വിതീയ പരിശോധനാ സമിതി സമര്‍പ്പിച്ച ശുപാര്‍ശകള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ടി.കെ.എ. നായര്‍, ഡോ. ഖദീജ മുംതാസ് എന്നിവരടങ്ങുന്ന അവാര്‍ഡ് സമിതി പരിശോധിച്ചാണ് പ്രഥമ കേരള പുരസ്‌കാരങ്ങള്‍ക്കായി സര്‍ക്കാരിന് നാമനിര്‍ദേശം നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.